ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ജന്മനാട് വേദിയാകുമ്പോൾ വിപ്ലവഗായിക പി.കെ.മേദിനി ഇരട്ടി ആവേശത്തിലാണ്. പൊതുസമ്മേളന വേദിയായ അതുൽകുമാർ അഞ്ജാൻ നഗറിൽ (ആലപ്പുഴ ബീച്ച്) ചെങ്കൊടി ഉയർത്തിയത് മേദിനിയായിരുന്നു. 93 വയസിന്റെ അവശതയുണ്ടെങ്കിലും ആലപ്പുഴ ചെങ്കടലാകുമ്പോൾ മേദിനിക്ക് വിശ്രമിക്കാനാവില്ല. തന്റെ ശബ്ദത്തിൽ വിപ്ലവഗാനങ്ങൾ കേൾക്കാനായി കാതോർത്തിരിക്കുന്ന ജനസഞ്ചയത്തിന് മുന്നിലേക്ക് പ്രതിനിധി സമ്മേളനവേദിയിൽ ഇന്നു രാവിലെ അവർ എത്തും.
''എന്നെ ഞാനാക്കിയത് പ്രസ്ഥാനമാണ്. പ്രതിസന്ധി കാലങ്ങളിൽ പാർട്ടി ഒപ്പം നിന്നു'' മേദിനി പറഞ്ഞു. പന്ത്രണ്ടാം വയസിൽ പുന്നപ്ര-വയലാർ സമരകാലത്തെ പടപ്പാട്ടുകാരിയായി തുടങ്ങിയതാണ് മേദിനിയുടെ രാഷ്ട്രീയ ജീവിതം. 26-ാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം ലഭിച്ചു. ആയിരക്കണക്കിന് വേദികളിൽ വിപ്ലവഗാനങ്ങൾ പാടി ജനലക്ഷങ്ങളെ ആവേശത്തിലാഴ്ത്തിയ മേദിനി നാടകരംഗത്തും സജീവമായിരുന്നു.
അനിൽ വി.നാഗേന്ദ്രൻ സംവിധാനം ചെയ്ത 'വസന്തത്തിന്റെ കനൽവഴികൾ' എന്ന സിനിമയിൽ 81-ാം വയസിൽ നായികാവേഷം ചെയ്‌തു. ഇതേ സിനിമയിൽ സംഗീത സംവിധായികയും പിന്നണി ഗായികയുമായി. ഈ സിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട 'വീരവണക്കം' എന്ന തമിഴ് സിനിമ ഉടൻ തിയേറ്ററുകളിലെത്തും. 97 വയസുള്ള ചിരുത എന്ന വിപ്ലവ ഗായികയായി ഈ ചിത്രത്തിൽ മേദിനി വേഷമിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |