തിരുവനന്തപുരം: ക്യാൻസറിന് കാരണമാകുന്ന കോശങ്ങളെ സൂഷ്മതയോടെ കണ്ടെത്തി നശിപ്പിക്കാൻ നാനോ ഉപകരണം വികസിപ്പിച്ച് മലയാളി വനിത. യു.എസിൽ ഹ്യൂസ്റ്റണിലെ ബെയ്ലർ കോളേജ് ഒഫ് മെഡിസിനിലെ പോസ്റ്റ്ഡോക്ടറൽ അസോസിയേറ്റ് ഡോ.ജലധര ശോഭനനാണ് ഈ നേട്ടത്തിനുടമ. പേറ്റന്റിനായി കാത്തിരിക്കുകയാണ്. തിരുവനന്തപുരം കേശവദാസപുരം കൊല്ലവിള സ്വദേശിയായ മുപ്പത്തിരണ്ടുകാരി ഹ്യൂസ്റ്റണിലാണ് താമസം.
500 മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ള കുഞ്ഞൻ ഉപകരണമാണ്. സിലിക്ക വഴിയാണ് ശരീരത്തിലേക്ക് കടത്തിവിടുന്നത്. ഫോട്ടോ സെൻസിറ്റൈസർ എന്ന ഡ്രഗും അൾട്രാ-സെൻസിറ്റീവ് ഓക്സിജൻ സെൻസറും ഇതിൽ ഉൾപ്പെടുന്നു. പ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ ഫോട്ടോസെൻസിറ്റൈസർ ഒരുതരം ഹാനികരമായ ഓക്സിജൻ(സിംഗ്ലറ്റ് ഓക്സിജൻ) നിർമ്മിച്ച് പുറപ്പെടുവിക്കും. ഈ ഓക്സിജനെ സെൻസർ ശേഖരിച്ച് കേടായ കോശങ്ങളെ നശിപ്പിക്കും. തൊട്ടടുത്ത കോശങ്ങൾക്ക് കേടുവരാതെ നോക്കാൻ നാനോ ഉപകരണത്തിന് സാധിക്കും. തത്സമയം അതു നിരീക്ഷിക്കാനാവും. നിലവിലെ സെൻസറുകളെക്കാൾ പ്രകാശത്തോട് 270 മടങ്ങ് സംവേദനക്ഷമതയുണ്ട്.
ക്യാൻസർ മുൻകൂട്ടി കണ്ടെത്താൻ ലിക്വിഡ് ബയോപ്സി പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ മാർഗവും ജലധര കണ്ടെത്തി. രക്തത്തിൽ പത്തിൽ താഴെ ക്യാൻസർ കോശങ്ങൾ ഉണ്ടെങ്കിൽ പോലും കണ്ടെത്താനാവും. ഈ കണ്ടെത്തലിന് ജാപ്പനീസ് ഫോട്ടോകെമിസ്ട്രി അസോസിയേഷൻ രസതന്ത്ര പുരസ്കാരം നൽകി ആദരിച്ചു. ഇലക്ട്രോണിക്ക് ഉപകരണങ്ങളിലും മെഡിക്കൽ ഇമേജിംഗിലും ഉപയോഗിക്കുന്ന ചില നാനോ വസ്തുക്കൾ വിഷാംശമുള്ള പദാർത്ഥങ്ങൾ പുറംതള്ളുന്നതിനെക്കുറിച്ചും പഠനം നടത്തി.
ശാസ്ത്രജ്ഞയാവാൻ
കൊതിച്ച സ്കൂൾകുട്ടി
സ്കൂൾ വിദ്യാഭ്യാസം പട്ടം കേന്ദ്രീയവിദ്യാലയത്തിലായിരുന്നു. അന്നുമുതലേ ശാസ്ത്രജ്ഞയാവുക ജലധരയുടെ സ്വപ്നമായിരുന്നു. വിമൻസ് കോളേജിൽ കെമിസ്ട്രിയിൽ ബിരുദ പഠനം. എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. പൂനെ നാഷണൽ കെമിക്കൽ ലബോറട്ടറി, ഹൈദരാബാദ് സർവകലാശാല എന്നിവിടങ്ങളിലായി ഗവേഷണം. ജപ്പാനിലെ ഹോക്കൈഡോ സർവകലാശാലയിൽ നിന്ന് എൺവയൺമെന്റൽ മെറ്റീരിയൽസ് സയൻസിൽ പി.എച്ച്ഡിയും നേടി. 2022ലാണ് യു.എസിലേയ്ക്ക് പോയത്. അച്ഛൻ ശോഭനൻ(റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ),അമ്മ ബീന. സഹോദരൻ മോഹിത്. ഇവരെല്ലാം നാട്ടിലാണ്.
എങ്ങനെയാണ് ഗവേഷണ മേഖലയിൽ എത്തുകയെന്ന് പഠനകാലത്ത് അറിയില്ലായിരുന്നു. അദ്ധ്യാപകരോട് ചോദിച്ചും വായനയിലൂടെയും വഴി കണ്ടെത്തി
-ജലധര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |