
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ബോർഡ് ഗുരുതര കുറ്റകൃത്യം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയിരിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യണം. ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാർക്ക് കാലാവധി നീട്ടി നൽകാനാണ് സർക്കാർ ശ്രമം. സർക്കാരിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് തട്ടിപ്പുകൾ നടന്നത്. അമ്പലക്കള്ളന്മാർക്ക് കുടപിടിക്കുകയാണ് അവർ. നിലവിലെ ദേവസ്വം പ്രസിഡന്റിന്റെയും ബോർഡിന്റെയും ഭാഗത്തുനിന്ന് നിയമ വിരുദ്ധ ഇടപെടലുണ്ടായെന്നു വ്യക്തം. കോടതിയെ കബളിപ്പിക്കാൻ നിലവിലെ ബോർഡ് ശ്രമിച്ചെന്ന സംശയവും ഹൈക്കോടതി വിധിയിലുണ്ട്. ശബരിമലയിലെ സ്വർണം ഉൾപ്പെടെയുള്ള വസ്തുക്കൾ കോടതി നിരീക്ഷണത്തിൽ പരിശോധിച്ച്, മൂല്യനിർണയം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ശബരിമല അന്വേഷണം
സി.ബി.ഐയ്ക്ക് വിടണം :
ചെന്നിത്തല
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയ്ക്കു രാജ്യാന്തര കള്ളക്കടത്ത് സംഘവുമായി ബന്ധമെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കേസ് സിബിഐയ്ക്കു കൈമാറണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല .
കോടികളുടെ സ്വർണം കവർച്ച ചെയ്യപ്പെട്ട കേസിൽ വളരെ അവധാനതയോടെയുള്ള അന്വേഷണമാണ് നടക്കുന്നത്. കവർച്ച നടന്ന കാലയളവിലെ ദേവസ്വം പ്രസിഡന്റുമാർ, അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കും അന്വേഷിക്കണം.
സിനിമാക്കഥകളെ വെല്ലുന്ന രീതിയിലാണ് ശബരിമല സ്വർണക്കവർച്ച നടന്നിരിക്കുന്നത്. ദേവസ്വം ബോർഡിലെ ഉന്നതരടക്കമറിഞ്ഞ് പുറത്തു നിന്നൊരാൾ വന്ന് പട്ടാപ്പകൽ സ്വർണപ്പാളികൾ സ്വർണം അടിച്ചു മാറ്റുകയാണ്. സ്വർണം പൂശാനെന്ന പേരിൽ ഭക്തജനങ്ങളിൽ നിന്നു പിരിച്ചെടുത്ത കോടികളുടെ കഥ വേറെ.നിലവിലെ അന്വേഷണം കുറച്ചു പേരെ ബലിയാടാക്കി കൂടുതൽ പേരെ രക്ഷിക്കാനുള്ള ശ്രമം മാത്രമാണ്.
സ്വർണം പൂശിയ മേൽക്കൂര വരെ ഇളക്കിക്കൊണ്ടുപോയി വീണ്ടും അറ്റകുറ്റപ്പണി നടത്താൻ ഉത്തരവിറങ്ങിയെന്നാണ് മനസിലാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അന്വേഷണ സംഘം
ബന്ധനത്തിൽ:
സണ്ണിജോസഫ്
തിരുവനന്തപുരം:ശബരിമല സ്വർണ്ണതട്ടിപ്പ് അന്വേഷിക്കാൻ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ കരങ്ങൾ ആഭ്യന്തര വകുപ്പ് ബന്ധിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് . മുഖ്യമന്ത്രിയും പൊളിറ്റിക്കൽ സെക്രട്ടറിയുമാണ് അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നീതിപൂർവ്വമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് ഭയമാണ്. അന്വേഷണം സി.പി.എം നേതാക്കളിലേക്ക് കടന്നാൽ ഉദ്യോഗസ്ഥരുടെ സർവീസിനെ തന്നെ ബാധിക്കുമെന്ന ഭീഷണിയുണ്ട്. അതിനാലാണ് ദേവസ്വം ബോർഡ് അംഗങ്ങളുടെയും സി.പി.എം രാഷ്ട്രീയ നേതൃത്വത്തിന്റെയും പങ്ക് പകൽ പോലെ വ്യക്തമായിട്ടും അന്വേഷണം അവരിലേക്ക് നീളാത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |