കോഴിക്കോട്: 40 ഓളം പ്രമുഖ മലയാളം കൃതികൾ കന്നടയിലേക്ക് മൊഴിമാറ്റം ചെയ്ത് കർണാടകക്കാരിയായ ഇംഗ്ളീഷ് പ്രൊഫസർ. മണിപാൽ ഗവ. കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായ പാർവതി ജി.ഐതാൽ എം.ടി അടക്കമുള്ളവരുടെ പുസ്തകങ്ങളാണ് വിവർത്തനം ചെയ്തത്. കന്നടയിലെ മികച്ച പുസ്തകങ്ങൾ മലയാളത്തിലേക്കും മൊഴിമാറ്റിയിട്ടുണ്ട്.
കാസർകോട് കോളേജിൽ ബി.എയ്ക്ക് പഠിക്കുമ്പോഴാണ് പാർവതി മലയാളം എഴുതാനും വായിക്കാനും പഠിച്ചത്. പിന്നീട് വിവർത്തനത്തിലേക്ക് കടന്നു. 1999ൽ വെട്ടൂർ രാമൻ നായരുടെ 'ജീവിക്കാൻ മറന്നു പോയ സ്ത്രീ" എന്ന കൃതിയാണ് അവർ ആദ്യമായി കന്നടയിലേക്ക് വിവർത്തനം ചെയ്തത്. ബഷീർ, ഉറൂബ്, എംടി, സുകുമാർ അഴീക്കോട്, മാധവിക്കുട്ടി, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, മലയാറ്റൂർ, സക്കറിയ, ഒ.എൻ.വി തുടങ്ങിയവരുടെ പുസ്തകങ്ങളും മൊഴിമാറ്റി. 'കന്നട പെൺകഥകൾ" എന്ന 12 കന്നട സ്ത്രീ എഴുത്തുകാരുടെ പുസ്തകം 2012ലാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. ശിവറാംകാരന്തിന്റെ ജീവചരിത്രവും നിസാർ അഹമ്മദിന്റെ നിസാർ കവിതകളും കെവി തിരുമലേഷിന്റെ കവിതകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. 2023ൽ ഡോ.ടി.ആർ. നാഗരാജിന്റെ നാടകം ഭ്രാന്താലയം എന്ന പേരിൽ മലയാളികളിലേക്കെത്തിച്ചു. മലയാള സാഹിത്യവും കന്നഡ സാഹിത്യവും തമ്മിലുള്ള ബന്ധം അടിസ്ഥാനമാക്കിയുള്ള പ്രബന്ധത്തിന് കണ്ണൂർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. എം.ടിയുടെ അസുരവിത്ത് ദുർബീജ എന്ന പേരിലും മാധവിക്കുട്ടിയുടെ നീർമാതളം പൂത്തകാലം വധുക്കളു മാറാത്ത സ്ത്രീ എന്ന പേരിലുമാണ് കന്നഡയിലിറക്കിയത്. ഒ.എൻ.വിയുടെ സ്വയംവരം മാധവി കഥനകാവ്യമായും മഞ്ഞ് മഞ്ജുവായും മാറി.
കുന്താപുരത്താണ് താമസിക്കുന്നത്. ഭർത്താവ് പരേതനായ ഗംഗാധര ഐതാൽ ഹൈസ്കൂൾ അദ്ധ്യാപകനായിരുന്നു. മൂത്തമകൾ രമ്യത മണിപാൽ കെ.എം.സി ആശുപത്രിയിൽ ഡോക്ടറാണ്. ഇളയമകൾ സുസ്മിത ബംഗളൂരുവിൽ എൻജിനിയർ.
''കന്നഡ കഥകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ സഹായിച്ചത് മലയാളി സുഹൃത്തുക്കളാണ്. പിന്നീട് സാഹിത്യം വായിക്കാനും ചെറുകഥകളും കവിതകളും കന്നഡ മാസികകളിലേക്ക് വിവർത്തനം ചെയ്യാനും ആരംഭിച്ചു""- പാർവതി ഐതാൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |