കൊച്ചി: വൃത്തികേട് കാട്ടുന്ന ഒരുത്തനും കേരളത്തിൽ കാക്കിയിട്ട് നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെ.എസ്.യു നേതാക്കളെ കൈയാമം വച്ച് തലയിൽ കറുത്ത തുണിയിട്ട് കോടതിയിൽ ഹാജരാക്കിയ പൊലീസ് നടപടിക്കെതിരെ കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.യു നേതാക്കൾ തീവ്രവാദികളോ കൊടുംകുറ്റവാളികളോ ആണോ. രാജാവിനേക്കാൾ രാജഭക്തികാട്ടുന്ന പൊലീസ് ഉദ്യോഗസ്ഥർ സേനയിലുണ്ട്. എല്ലാ വൃത്തികേടുകൾക്കും അഴിമതിക്കും കൂട്ടുനിൽക്കുന്നവരാണ് ഈ ഉദ്യോഗസ്ഥർ.അവർക്ക് പാർട്ടി സംരക്ഷണം നൽകുന്നതു കൊണ്ടാണ് നേതാക്കളുടെ ആവശ്യ പ്രകാരം കെ.എസ്.യുക്കാരെ കള്ളക്കേസിൽ കുടുക്കി തീവ്രവാദികളെപ്പോലെ കോടതിയിൽ ഹാജരാക്കിയത്. രാജഭക്തി കാട്ടുന്ന ഉദ്യോഗസ്ഥർ ചെവിയിൽ നുള്ളിക്കോ. പണ്ടൊക്കെ എല്ലാം പൊറുക്കുമായിരുന്നു. മുഖ്യമന്ത്രി ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണിൽ തലപൂഴ്ത്തി നിൽക്കുകയാണ്. ഭരണാധികാരിക്ക് ചേർന്നതല്ല ഈ മൗനം. മുഖ്യമന്ത്രിക്ക് സംസാരിക്കാൻ ഭയവും പേടിയുമാണ്. കേട്ടുകേൾവിയില്ലാത്ത വൃത്തികേടുകളും അരാജകത്വവും അതിക്രമങ്ങളുമാണ് കേരളത്തിൽ നടക്കുന്നത്. കേരളത്തിലെ പൊലീസിനെ തീവ്രവാദികളെപ്പോലെ മുഖ്യമന്ത്രി മാറ്റിയെന്നും സതീശൻ പറഞ്ഞു.
പൊലീസിന് ഭ്രാന്ത്
പിടിച്ചു: ചെന്നിത്തല
കൊച്ചി: കേരള പൊലീസിന് ഭ്രാന്ത് പിടിച്ചതിന് തെളിവാണ് കെ.എസ്.യു നേതാക്കളെ മുഖം മൂടിയിട്ട് കോടതിയിൽ ഹാജരാക്കിയതെന്ന് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു കാലത്ത് സ്കോട്ട്ലൻഡ് യാർഡിനോട് താരതമ്യപ്പെടുത്തിയ കേരള പൊലീസ് ജനവിരുദ്ധ പ്രസ്ഥാനമായി മാറി. പൊലീസ് അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭമുണ്ടാകും.
തൃശൂരിൽ കപ്പലണ്ടി വിറ്റുനടന്നയാൾ കോടീശ്വരനായത് സി.പി.എമ്മിലൂടെയാണെന്ന് പറഞ്ഞത് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയാണ്. ആ പാർട്ടിയിലെ അഴിമതിയുടെ ഒരറ്റം മാത്രമാണിത്. തൃശൂർ ജില്ലയിലെ ഇവരുടെ അഴിമതികളെക്കുറിച്ച് പ്രത്യേക അന്വേഷണം വേണം.അയ്യപ്പ സംഗമം, ന്യൂനപക്ഷസംഗമം തുടങ്ങിയ പല പേരുകളിലുള്ള സർക്കാരിന്റെ വർഗീയ അജൻഡ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടിമുറിയിലെ അതിക്രമങ്ങൾക്കെതിരെ
പോരാടാൻ സി.പി.ഐയും ചേരണം: എം.എം.ഹസൻ
തൃശൂർ: ഇടിമുറിയിലെ അതിക്രമങ്ങൾക്കെതിരെയുള്ള കോൺഗ്രസ് പോരാട്ടത്തിനൊപ്പം സി.പി.ഐയും ചേരണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.പൊലീസ് മർദ്ദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ അദ്ദേഹം വീട്ടിലെത്തി സന്ദർശിച്ചു.തിങ്കളാഴ്ച വിവാഹിതനാകുന്ന സുജിത്തിനും സഹധർമ്മിണി തൃഷ്ണയ്ക്കും വിവാഹ സമ്മാനം കൈമാറി.കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ,ഡി.സി.സി സെക്രട്ടറിമാരായ സിജോ കടവിൽ,സി.ഐ ഇറ്റിമാത്യു,നഗരസഭ കൗൺസിലർ ലെബീബ് ഹസൻ,വർഗീസ് ചൊവ്വന്നൂർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
സംഭവത്തിനു പിന്നിൽ
കഴിഞ്ഞമാസം 18ന് എസ്.എഫ്.ഐ നേതാക്കളായ ആദിത്യൻ, എൽദോസ് എന്നിവരെ മുള്ളൂർക്കര റെയിൽവെ ഗേറ്റ് പരിസരത്ത് ആക്രമിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്ത കെ.എസ്.യു പ്രവർത്തകരെ മുഖംമൂടിയും കൈവിലങ്ങും അണിയിച്ചാണ് കോടതിയിൽ ഹാജരാക്കിയത്. ഇതിനെതിരെ വടക്കാഞ്ചേരി എസ്.എച്ച്.ഒ ഷാജഹാന് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഷോക്കോസ് നോട്ടീസ് നൽകി.
കെ.എസ്.യു തൃശൂർ ജില്ലാ ഭാരവാഹികളായ ആറ്റൂർ ഇറങ്ങോടത്ത് ഗണേഷ് കുമാർ (23), വാഴക്കോട് വളവ് കുറുപ്പംതൊടിയിൽ അൽ അമീൻ (23), വാഴക്കോട് കോലോത്തുകുളം മുഹമ്മദ് അസ്ലം (22) എന്നിവരെയാണ് മുഖംമൂടിയും വിലങ്ങും അണിയിച്ച് കോടതിയിൽ ഹാജരാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |