തിരുവനന്തപുരം: ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേരളം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഒരേയൊരു പൊതുമേഖലാ ബാങ്കായ എസ്ബിടി എസ്ബിഐയില്‍ ലയിച്ചത്. ഇപ്പോഴിതാ കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടപ്പെടാനുള്ള സാദ്ധ്യതയാണ് കാണുന്നത്. ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ എത്രയും വേഗം വിറ്റ് തീര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുന്നതിന് പിന്നില്‍.
കേരളത്തില്‍ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കാത്തലിക് സിറിയന്‍ ബാങ്ക് (പഴയ പേര്) ആണ് ഇപ്പോള്‍ ലയനത്തിലേക്ക് പോകാനുള്ള വഴി തെളിയുന്നത്. ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ നിരവധി കമ്പനികള്‍ രംഗത്തുണ്ട്. ഇന്ത്യന്‍ വംശജനായ കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വത്സയുടെ ഫെയര്‍ഫാക്‌സ് ഗ്രൂപ്പാണ് സാദ്ധ്യതാ പട്ടികയില്‍ മുന്നിലുള്ളത്. കോട്ടക് മഹീന്ദ്ര, എമിറേറ്റ്‌സ് എന്‍ബിഡി, ഓക്ട്രീ ക്യാപിറ്റല്‍ എന്നിവരും സജീവമായി തന്നെ രംഗത്തുണ്ട്.
ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ വാങ്ങുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്ലിയറന്‍സും ഈ ഗ്രൂപ്പുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഒരുലക്ഷം കോടി രൂപ വിപണിമൂല്യമുള്ള ബാങ്കാണ് ഐഡിബിഐ ബാങ്ക്. സിഎസ്ബി ബാങ്കിന്റെ വിപണിമൂല്യം 6,400 കോടി രൂപയും.
കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്ന സ്വകാര്യ ബാങ്കായ ഐഡിബിഐ ബാങ്കിനെ കരകയറ്റുന്ന നടപടികളുടെ ഭാഗമായി ആയിരുന്നു കേന്ദ്രവും എല്‍ഐസിയും ഓഹരി പങ്കാളിത്തവും നിയന്ത്രണവും ഏറ്റെടുത്തത്. ബാങ്കിന്റെ പ്രവര്‍ത്തന മേല്‍നോട്ടം വഹിക്കുന്ന എല്‍ഐസിക്ക് 49.24 ശതമാനവും കേന്ദ്രത്തിന് 45.48 ശതമാനവുമാണ് നിലവില്‍ ഓഹരി പങ്കാളിത്തം.
സിഎസ്ബിയില്‍ നിലവില്‍ 40 ശതമാനം ഓഹരി പങ്കാളിത്തം ഫെയര്‍ഫാക്‌സ് ഗ്രൂപ്പിനുണ്ട്. എന്നാല്‍ ഐഡിബിഐയുടെ ഓഹരികള്‍കൂടി അവര്‍ സ്വന്തമാക്കിയാല്‍ മൊത്തം ഓഹരി പങ്കാളിത്തം കുറയ്‌ക്കേണ്ടി വരും. ഒരേ സമയം രണ്ട് ബാങ്കുകളുടെ പ്രൊമോട്ടര്‍ ആകുന്നതിന് അനുമതി ലഭിക്കില്ലെന്നതിനാലാണ് ഫെയര്‍ഫാക്‌സ് ഗ്രൂപ്പാണ് ഓഹരി സ്വന്തമാക്കുന്നതെങ്കില്‍ സിഎസ്ബി ലയനത്തിലേക്ക് പോകുന്നതിന് സാദ്ധ്യത തെളിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |