SignIn
Kerala Kaumudi Online
Friday, 12 September 2025 4.37 AM IST

മോഹൻ ഭാഗവതിന് ഇന്ന് 75-ാം പിറന്നാൾ, പരിവർത്തനാത്മകമായ കാലഘട്ടം

Increase Font Size Decrease Font Size Print Page
mohan

ഇന്ന് സെപ്തംബർ 11. രണ്ടു വ്യത്യസ്ത ഓർമകൾ ഉണർത്തുന്നതാണ് ഈ ദിനം. ഇതിൽ ആദ്യത്തേത് 1893ലാണ്. സ്വാമി വിവേകാനന്ദൻ ഐതിഹാസികമായ ചിക്കാഗോ പ്രസംഗം നടത്തിയ ദിനം. 'അമേരിക്കയിലെ സഹോദരീസഹോദരന്മാരേ' എന്ന ചുരുക്കം ചില വാക്കുകളിലൂടെ അദ്ദേഹം സദസിലുണ്ടായിരുന്ന ആയിരക്കണക്കിനുപേരുടെ ഹൃദയം കീഴടക്കി. ഇന്ത്യയുടെ കാലാതീതമായ ആത്മീയ പൈതൃകവും സാർവത്രിക സാഹോദര്യത്തിനു നൽകുന്ന ഊന്നലും അദ്ദേഹം അന്നു ലോകവേദിക്കു പരിചയപ്പെടുത്തി. രണ്ടാമത്തേത്, ഭീകരതയുടെയും തീവ്രവാദത്തിന്റെയും ഭീഷണിയുടെ ഫലമായി, ഈ തത്വം തന്നെ ആക്രമിക്കപ്പെട്ട ഭയാനകമായ 9/11 ആക്രമണമാണ്. ശ്രദ്ധേയമായ മറ്റൊന്നുകൂടിയുണ്ട് ഈ ദിനത്തിന്റെ പ്രത്യേകതയായി. 'വസുധൈവ കുടുംബകം' എന്ന തത്വത്താൽ പ്രചോദിതനായി, തന്റെ ജീവിതം മുഴുവൻ സാമൂഹ്യപരിവർത്തനത്തിനും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മനോഭാവം ശക്തിപ്പെടുത്തുന്നതിനുംവേണ്ടി സമർപ്പിച്ച വ്യക്തിയുടെ ജന്മദിനം കൂടിയാണിന്ന്. രാഷ്ട്രീയ സ്വയംസേവക് സംഘവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിനുപേർ, അദ്ദേഹത്തെ പരമ പൂജ്യ സർസംഘചാലക് എന്ന് ആദരപൂർവം വിളിക്കുന്നു. പരാമർശിച്ചത് മോഹൻ ഭാഗവത് ജിയെക്കുറിച്ചാണ്. അദ്ദേഹത്തിന്റെ 75ാം ജന്മദിനം ആർ.എസ്.എസ് നൂറാം വാർഷികം ആഘോഷിക്കുന്ന അതേവർഷം തന്നെയാണ്. അദ്ദേഹത്തെ എന്റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നു. ഒപ്പം, അദ്ദേഹത്തിന്റെ ദീർഘായുസിനും ആരോഗ്യത്തിനുംവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. വളരെ ആഴമേറിയതാണു മോഹൻജിയുടെ കുടുംബവുമായുള്ള എന്റെ ബന്ധം. മോഹൻജിയുടെ പിതാവ്, പരേതനായ മധുകർറാവു ഭാഗവത് ജിയുമായി വളരെയടുത്തു പ്രവർത്തിക്കാൻ എനിക്കു ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്റെ പുസ്തകമായ ജ്യോതിപുഞ്ചിൽ അദ്ദേഹത്തെക്കുറിച്ചു ഞാൻ ധാരാളം എഴുതിയിട്ടുണ്ട്.

മോഹൻജി 1970കളുടെ മദ്ധ്യത്തിലാണു 'പ്രചാരക്' ആയത്. 'പ്രചാരക്' എന്ന വാക്കു കേൾക്കുമ്പോൾ, അതു പ്രചാരകനോ പ്രചാരണം നടത്തുതോ ആശയങ്ങൾ പ്രചരിപ്പിക്കുതോ ആയ ഒരാളെയാണ് സൂചിപ്പിക്കുന്നതെന്ന് ആരും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ, ആർ.എസ്.എസിന്റെ പ്രവർത്തനത്തെക്കുറിച്ച് അറിയാവുന്നവർക്ക് പ്രചാരകപാരമ്പര്യമാണു സംഘടനയുടെ പ്രവർത്തനത്തിന്റെ കാതലെന്നു മനസ്സിലാകും. കഴിഞ്ഞ നൂറുവർഷത്തിനിടയിൽ, ദേശസ്‌നേഹത്താൽ പ്രചോദിതരായി ആയിരക്കണക്കിനു ചെറുപ്പക്കാർ വീടും കുടുംബവും ഉപേക്ഷിച്ച് 'ഇന്ത്യ ആദ്യം' എന്ന ദൗത്യം സാക്ഷാത്കരിക്കുന്നതിനായി ജീവിതം സമർപ്പിച്ചു.

ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തിലായിരുന്നു ആർ.എസ്.എസിലെ അദ്ദേഹത്തിന്റെ പ്രാരംഭകാലം. അന്നത്തെ കോൺഗ്രസ് ഗവണ്മെന്റ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ സമയമായിരുന്നു അത്. ജനാധിപത്യതത്വങ്ങളെ വിലമതിക്കുകയും ഇന്ത്യ അഭിവൃദ്ധി പ്രാപിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ഓരോ വ്യക്തിയിലും, അടിയന്തരാവസ്ഥവിരുദ്ധപ്രസ്ഥാനത്തിനു കരുത്തുപകരുക എന്ന തോന്നൽ ശക്തമായിരുന്നു. മോഹൻജിയും അസംഖ്യം ആർ.എസ്.എസുകാരും നിർവഹിച്ചത് ഈ ദൗത്യമാണ്. മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളിലും പിന്നാക്കമേഖലകളിലും, പ്രത്യേകിച്ച് വിദർഭയിൽ, അദ്ദേഹം വലിയ തോതിൽ പ്രവർത്തിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അദ്ദേഹം അഖില ഭാരതീയ പ്രചാർ പ്രമുഖ് ആയി. 2000ൽ അദ്ദേഹം സർകാര്യവാഹായി. ഇവിടെയും, ഏറ്റവും സങ്കീർണമായ സാഹചര്യങ്ങളെ അനായാസമായും കൃത്യതയോടെയും കൈകാര്യം ചെയ്യുന്നതിനുള്ള അതുല്യമായ പ്രവർത്തനരീതി അദ്ദേഹം കൊണ്ടുവന്നു. 2009ൽ അദ്ദേഹം സർസംഘചാലക് ആയി, ഊർജസ്വലതയോടെ പ്രവർത്തനം തുടർന്നു.

സർസംഘചാലക് എന്നത്, സംഘടനാ ഉത്തരവാദിത്വത്തിനും അപ്പുറമാണ്. വ്യക്തിപരമായ ത്യാഗം, ലക്ഷ്യത്തിലെ വ്യക്തത, ഭാരതമാതാവിനോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധത എന്നിവയിലൂടെ മഹദ്‌വ്യക്തികൾ ഈ ചുമതലയെ നിർവചിച്ചിട്ടുണ്ട്. മഹത്തായ ഈ ഉത്തരവാദിത്വത്തോടു പൂർണനീതി പുലർത്തുന്നതിനൊപ്പം, സ്വന്തം ശക്തിയും ബൗദ്ധിക ആഴവും സഹാനുഭൂതി നിറഞ്ഞ നേതൃത്വവും മോഹൻജി അതിലേക്കു സമന്വയിപ്പിച്ചു. 'രാഷ്ട്രം ആദ്യം' എന്ന തത്വത്താൽ പ്രചോദനം ഉൾക്കൊണ്ടതാണ് ഇവയെല്ലാം. മോഹൻജി തന്റെ ഹൃദയത്തോടു ചേർത്തുവച്ചിരിക്കുന്നതും തന്റെ പ്രവർത്തനശൈലിയിൽ ഉൾക്കൊണ്ടിരിക്കുന്നതുമായ രണ്ടു ഗുണങ്ങളെക്കുറിച്ചു ഞാൻ പറയുകയാണെങ്കിൽ, തുടർച്ചയും സാഹചര്യങ്ങളോടു പൊരുത്തപ്പെടലുമാണ്. നാമെല്ലാം അഭിമാനിക്കുന്ന കാതലായ പ്രത്യയശാസ്ത്രത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതെ, അതോടൊപ്പം, സമൂഹത്തിന്റെ വികസിച്ചുവരുന്ന ആവശ്യങ്ങൾ അഭിസംബോധന ചെയ്ത്, വളരെ സങ്കീർണമായ പ്രവാഹങ്ങളിലൂടെ അദ്ദേഹം എല്ലായ്‌പ്പോഴും സംഘടനയെ നയിച്ചു. യുവാക്കളുമായി അദ്ദേഹത്തിനു സ്വാഭാവികമായ ബന്ധമുണ്ട്. അതിനാൽ, കൂടുതൽ യുവാക്കളെ സംഘപരിവാറുമായി സംയോജിപ്പിക്കുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതുചർച്ചകളിലും ജനങ്ങളുമായി നേരിട്ടുള്ള ഇടപഴകലുകളിലും അദ്ദേഹത്തെ നിരന്തരം കാണാറുണ്ട്. ചലനാത്മകവും ഡിജിറ്റലുമായ ഇന്നത്തെ ലോകത്ത് ഇത് ഏറെ ഗുണം ചെയ്തിട്ടുണ്ട്. വിശാലമായി പറഞ്ഞാൽ, ആർഎസ്എസിന്റെ 100 വർഷത്തെ യാത്രയിലെ ഏറ്റവും പരിവർത്തനാത്മകമായ കാലഘട്ടമായി ഭാഗവത്ജിയുടെ കാലം കണക്കാക്കപ്പെടും. മോഹൻജിയുടെ വ്യക്തിത്വത്തിലെ പ്രശംസനീയമായ മറ്റൊരു ഗുണം അദ്ദേഹത്തിന്റെ മൃദുഭാഷണ സ്വഭാവമാണ്. കേൾക്കാനുള്ള അസാധാരണമായ കഴിവിനാൽ അദ്ദേഹം അനുഗൃഹീതനാണ്.

ഭാഗവത്ജി എല്ലായ്‌പ്പോഴും 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്നതിന്റെ കരുത്തുറ്റ വക്താവായിരുന്നു. ഇന്ത്യയുടെ വൈവിദ്ധ്യത്തിലും നമ്മുടെ നാടിന്റെ ഭാഗമായ നിരവധി വ്യത്യസ്ത സംസ്‌കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ആഘോഷത്തിലും അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. തിരക്കേറിയ സമയക്രമത്തിലും, സംഗീതം, ഗാനാലപനം തുടങ്ങിയ ഇഷ്ടങ്ങൾ പിന്തുടരാൻ മോഹൻജി എപ്പോഴും സമയം കണ്ടെത്തി. വിവിധ ഇന്ത്യൻ സംഗീത ഉപകരണങ്ങളിൽ വൈദഗ്ദ്ധ്യമുള്ള വ്യക്തിയാണ് അദ്ദേഹം എന്നു ചുരുക്കം ചിലർക്കു മാത്രമേ അറിയൂ. വായനയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം അദ്ദേഹത്തിന്റെ നിരവധി പ്രസംഗങ്ങളിലും ഇടപെടലുകളിലും കാണാൻ കഴിയും.

ഈ വർഷം, ഏതാനും ദിവസങ്ങൾക്കുള്ളിൽ, ആർ.എസ്.എസിനു 100 വയസ് തികയുകയാണ്. ഈ വർഷം, വിജയദശമി, ഗാന്ധിജയന്തി, ലാൽ ബഹാദൂർ ശാസ്ത്രിജയന്തി, ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങൾ എന്നിവ ഒരേ ദിവസമാണെന്നതു സന്തോഷകരമായ യാദൃച്ഛികതയാണ്. ഭാരതമാതാവിനെ സേവിക്കുന്നതിനായി, ഒരിക്കൽകൂടി ഞാൻ, മോഹൻജിക്ക് ദീർഘായുസും ആരോഗ്യസമൃദ്ധമായ ജീവിതവും ആശംസിക്കുന്നു.

TAGS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.