യു.എ.ഇ ടീമിലെ മലയാളി ഓപ്പണർ അലിഷാൻ ഷറഫു കേരള കൗമുദിയോട് സംസാരിക്കുന്നു
തിരുവനന്തപുരം : യു.എ.ഇ ദേശീയ ടീമിന്റെ കുപ്പായമണിയുമ്പോൾ അലിഷാൻ ഷറഫു എന്ന കണ്ണൂരുകാരന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഇന്ത്യൻ ടീമിനെതിരെ കളിക്കുകയെന്നത്. കഴിഞ്ഞ ദിവസം ഏഷ്യാകപ്പിലൂടെ ആ സ്വപ്നം സഫലമായെന്നുമാത്രമല്ല മത്സരത്തിൽ യു.എ.ഇ ടീമിന്റെ ടോപ് സ്കോററാകാനും അലിഷാന് കഴിഞ്ഞു.
വലം കയ്യൻ ബാറ്ററായ ഈ 22കാരൻ 17 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 22 റൺസ് നേടിയാണ് യു.എ.ഇ ടീമിന്റെ ടോപ് സ്കോററായത്.ആകെ 57 റൺസാണ് യു.എ.ഇയ്ക്ക് നേടാനായത്. ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് എതിരെയാണ് ആദ്യമത്സരം എന്നറിഞ്ഞപ്പോൾ മുതൽ ത്രില്ലിലായിരുന്നുവെന്ന് അലിഷാൻ പറയുന്നു. സ്വന്തം രാജ്യത്തിനെതിരെ മറ്റൊരു രാജ്യത്തിന്റെ കുപ്പായമണിഞ്ഞ് കളിക്കാനിറങ്ങുമ്പോൾ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. മനസിനെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടി. ലോകത്തിലെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യയെന്നതിൽ അഭിമാനമുണ്ടെന്നും അലിഷാൻ പറഞ്ഞു.
കണ്ണൂർ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും പഴയങ്ങാടി വാടിക്കൽ റുഫൈസയുടെയും മകനാണ് അലിഷാൻ. ചെറുപ്പം മുതൽ യു.എ.ഇയിലാണ്. അണ്ടർ -19 തലത്തിൽ യു.എ.ഇയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ ആദ്യ താരവും അലിഷാനാണ്. സീനിയർ തലത്തിൽ 54 ട്വന്റി-20കളും 24 ഏകദിനങ്ങളും യു.എ.ഇയ്ക്ക് വേണ്ടി കളിച്ചു. ഏകദിനത്തിൽ ഒരു അർദ്ധ സെഞ്ച്വറിയടക്കം 369 റൺസ് നേടിയിട്ടുണ്ട്. ട്വന്റി-20യിലാണ് കൂടുതൽ മികവ്. ഒൻപത് അർദ്ധസെഞ്ച്വറികളടക്കം 1271 റ ൺസ്. 2020ലാണ് യു.എ.ഇ സീനിയർ ടീമിൽ അരങ്ങേറിയത്. പിന്നീട് നായകനായ മലയാളി താരം സി.പി റിസ്‌വാനും അന്ന് ടീമിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |