ദോഹ : ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി ഖത്തർ. ആക്രമണത്തെ എല്ലാ ജി.സി.സി രാജ്യങ്ങളും അപലപിച്ചിട്ടുണ്ട്, യു.എ.ഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദോഹയിലെത്തിയിട്ടുണ്ട്. സൗദി കിരീടാവകാശിയും ഖത്തറിലേക്ക് വരുന്നുണ്ട്. നാളെ മുഹമ്മദ് ബിൻ സൽമാൻ ദോഹയിലെത്തുമെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ജോർദ്ദാൻ കിരീടാവകാശി ഹുസൈൻ ഇന്ന് രാത്രിയോടെ ഖത്തറിലെത്തും.
അതേസമയം ആക്രമണം മുൻകൂട്ടി അറിയിച്ചെന്ന യു.എസ് വാദത്തെ ഖത്തർ തള്ളി. ഇസ്രയേൽ സമാധാന ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുകയാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി കുറ്റപ്പെടുത്തി. ഇസ്രയേലിന് തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭരണകൂട ഭീകരത പ്രയോഗിക്കുകയാണെന്ന് ആരോപിച്ചു. എന്നാൽ ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള മദ്ധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
അതിനിടെ ഖത്തർ സൈനികമായി നീങ്ങുന്നത് ഒഴിവാക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ട്. ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഇത്തരം ആക്രമണം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് അമേരിക്ക ഉറപ്പു നൽകി. ചൊവ്വാഴ്ച വടക്കൻ ദോഹയിലെ ഹമാസ് ആസ്ഥാനത്തുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 5 ഹമാസ് അംഗങ്ങളും ഖത്തർ സുരക്ഷാ സേനാംഗവും കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |