ഓരോ സെമസ്റ്ററിലും നേടേണ്ടത് 75% മാർക്ക്
തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്സ് ഒരു സെമസ്റ്റർ നേരത്തേ പൂർത്തിയാക്കാൻ ഓരോ സെമസ്റ്ററിലും 75ശതമാനത്തിലേറെ ഗ്രേഡ് പോയിന്റ് ആവറേജിൽ മാർക്ക് നേടണമെന്ന വ്യവസ്ഥ വിദ്യാർത്ഥികളെ വലയ്ക്കുന്നു.
അക്കാഡമിക്, കരിയർ അഭിരുചിക്കനുസരിച്ച് പാഠ്യവിഷയങ്ങൾ തിരഞ്ഞെടുക്കാനാവാത്തതും കടുപ്പമേറിയ മൂല്യനിർണയവുമാണ് വിനയാവുന്നത്. തുടക്കത്തിൽ 85% മാർക്കായിരുന്നു വ്യവസ്ഥയെങ്കിലും കുട്ടികളുടെ പരാതി കാരണം 75% ആക്കി കുറയ്ക്കുകയായിരുന്നു. ഇത് 65ശതമാനത്തിലേക്ക് താഴ്‌ത്തണമെന്നാണ് കുട്ടികളുടെ ആവശ്യം.
സമർത്ഥർക്ക് അവസാന സെമസ്റ്റർ പഠനമൊഴിവാക്കി രണ്ടര വർഷം (5സെമസ്റ്റർ) കൊണ്ട് ഡിഗ്രിയും മൂന്നര വർഷം (7സെമസ്റ്റർ) കൊണ്ട് ഓണേഴ്സും നേടാനാവുന്ന എൻ-മൈനസ് വൺ സംവിധാനം സർവകലാശാലകളിൽ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ സെമസ്റ്ററുകളിൽ 30ശതമാനം പാഠഭാഗങ്ങൾ പോലും പഠിപ്പിക്കാത്തതാണ് 75% മാർക്കു നേടാനുള്ള പ്രധാന കടമ്പ. കേരള സർവകലാശാലയിൽ രണ്ടാം സെമസ്റ്ററിൽ 90അദ്ധ്യയന ദിവസങ്ങൾ വേണ്ടിടത്ത് 35ദിവസമേ ക്ലാസുണ്ടായുള്ളൂ. അദ്ധ്യാപകർക്ക് അടിക്കടി സിലബസ്,ചോദ്യക്കടലാസ് ശിൽപ്പശാലകളാണ്. പുസ്തകമില്ലാതെ പഠിക്കേണ്ട ഗതികേടിലാണ് കുട്ടികൾ. പുതിയ സിലബസായതിനാൽ അച്ചടിച്ച പുസ്തകമില്ല.3000-4000രൂപവിലയുള്ള വലിയ അന്താരാഷ്ട്ര ഗ്രന്ഥങ്ങളാണ് റഫറൻസ്.ഇവ ലൈബ്രറികളിൽ പോലുമില്ല. അദ്ധ്യാപകർ പ്രസക്തമായ പേജുകളുടെ ഫോട്ടോകോപ്പിയെടുത്ത് കുട്ടികൾക്ക് നൽകുകയാണ്.
രണ്ടാം സെമസ്റ്റർ ക്ളാസ് മുക്കാൽ ഭാഗവും പൂർത്തിയായപ്പോൾ സിലബസ് മാറിയിരുന്നു. സിലബസ് പഠിപ്പിച്ച് തീർക്കാതെയായിരുന്നു പരീക്ഷ.ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷൻ എടുത്തു പഠിക്കാമെന്നതാണ് കോഴ്സിന്റെ പ്രത്യേകതയെങ്കിലും മിക്ക കോളേജുകളിലും കോഴ്സ് ബാസ്കറ്റുകളിൽ ഇഷ്ട വിഷയം കിട്ടാറില്ല. അദ്ധ്യാപകരുടെ ലഭ്യതയും ജോലിഭാരവുമടക്കം കണക്കിലെടുത്താണ് കോളേജുകളിലെ കോഴ്സ് ബാസ്കറ്റുകൾ. കോളേജുകളില്ലാത്ത 2കോഴ്സുകൾ ഓൺലൈനായോ മറ്റ് കോളേജുകളിലോ പഠിക്കാമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടിയായിട്ടില്ല.
7സെമസ്റ്ററിൽ
കോഴ്സ് തീർക്കാം
എട്ട് സെമസ്റ്റർ ദൈർഘ്യമുള്ള കോഴ്സ് ഏഴ് സെമസ്റ്ററിൽ പൂർത്തിയാക്കാവുന്ന രീതിയിലാണ് എൻ-മൈനസ് വൺ സംവിധാനം നടപ്പാക്കിയത്. ആറ് സെമസ്റ്റർ അടങ്ങിയ മൂന്നു വർഷ ബിരുദ കോഴ്സ് ഇതേ മാതൃകയിൽ അഞ്ച് സെമസ്റ്റർ കാലയളവിലും പൂർത്തിയാക്കാം.
രണ്ടാം സെമസ്റ്ററിന്‍റെ അവസാനത്തിൽ ഇതിനായി അപേക്ഷിക്കണം. നാലുവർഷ ബിരുദ കോഴ്സിന്റെ മാനദണ്ഡപ്രകാരമുള്ള 42ക്രെഡിറ്റുകൾ ആദ്യ രണ്ട് സെമസ്റ്ററിലുമായി നേടേണ്ടതുണ്ട്.
അധിക ക്രെഡിറ്റ്
ഓൺലൈനായും
കോഴ്സ് നേരത്തേ പൂർത്തിയാക്കാനാവശ്യമായ അധിക ക്രെഡിറ്റുകൾ ഓൺലൈൻ കോഴ്സുകളിലൂടെയും നേടാം. യു.ജി.സിയുടെ ‘സ്വയം’ അടക്കമുള്ള പ്ലാറ്റ്ഫോമുകളിലെ കോഴ്സുകളും പഠിക്കാം. മൂന്നു മുതൽ ഏഴുവരെ സെമസ്റ്ററുകളിൽ ശരാശരി 8ക്രെഡിറ്റുകൾ വീതം അധികം നേടേണ്ടതുണ്ട്. സ്വയം പിൻമാറാനും വിദ്യാർത്ഥികൾക്ക് അവസരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |