കോഴിക്കോട്: സൈബർ അക്രമങ്ങളെ പേടിയില്ല, രാഹുൽ മാങ്കൂട്ടത്തിലിന്റേത് അടഞ്ഞ അദ്ധ്യായമാണ്. അതിന്റെ പേരിൽ എന്തുവേട്ടയാടലുണ്ടായാലും അഭിമുഖീകരിക്കും. ആനുകാലിക സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് കേരള കൗമുദിയോട് സംസാരിക്കവെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
@ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട
വിവാദങ്ങൾ തുടരുകയാണല്ലോ?
രാഹുൽ വിഷയം അടഞ്ഞ അദ്ധ്യായമാണ്. ഈ പാർട്ടി സി.പി.എമ്മല്ല. ഒരു പരാതിയും ഇല്ലാതിരുന്നിട്ടും സ്ത്രീകൾക്കെതിരായ വിഷയം ഉയർന്നപ്പോൾ പാർട്ടി പ്രാഥമിക അംഗത്തിൽ നിന്നുവരെ സസ്‌പെൻഡ് ചെയ്തു. അത് പ്രതിപക്ഷ നേതാവെടുത്തതല്ല. കോൺഗ്രസ് ആലോചിച്ച് ചെയ്തതാണ്. അതിന് എ.ഐ.സി.സിയുടെ പിന്തുണയുമുണ്ട്.
@ നിയമസഭാ സമ്മേളനത്തിൽ
രാഹുലുണ്ടാവുമോ..?
അത് അദ്ദേഹത്തിന്റെ തീരുമാനം. നിലവിൽ അദ്ദേഹം കോൺഗ്രസിലില്ല. കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടേയും ഭാഗമല്ല. വരാം വരാതിരിക്കാം. പക്ഷെ വരരുതെന്ന നിർദ്ദേശം കോൺഗ്രസ് നൽകിയിട്ടില്ല. ഒരു വിഷയമുണ്ടായപ്പോൾ മറ്റേതൊരു പാർട്ടിയും എടുക്കാത്ത നടപടി സ്വീകരിച്ചു. സ്ത്രീകൾക്ക് അത്രമേൽ ബഹുമാനം നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്.
@ വലിയ സൈബർ അക്രമങ്ങളാണ് താങ്കൾക്കെതിരെ
പാർട്ടിയിലെ ഒരുവിഭാഗം പ്രവർത്തകരിൽ നിന്ന് ഉയരുന്നത്?
അവരൊക്കെ പാർട്ടി പ്രവർത്തകരാണെന്ന് കരുതുന്നില്ല. പക്ഷെ കോൺഗ്രസ് ഗ്രൂപ്പുകളിലാണ് വരുന്നതെന്നത് ശരിയാണ്. എനിക്കതിൽ പേടിയൊന്നുമില്ല. സതീശനായിട്ട് ഒന്നും ചെയ്തിട്ടില്ല. കോൺഗ്രസിൽ ഒരു വലിയ യുവനിര ഉയർന്നുവരുന്നുണ്ട്. അവരെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ആരെങ്കിലും ഒരു തെറ്റു ചെയ്‌തെന്നുകരുതി എല്ലാവരും മോശക്കാരാവുന്നില്ലല്ലോ.
@ പൊലീസ് അതിക്രമങ്ങളിൽ താങ്കളുടെ നിലപാട്
ദുർബലമാണെന്ന് ആക്ഷേപമുണ്ട്?
ആരോപണം ആർക്കും ഉന്നയിക്കാം. എന്നോട് ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുന്നുണ്ട്. ഒരു ചോദ്യത്തിൽ നിന്നും ഒളിച്ചോടുന്നില്ല. എന്നാൽ ഇതിലേതെങ്കിലും ചോദ്യം കേരളത്തിലെ മുഖ്യമന്ത്രിയോട് ചോദിക്കാൻ ധൈര്യമുണ്ടോ. ആരാണ് അക്രമകാരികളായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത്, ആരാണ് ഇവിടെ ആഭ്യന്തരമന്ത്രി. ഗുണ്ടകളായ പൊലീസുകാരെ സേനയിൽ നിന്ന് പുറത്താക്കുക എന്നതിനപ്പുറത്ത് ഞങ്ങൾക്ക് മറ്റൊരാവശ്യവുമില്ല. അത് നിയമസഭയ്ക്കകത്തും പുറത്തും ഒരു പോലെ പ്രതിഫലിക്കും.
@ നിയമസഭാ സമ്മേളനം
കലുഷിതമാവുമോ...?
നിയമ സഭയിൽ കസേരയെടുത്തെറിഞ്ഞ് അക്രമം നടത്തുന്ന പാർട്ടിയല്ല കോൺഗ്രസും യു.ഡി.എഫും. എന്നാൽ ശക്തമായ പ്രതിഷേധമുണ്ടാവുമെന്നതിൽ സംശയം വേണ്ട. കേരളം എല്ലാ മേഖലകളിലും തകർന്നടിഞ്ഞിരിക്കുകയാണ്. കഞ്ഞികുടിക്കാൻപോലും കാശില്ലാത്ത ഖജനാവായി മാറി. പൊലീസ് അഴിഞ്ഞാട്ടം നടക്കുമ്പോൾ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി തികഞ്ഞ മൗനത്തിലാണ്. ആ മൗനം നിയമസഭയിൽ ചോദ്യം ചെയ്യപ്പെടും.
@ മുഖ്യമന്ത്രിയുടെ വിരുന്നിൽ
പങ്കെടുത്തത് വിവാദമായി...?
ഇതിനുമുമ്പ് വലിയ കോലാഹലങ്ങളുണ്ടാകുമ്പോഴും പ്രതിപക്ഷത്തിരുന്ന് കരുണാകരനും ആന്റണിയും ഉമ്മൻചാണ്ടിയുമെല്ലാം ഇത്തരം വിരുന്നുകളിൽ പങ്കെടുത്തിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയിലാണ് പോയത്. കരുണാകരനും നായനാരും രാഷ്ട്രീയമായി വലിയ പോരിലേർപ്പെടുമ്പോഴും കേരളത്തിൽ നല്ല സുഹൃത്തുക്കളായിരുന്നു. ഞാനും പിണറായിയും സുഹൃത്തുക്കളല്ലെങ്കിലും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |