തൃശ്ശൂർ: മുഖംമൂടി ധരിപ്പിച്ച് കെഎസ്‌യു പ്രവർത്തകരെ കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ നടപടി നേരിട്ട എസ്എച്ചോ ഷാജഹാന് ഭീഷണിയുമായി കെഎസ്‌യു. കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റാണ് ഗോകുൽ ഗുരുവായൂരാണ് കാലടിച്ചൊടിക്കുമെന്ന് പൊലീസിനു നേരെ ഭീഷണി മുഴക്കിയത്. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെഎസ്‌യു പ്രവർത്തകർ മാർച്ച് നടത്തുന്നതിനിടെയാണ് എസ്‌എച്ച്‌ഒ ഷാജഹാനെ അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തതത്.
'നീ എന്നെങ്കിലും ആ കാക്കി ഊരിയാൽ, പൊന്നുമോനെ ഷാജഹാനേ നീ പുറത്ത് ഇറങ്ങിക്കഴിഞ്ഞാൽ മുട്ടുകാൽ കെ.എസ്.യു കമ്മിറ്റി അടിച്ചൊടിക്കും എന്ന് പറയാനാണ് ഈ വേദി ഉപയോഗിക്കുന്നത്. ഇനി പിണറായി വിജയൻ വന്ന് നിന്നാലും നിന്നെ പണിയും. അതിന് ഇനി 90 അല്ല 200 അല്ല ജീവിതകാലം മുഴുവൻ ജയിലിൽ അടക്കപ്പെട്ടാലും നിന്നെ ഞങ്ങൾ വിടില്ല. കെ.എസ്.യുവിന്റെ ജില്ലാ വൈസ് പ്രസിഡന്‍റിനെയാണ് നീ ഇത്തരത്തിൽ അപമാനിച്ചത്' ഇങ്ങനെയായിരുന്നു ഗോകുലിന്റെ പ്രസംഗം.
ഇൻസ്‌പെക്ടർ ഷാജഹാനെതിരായ പ്രതിഷേധത്തിനിടെയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. പൊലീസിന്റെ നടപടികളെ വിമർശിച്ച് പ്രതിപക്ഷ നേതാവും രംഗത്തെത്തിയിട്ടുണ്ട്. ചേലക്കരയിൽ എസ്എഫ്ഐയുമായുള്ള സംഘർഷത്തിനിടെയാണ് കെഎസ്‌യുവിന്റെ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായത്. പ്രവർത്തകരെ മുഖംമൂടി ധരിച്ച് കോടതിയിൽ ഹാജരാക്കാനുള്ള പൊലീസിന്റെ തീരുമാനത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഇന്നലെ ഇൻസ്‌പെക്ടർ ഷാജഹാനെതിരെ കെഎസ്‌യു ഒരു മാർച്ച് സംഘടിപ്പിച്ചിരുന്നു. പ്രതികാര നടപടിയെന്നോണമാണ് അറസ്റ്റിലായ പ്രവർത്തകരെ മുഖംമൂടി ധരിച്ച് പോലീസ് കോടതിയിൽ ഹാജരാക്കിയതെന്നാണ് വിമർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |