ഇടുക്കി: റേഷൻ നിഷേധിക്കപ്പെട്ട മറിയക്കുട്ടിക്ക് സാധനങ്ങൾ എത്തിച്ചുനൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. റേഷൻ വാങ്ങാനെത്തിയപ്പോൾ കടയുടമ സാധനങ്ങൾ നൽകിയില്ലെന്നും ബിജെപിക്കാരുടെ കടയിൽപ്പോകൂവെന്ന് പറഞ്ഞെന്നുമാണ് മറിയക്കുട്ടിയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കും ജില്ലാ സപ്ലൈ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് സുരേഷ് ഗോപി സാധനങ്ങൾ എത്തിച്ചുനൽകിയത്. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
'റേഷന്‍ കടയില്‍ വിലക്ക് നേരിട്ട മറിയക്കുട്ടി ചേടത്തിക്ക് വേണ്ട സാധനങ്ങൾ സുരേഷ് ഗോപി ഫാൻസ് ആന്റ് വെൽഫെയർ അസോസിയേഷൻ, ഇടുക്കി ഡിസ്‌ട്രിക്‌ട് കമ്മിറ്റി എത്തിച്ചിട്ടുണ്ട്'- എന്ന കുറിപ്പോടെ മറിയക്കുട്ടിക്ക് സാധനങ്ങൾ എത്തിച്ചുനൽകിയതിന്റെ ചിത്രങ്ങളടക്കം ടീം സുരേഷ് ഗോപി പങ്കുവച്ച പോസ്റ്റ് ആണ് കേന്ദ്രമന്ത്രി ഷെയർ ചെയ്തിരിക്കുന്നത്.
അടുത്തിടെ കോൺഗ്രസ് വിട്ട് മറിയക്കുട്ടിയ്ക്ക് ബിജെപിയിൽ ചേർന്നിരുന്നു. 'ഇത് കോൺഗ്രസുകാരുടെ കടയാണ്, മേലാൽ വരരുതെന്ന് അവിടെച്ചെന്നപ്പോൾ പറഞ്ഞു. നിങ്ങൾക്ക് ബിജെപിക്കാരന്റെ കടയുണ്ടെന്ന് പറഞ്ഞു. കോൺഗ്രസുകാരനാണ് പറഞ്ഞത്. കോൺഗ്രസിന്റെ നല്ല ഭീഷണിയാണെനിക്ക്. ഞാൻ പോയി പണി നോക്കാൻ പറഞ്ഞു.'- എന്നായിരുന്നു മറിയക്കുട്ടിയുടെ ആരോപണം.
ഓണത്തലേന്നാണ് അടിമാലി നഗരത്തിലുള്ള റേഷൻ കടയിൽ മറിയക്കുട്ടി എത്തിയത്. അതേസമയം, റേഷൻ കടയിലെ ജീവനക്കാരൻ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവ ദിവസം മറിയക്കുട്ടി റേഷൻ കടയിൽ എത്തിയിരുന്നു. എന്നാൽ നല്ല തിരക്കായിരുന്നു. മാത്രമല്ല അന്ന് സെർവർ തകരാറുമായിരുന്നു. ഇടയ്ക്കിടെ തകരാർ മാറുമായിരുന്നു. ആ സമയത്ത് ആദ്യം വന്നവർക്ക് റേഷൻ കൊടുക്കുകയാണ് ചെയ്തത്. കാത്തിരിക്കാൻ തയ്യാറാവാതെ മറിയക്കുട്ടി മടങ്ങുകയായിരുന്നുവെന്നും റേഷൻ കടയിലെ ജീവനക്കാരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |