മനുഷ്യന്റെ സഹജീവി സ്‌നേഹത്തിന് മികച്ച ഉദാഹരണമാണ് നമ്മുടെ അരുമ മൃഗങ്ങൾ. നായ്‌ക്കളും പൂച്ചകളും കന്നുകാലികളും മുതൽ കിളികളെ വരെ ലാളിച്ച് വളർത്തുന്നവർ ധാരാളമുണ്ട്. പലപ്പോഴും അവയ്‌ക്ക് വരുന്ന രോഗവും മരണവും പലരെയും വല്ലാതെ തളർത്തും. ആശങ്കകളും ബുദ്ധിമുട്ടുകളും നിറഞ്ഞ ജീവിതത്തിൽ പലപ്പോഴും ആശ്വാസമാണ് അരുമമൃഗങ്ങൾ. ഇവയ്‌ക്ക് രോഗങ്ങൾ വരുമ്പോൾ ചികിത്സിയ്‌ക്കാൻ മതിയായ സൗകര്യം നമ്മുടെ നാട്ടിൽ ഇനിയും പൂർണതോതിൽ നടപ്പായിട്ടില്ല.
മൃഗാശുപത്രികളും പരിപാലന കേന്ദ്രങ്ങളും ഓരോ നാട്ടിലും ഉണ്ടെങ്കിലും പലപ്പോഴും ചെറിയ രോഗം വന്നാൽപോലും മൃഗങ്ങളുടെ ജീവൻ നഷ്‌ടമാകുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇത്തരം പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാകുകയാണ്. കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് നായകളടക്കം അരുമമൃഗങ്ങൾക്കും കന്നുകാലികൾക്കും രക്തം വേണ്ടത്ര ലഭിക്കുന്നതിനും മറ്റുമായി ഒരു രക്തബാങ്ക് സൗകര്യം വേണ്ടതാണെന്ന ആവശ്യം ഇപ്പോൾ അംഗീകരിച്ചിരിക്കുകയാണ്.
മൃഗങ്ങൾക്ക് രക്തദാനത്തിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പ്രവർത്തന മാർഗരേഖയും ഒപ്പം ഇന്ത്യയിലെ മൃഗങ്ങൾക്കായുള്ള രക്തബാങ്കുകളെക്കുറിച്ചുമുള്ള വിവരങ്ങളും മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ലോക നായദിനമായ ഓഗസ്റ്റ് 26നാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
രക്തദാതാക്കളെ തിരഞ്ഞെടുക്കുന്നതും ഒപ്പം രക്ത ശേഖരണം, രക്തത്തിലെ ഘടകങ്ങളുടെ ശേഖരണം, രക്തവിതരണത്തിലെ നടപടിക്രമങ്ങൾ അവയുടെ മേൽനോട്ടം എന്നിവ സംബന്ധിച്ച് നടപടികൾ കാര്യക്ഷമമാക്കാനും അതിനായി സുരക്ഷിതമായ മുൻകരുതലുകൾ ഉറപ്പുവരുത്താനും സർക്കാരിന്റെ ഈ നടപടി സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
സർക്കാർ നിയന്ത്രിത വെറ്റിനറി രക്തബാങ്കുകൾ
സർക്കാർ നിയന്ത്രിത വെറ്റിനറി രക്തബാങ്കുകൾ ആണ് ഈ മാർഗ്ഗനിർദ്ദേശമനുസരിച്ച് ഉണ്ടാകുക. ജൈവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നതും രക്തഗ്രൂപ്പുകൾ യോജിക്കുന്നതിന് പൊരുത്തക്കേടുകൾ തടയാൻ വിശദപരിശോധനയുമെല്ലാം ഇവിടെയുണ്ടാകും. രക്‌തം നൽകുന്ന മൃഗങ്ങളുടെ രജിസ്ട്രേഷൻ, നിരീക്ഷണം, പ്രതികൂലമായ പ്രതികരണങ്ങളുടെ റിപ്പോർട്ടിംഗ് എന്നിവയെല്ലാം മാർഗനിർദ്ദേശങ്ങളനുസരിച്ച് രേഖപ്പെടുത്താൻ സൗകര്യമുണ്ടാകും.
ദേശീയ വെറ്റിനറി ബ്ളഡ് ബാങ്ക് നെറ്റ്‌വർക്ക്
ഡിജിറ്റൽ രജിസ്‌ട്രറി, എമർജൻസി ഹെൽപ്‌ലൈൻ എന്നിവയടങ്ങിയ ഒരു ദേശീയ വെറ്റിനറി ബ്ളഡ് ബാങ്ക് നെറ്റ‌്‌വർക്ക് (എൻ-വിബിബിഎൻ) സ്ഥാപിക്കാനും മന്ത്രാലയം ശുപാർശ ചെയ്യുന്നുണ്ട്. കോശങ്ങളും കലകളുമടക്കം സൂക്ഷിക്കുന്നതിനുള്ള ക്രയോപ്രിസർവേഷൻ, രക്തദാതാവ്-സ്വീകർത്താവ്-മാച്ചിംഗ് ആപ്പുകൾ എന്നിവക്കൊപ്പം വെറ്റിനറി പഠന പരിശീലനവും ഇതുവഴി ലക്ഷ്യമിടുന്നു.
നായകളിൽ 13 അംഗീകൃത രക്ത ഗ്രൂപ്പുകൾ
ഡോഗ് എറിത്രോസൈറ്റ് ആന്റിജൻ (ഡിഇഎ) അനുസരിച്ച് നായകളിൽ 13 അംഗീകൃത രക്ത ഗ്രൂപ്പുകളുണ്ട്. ഇതിൽ ഡിഇഎ 1.1, 1.2, 7 എന്നിവ വളരെ പ്രധാനമാണ്. ഡിഇഎ 1.1 നെഗറ്റീവ്, 1.2 നെഗറ്റീവ്, ഏഴ് നെഗറ്റീവ് എന്നിവർ സാർവത്രിക ദാതാക്കളാണ്. ഈ ആന്റിജനുകളില്ലാത്ത ഗ്രേഹൗണ്ട് എന്ന ഇനത്തിൽ പെട്ട നായ്‌ക്കൾ ഇത്തരത്തിൽ മികച്ച രക്തദാതാക്കളാണ്. എന്നാലും രക്തദാനത്തിന് മുൻപ് അവ യോജിക്കുന്ന ഗ്രൂപ്പാണെന്ന് ഉറപ്പുവരുത്തണം.
ഇന്ത്യ പോലെ മൃഗങ്ങൾ സംസ്‌കാരത്തിന്റെ ഭാഗമായതും മൃഗ സൗഹൃദവുമായ രാജ്യത്ത് എന്നാൽ മൃഗങ്ങളുടെ ആശുപത്രി, പരിചരണ വിഭാഗങ്ങൾ ഇപ്പോഴും ഏറെ പിന്നാക്കാവസ്ഥയിലാണ്. നായ്‌ക്കളിൽ സ്ഥിരം കാണുന്ന കിഡ്‌നി രോഗങ്ങളടക്കം പ്രശ്‌നങ്ങളിൽ രക്തദാനം പുറം രാജ്യങ്ങളിൽ മികവുള്ളതാണെങ്കിലും ഇന്ത്യയിൽ അത് വളരെ പിന്നാക്കമാണ്.
ഇന്ത്യയിലെ മൃഗസൗഹൃദ ആശുപത്രികൾ
ഡൽഹിയിൽ രാജ്യതലസ്ഥാന മേഖലയിൽ മാക്‌സ്പെറ്റ്സ് എന്നൊരു സ്വകാര്യ മൃഗാശുപത്രി മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ആശുപത്രിയ്‌ക്ക് ഒന്നിലേറെ ശൃംഖലയും മേഖലയിലുണ്ട്. മുംബയ്, ബംഗളൂരു പോലെ വലിയ നഗരങ്ങളിൽ വാട്‌സാപ്പ് പോലെ മൃഗസ്‌നേഹി ഗ്രൂപ്പുകളുടെ കൂട്ടായ്‌മ ഇവിടെ അരുമ മൃഗങ്ങളുടെ ക്ഷേമത്തിന് പ്രവർത്തിക്കുന്നു.
പഞ്ചാബിലും ഹരിയാനയിലുമായി ഗുരു അംഗദ് ദേവ് വെറ്റനറി ആന്റ് ആനിമൽ സയൻസസ് സർവകലാശാല പ്രവർത്തിക്കുന്നുണ്ട്. ഹിസാറിൽ ലാജ്‌പുത് റായി വെറ്റിനറി ആന്റ് ആനിമൽ സയൻസസ് സർവകലാശാലയും പ്രവർത്തനക്ഷമമാണ്. ഇവിടങ്ങളിൽ ആനിമൽ ബ്ളഡ് ബാങ്കുകൾ പ്രവർത്തിക്കുന്നു. രക്തം, പ്ളാസ്‌മ, പ്ളേറ്റ്‌ലറ്റുകൾ, എന്നിങ്ങനെ ആവശ്യമായവ നായ്‌ക്കൾക്ക് മാത്രമല്ല പശുക്കൾ, എരുമകൾ, ചെമ്മരിയാട്, ആടുകൾ എന്നിവയ്‌ക്കും നൽകുന്നു.
കന്നുകാലി വളർത്തലും നായകളും പൂച്ചകളും എന്തിന് ആനകളെ വരെ വളർത്തുന്ന കേരളമടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ഈ നടപടി ആശ്വാസമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |