കാഠ്മണ്ഡു: സമൂഹ മാദ്ധ്യമ വിലക്കിനെതിരെ യുവജനങ്ങൾ (ജെൻ-സി) തുടങ്ങിയ പ്രക്ഷോഭം നേപ്പാൾ സർക്കാരിനെ മുട്ടുകുത്തിച്ച കാഴ്‌ചയാണ് ലോകം കാണുന്നത്. വിലക്കിയ 26 മാദ്ധ്യമങ്ങളും പുനഃസ്ഥാപിക്കുക മാത്രമല്ല പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയും അധികാരത്തിൽ നിന്ന് താഴെയിറക്കുകയും ചെയ്തു. യുവരോഷം ആളിക്കത്തുന്ന പ്രക്ഷോഭം നേപ്പാൾ ചരിത്രത്തിന്റെ തന്നെ കറുത്ത ഏടായി മാറുകയാണ്. ഇതിനിടെ രാജ്യത്തിനുവേണ്ടി പോരാടാൻ വർഷങ്ങൾക്കുമുൻപ് ഒരു വിദ്യാർത്ഥി ആഹ്വാനം ചെയ്ത വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഹോളി ബെൽ ഇംഗ്ളീഷ് സെക്കൻഡറി സ്‌കൂളിലെ ഹെഡ് ബോയി ആയ അബിസ്‌കർ റോട്ട് വാർഷിക പരിപാടിയിൽ സംസാരിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്.
'ഉള്ളിൽ പ്രതീക്ഷയുടെ അഗ്നിയുമായി ഒരു പുതിയ നേപ്പാൾ കെട്ടിപ്പടുക്കുക എന്ന സ്വപ്നവുമായാണ് ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നത്. എന്നാൽ എന്റെ സ്വപ്നം വഴുതിവീഴുന്നതായി തോന്നുകയാണ്. രാജ്യത്തിന്റെ ഭാവിയായ നിങ്ങൾ ഉയർന്നുവരിക, പ്രകാശിക്കുക. നിങ്ങളുടെ മുകളിൽ വട്ടമിട്ടിരിക്കുന്ന ഇരുട്ടിനെ മാറ്റി വെളിച്ചം വീശാൻ ഈ നിമിഷത്തെ സമർപ്പിക്കുന്നു. ചരിത്രത്തിന്റെ ഗതിയിൽ മഹത്തായ ഒരു മാറ്റം വരുത്താനാണ് ഞാനിന്ന് ഇവിടെ സന്നിഹിതനായിരിക്കുന്നത്.
നമ്മുടെ അമ്മയായ നേപ്പാൾ, ഈ രാജ്യം നമ്മെ പ്രസവിച്ചു, വളർത്തി. പക്ഷേ നമ്മളോട് എന്താണ് തിരിച്ച് ആവശ്യപ്പെട്ടത്? നമ്മുടെ സത്യസന്ധത, കഠിനാധ്വാനം എന്നിവ മാത്രം. പക്ഷേ നമ്മൾ എന്താണ് ചെയ്യുന്നത്? തൊഴിലില്ലായ്മയുടെ ചങ്ങലകളാൽ ബന്ധിതരായിരിക്കുന്നു, രാഷ്ട്രീയ പാർട്ടികളുടെ സ്വാർത്ഥ കളികളിൽ കുടുങ്ങിയിരിക്കുന്നു, നമ്മുടെ ഭാവിയുടെ വെളിച്ചം കെടുത്തിക്കളയുന്ന തരത്തിൽ അഴിമതി വളർന്നിരിക്കുന്നു.
നിങ്ങൾ ശബ്ദമുയർത്തിയില്ലെങ്കിൽ ആരാണ് ശബ്ദമുയർത്തുക? നിങ്ങൾ ഈ രാഷ്ട്രത്തെ കെട്ടിപ്പടുത്തില്ലെങ്കിൽ ആരാണ് ചെയ്യുക? ഇരുട്ടിനെ എരിച്ചുകളയുന്ന തീയാണ് നമ്മൾ. അനീതി തുടച്ചുനീക്കി സമൃദ്ധി കൊണ്ടുവരുന്ന കൊടുങ്കാറ്റാണ് നമ്മൾ. നമുക്ക് ഈ രാഷ്ട്രം നൽകാൻ രക്തം ചൊരിഞ്ഞ പൂർവ്വികരെ അനുസ്മരിച്ചുകൊണ്ട് രാജ്യത്തെ നഷ്ടപ്പെടുത്താതിരിക്കാം. നമ്മൾ തീയാണ്, എല്ലാ നിരാശയും കത്തിച്ചുകളയുന്ന തീ.
ഒന്നുകിൽ നിരാശയുടെ ഇരുട്ടിൽ മുങ്ങുക, അല്ലെങ്കിൽ പ്രതീക്ഷയുടെ സൂര്യനായി ഉദിക്കുക. നമ്മൾ ഈ രാജ്യത്തിന്റെ വിധി മാറ്റുമോ, അതോ അതിനെ ചങ്ങലകളിൽ തുടരാൻ അനുവദിക്കണമോ? ഞാൻ മരിച്ചാലും എന്റെ രാജ്യം നിലനിൽക്കും എന്ന ബീരേന്ദ്ര രാജാവിന്റെ വാക്കുകൾ നിങ്ങളുടെ ഹൃദയത്തിൽ വഹിക്കുകയും ചരിത്രത്തിന്റെ ഗതിയിൽ മാറ്റത്തിന്റെ സ്മാരകം കൊത്തിവയ്ക്കുകയും ചെയ്യുക. നേപ്പാൾ നമ്മുടേതാണ്, അതിന്റെ ഭാവി നമ്മുടെ കൈകളിലാണ്. ജയ് യുഗ! ജയ് നേപ്പാൾ!'- എന്നായിരുന്നു സ്‌കൂളിന്റെ 24ാമത് വാർഷിക പരിപാടിക്കിടെ വിദ്യാർത്ഥി ആഹ്വാനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |