മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയിരുന്നു മരണം. ഇയാൾക്ക് കരൾ സംബന്ധമായ അസുഖങ്ങൾ കൂടി ഉണ്ടായിരുന്നു. മരുന്നുകളോടൊന്നും ശരീരം പ്രതികരിച്ചിരുന്നില്ല. ഷാജിയ്‌ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.
സംസ്ഥാനത്ത് ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം മൂലമുള്ള ആറാമത്തെ മരണമാണിത്. ഓഗസ്റ്റ് പതിനാറാം തീയതി താമരശ്ശേരി സ്വദേശിനിയായ ഒമ്പതുവയസുകാരി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. പിന്നാലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം സമാന രോഗം ബാധിച്ച് മരിച്ചിരുന്നു.
കഴിഞ്ഞ ദിവസവും മരണം സ്ഥിരീകരിച്ചിരുന്നു. വണ്ടൂർ തിരുവാലി കോഴിപ്പറമ്പ് എളേടത്തുകുന്ന് വാപ്പാടൻ രാമന്റെ ഭാര്യ എം ശോഭന (56) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശോഭനയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്ന ശോഭനയ്ക്ക് മൈക്രോബയോളജി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കിണർ വെള്ളത്തിൽ നിന്നാവാം രോഗമുണ്ടായതെന്ന സംശയത്തിൽ ക്ലോറിനേഷൻ നടത്തിയിരുന്നു.
നിലവിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് പതിനൊന്നുപേരാണ് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലുള്ളവരാണിവർ. ഇതിൽ പത്തുപേർ മെഡിക്കൽ കോളേജിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയ്‌ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
അമീബിക് മസ്തിഷ്ക ജ്വരം പടരുന്ന സാഹചര്യത്തിൽ കോർപ്പറേഷനും തദ്ദേശ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന ജല സ്രോതസുകളും കുളങ്ങളും ക്ലീൻ ചെയ്യാൻ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |