തിരൂർ: തിരുനാവായ-ഗുരുവായൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ ബി.ജെ.പി മുൻകൈയെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മലപ്പുറത്തെ തീർത്ഥാടനകേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് തീർത്ഥാടന ടൂറിസം പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുനാവായ ക്ഷേതത്തിൽ ദർശനത്തിനെത്തിയ അദ്ദേഹം കേരളകൗമുദിയുമായി സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.
ബി.ജെ.പിയെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടിൽ എന്തെങ്കിലും മാറ്റുണ്ടായിട്ടുണ്ടോ?
ബി.ജെ.പിയാണ് ശരി എന്ന് ജനങ്ങൾ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. വികസനം മുന്നോട്ടു വച്ചും നടപ്പിലാക്കിയുമാണ് ബിജെപി മുന്നേറുന്നത്.
എൽ.ഡി.എഫും യു.ഡി.എഫും അവസരവാദികളാണ്. നാടിനെ നന്നാക്കുവാനോ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനോ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് അവർ ചിന്തിക്കുന്നില്ല. ബി.ജെ.പിക്കെതിരായ വർഗ്ഗീയ ആരോപണമൊക്കെ മറ്റുള്ളവർ പറഞ്ഞുണ്ടാക്കുന്നതാണ്. കഴിഞ്ഞ 11 വർഷക്കാലമായി ബി.ജെ.പി ആണല്ലോ ഭാരതം ഭരിക്കുന്നത്. ഒരു മതത്തിനെതിരെയും ഒരു പദ്ധതിയും നടപ്പിലാക്കിയിട്ടില്ല.
മലപ്പുറം ജില്ല പ്രസിദ്ധമായ പല ക്ഷേത്രങ്ങളുടെയും കേന്ദ്രമാണ്. ഇവയെ ഉൾപ്പെടുത്തി ടൂറിസം പദ്ധതി നടപ്പാക്കാനാവുമോ.?
800 - 1000 വർഷങ്ങൾ പഴക്കമുള്ള ചരിത്രങ്ങളും ആരാധനാലയങ്ങളും ഇവിടെയുണ്ട്. ഇവ പുതിയ തലമുറ അറിയേണ്ടതുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ ആരാധനാലയങ്ങൾ ഉൾപ്പെടുത്തി തീർത്ഥാടന ടൂറിസം സ്പോട്ടാക്കി മാറ്റുമെന്ന പദ്ധതി മുന്നോട്ടുവയ്ക്കും.
തിരുനാവായ-ഗുരുവായൂർ റെയിൽവേ പാത യാഥാർത്ഥ്യമാകുമോ?
ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു കാര്യമാണെങ്കിൽ അത് യാഥാർത്ഥ്യമാക്കുക തന്നെ ചെയ്യും. ഒരു എംപി മാത്രമുള്ള ബിജെപി ഇന്ന് റെയിൽവേ സ്റ്റേഷനുകളിൽ നടത്തുന്ന പരിഷ്കാരം തന്നെ അതിന് തെളിവാണ്. കേരളത്തിൽ റെയിൽവേ അതോറിറ്റിയുമായി ബന്ധപ്പെട്ട 500- 600 പരം പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. അതിനായി മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരുനാവായ - റെയിൽവേ പാത നടപ്പിലാക്കുക തന്നെ ചെയ്യും.
കേരള സർക്കാരിന് കേന്ദ്രസർക്കാർ പണം നൽകുന്നില്ലെന്ന് മന്ത്രി ശിവൻകുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു?
കേന്ദ്രസർക്കാരിന് കേരളത്തോട് ഒരു വിവേചനവുമില്ല. കേന്ദ്രം നൽകുന്ന ഫണ്ടിന് കൃത്യമായ രേഖകൾ നൽകിയാൽ കൃത്യമായി ഫണ്ട് നൽകുന്നുണ്ട്.
ഫണ്ട് വരുന്നത് വക മാറ്റി ചെലവഴിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഉദാഹരണം, കർഷകർക്ക് എന്തുകൊണ്ടാണ് അവർക്ക് അവകാശപ്പെട്ട പണം ലഭിക്കാത്തത്. എം .ഒ. യു വിൽ ഒപ്പുവച്ചത് സംസ്ഥാന സർക്കാരാണ്. ഇപ്പോൾ പറയുന്നത് ഞങ്ങൾക്ക് കർഷകർക്ക് പണം നൽകാനാവില്ലെന്നാണ്. ശിവൻകുട്ടി ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ഓരോന്ന് പറയുന്നതാണ്.
അയ്യപ്പ സംഗമത്തെ കുറിച്ചുള്ള കാഴ്ചപ്പാടെന്താണ്?
അയ്യപ്പ സംഗമത്തിന് ബി.ജെ.പി എതിരല്ല. വിശ്വാസികൾക്ക് എന്തെങ്കിലും ഗുണം സർക്കാർ ചെയ്യുന്നുണ്ടെങ്കിൽ അത് നല്ലതാണ്. 10 വർഷം കഴിഞ്ഞിട്ട് അത് വീണ്ടും കൊണ്ടുവരുന്നത് രാഷ്ട്രീയ കളിയാണ്.ഇലക്ഷൻ വരുമ്പോൾ ഓരോരോ വിഷയങ്ങളുമായി വരുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |