SignIn
Kerala Kaumudi Online
Saturday, 13 September 2025 5.35 AM IST

സിംഗപ്പൂർ കൈരളീ കലാനിലയത്തിന്റെ 'അന്തിത്തോറ്റം' നാടകം നാളെ തിരുവനന്തപുരത്ത്

Increase Font Size Decrease Font Size Print Page
drama

തിരുവനന്തപുരം: സിംഗപ്പൂർ എന്ന നഗരരാജ്യത്തിന്റെ പഴയ പേരാണ് തെമാസെക്ക്. പതിറ്റാണ്ടുകൾക്ക് മുൻപേ മലയാളികൾ താമസമുറപ്പിച്ച തെക്കൻ ഏഷ്യൻ തീരത്തെ ഈ ചെറു ദ്വീപരാജ്യത്ത് ഉയിരാർന്ന ഒരു മലയാള നാടകം ഭാരതത്തിന്റെ മണ്ണിൽ പര്യടനത്തിലേക്ക്. 1956ൽ രൂപം കൊണ്ട 'സിംഗപ്പൂർ കൈരളി കലാ നിലയം' എന്ന മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 2023 ലെ വാർഷിക നാടക മേളയായ 'ഇനാക്ട്'ൽ നിറഞ്ഞ സദസ്സിൽ ആദ്യാവതരണം നടത്തിയ 'അന്തിത്തോറ്റം' എന്ന നാടകമാണ് ജന്മഭൂമിയുടെ തട്ടകത്തിലേക്ക് ചുവട് വെച്ച് കയറാൻ ഒരുങ്ങുന്നത്. പ്രമുഖരായ എല്ലാ രചയിതാക്കളുടെയും സമിതികളുടെയും പ്രശസ്തങ്ങളായ ഒട്ടനവധി നാടകങ്ങൾ വർഷാവർഷം രംഗത്ത് അവതരിപ്പിച്ചു വിജയിപ്പിച്ച സിംഗപ്പൂർ കൈരളി കലാ നിലയം, 2023 ഇൽ അവിടെ തന്നെ അണിയിച്ചൊരുക്കിയ അന്തിത്തോറ്റം മൂന്നു ദിവസങ്ങളിൽ വിഖ്യാതമായ ഗുഡ്മാൻ ആർട്ട് സെന്ററിൽ നിറഞ്ഞ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു എന്നത് സിംഗപ്പൂർ നാടക ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തയൊരു വസ്തുതയാണ്.

രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസിപ്പട്ടാളക്കാരാൽ വധിയ്ക്കപ്പെട്ട ഏക ഇന്ത്യൻ പൗരനും മലയാളിയുമായ മുച്ചിലോട്ടു മാധവന്റെ കഥയാണ് അന്തിത്തോറ്റം പറയുന്നത്. മാധവനെ പാരിസിൽ വെച്ച് ജർമ്മൻ അധിനിവേശസേന വെടിവെച്ചു കൊല്ലുന്നതിനു മുൻപുള്ള ഏതാനും മണിക്കൂറുകൾ നീളുന്ന അയാളുടെ ആത്മസംഘർഷങ്ങളിലൂടെയാണ് അന്തിത്തോറ്റത്തിന്റെ പ്രയാണം. പ്രവാസിയായി പാരിസിൽ എത്തിയ മാധവൻ, തന്റെ അസ്തിത്വത്തിനും കൂറിനും മദ്ധ്യേയുള്ള സങ്കീർണതകളുടെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്നു. മാധവന്റെ ചോദ്യങ്ങൾക്ക് അയാളുടെ മനസാക്ഷി ശാസ്ത്തപ്പൻ തെയ്യത്തിന്റെ രൂപഭാവത്തിൽ വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നു. തെയ്യവും മാധവനുമായുള്ള സംവാദങ്ങൾ അന്തിത്തോറ്റത്തിന്റെ കാതലായി മാറുന്നു. അതിലൂടെ മാധവൻ മരണം എന്ന പ്രപഞ്ച സത്യത്തെ അറിയുന്നു, അതിനപ്പുറമുള്ള തലങ്ങളിലേയ്ക്ക് ഉയരുവാൻ വഴിയൊരുങ്ങുന്നു.

മലയാളം മുഖ്യ ഭാഷയായും ഒപ്പം ഫ്രഞ്ച്, ജർമ്മൻ ഭാഷകളുടെ സന്നിവേശവും ഒത്തുചേരുന്ന അന്തിത്തോറ്റത്തിന്റെ രചന നടത്തിയിരിക്കുന്നത് ബാംഗ്ലൂർ നിവാസിയായ അനിൽ രോഹിത്തും സംവിധാനം ചെയ്തിരിക്കുന്നത് സിംഗപ്പൂർ നിവാസിയായ ശ്രീകാന്ത് മേനോനുമാണ്. വേദിയിലും അണിയറയിലും അണിനിരക്കുന്നവർ എല്ലാവരും സിംഗപ്പൂരിലെ സ്ഥിര താമസക്കാരായ മലയാളി കലാകാരന്മാരും കലാകാരികളുമാണ് എന്ന പ്രത്യേകതയും അന്തിത്തോറ്റത്തിന് സ്വന്തം. ഉദ്ഘാടന പ്രദർശനം കഴിഞ്ഞു രണ്ടു വർഷങ്ങൾക്കിപ്പുറം വരുന്ന സെപ്‌തം‌ബർ 13 നു തിരുവനന്തപുരത്ത് ശ്രീ സൂര്യ കൃഷ്ണ മൂർത്തിയുടെ ശ്രീഗണേശം എന്ന ബ്ലാക്ക് ബോക്സ് തിയേറ്ററിൽ അരങ്ങേറുന്ന നാടകം, തുടർന്നുള്ള വാരാന്ത്യത്തിൽ ബാംഗളൂരിലെ ജാഗ്രിതി തിയേറ്ററിൽ സെപ്‌തം‌ബർ 20 നും , ചെന്നൈയിലെ മേടൈ തിയേറ്ററിൽ സെപ്‌തം‌ബർ 21 നും അരങ്ങേറും. ബാംഗ്ലൂരിൽ ഫെയിമ മലയാളി സംഘടനയും ചെന്നൈയിൽ ദക്ഷിണ എന്ന കലാസാസ്‌കാരിക കൂട്ടായ്മയാണ് അന്തിത്തോറ്റം അരങ്ങിൽ എത്തിക്കുന്നത്. മാധവന്റെ ഓർമ്മദിവസമാണ് സെപ്‌തം‌ബർ 21 എന്നതും ഒരു പ്രത്യേകതയാണ്.

TAGS: ART, ART NEWS, SINGAPORE, KAIRALI KALANILAYAM, DRAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.