മുന്തിയ ആശുപത്രികളിൽ വിവിധ ചികിത്സാ വിഭാഗങ്ങൾ ഉള്ളതുപോലെ കേരളത്തിലെ ചില പൊലീസ് സ്റ്റേഷനുകളിലുമുണ്ട് സ്പെഷ്യൽ ഡിപ്പാർട്ട്മെന്റുകൾ. അടി, ഇടി, ചവിട്ട്, കുനിച്ചു നിറുത്തി കൂമ്പിനിടി, പാദങ്ങളിൽ ചൂരലടി തുടങ്ങിയവ പതിവ് കലാപരിപാടികളിൽ ചെറുതു മാത്രം. ചെവിയും ചെകിടും ചേർത്തടിച്ച് ചെവിക്കല്ല് പൊട്ടിക്കലാണ് ഒരു സ്പെഷ്യൽ 'ചികിത്സ." എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി തുടങ്ങിയ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ് നേതൃത്വം. ഇരകളിൽ അധികവും നിരപരാധികളായിരിക്കും.
ചെവിക്കല്ല് പൊട്ടിക്കലിൽ പേരുകേട്ട ചില സ്പെഷ്യലിസ്റ്റുകളുണ്ട്. എസ്.ഐയിൽ തുടങ്ങി ഡിവൈ.എസ്.പി വരെയുള്ള സർവീസ് കാലയളവിൽ ഈ 'ചികിത്സയിൽ" റെക്കാഡ് ഭേദിച്ചവരാണ് ചില ഏമാന്മാർ. ഇവരുടെ മറ്റൊരു പ്രത്യേകത ഒരാളുടെ മേൽ പത്തും ഇരുപതും കള്ളക്കേസുകൾ ചുമത്തലും, ഇല്ലാത്ത മോഷണക്കേസുകളിൽ കുടുക്കലുമാണ്. പൊലീസ് നടപടി എന്തിനാണെന്ന് ചോദിച്ചാൽ മതി, ഏമാന്മാരുടെ കലിയിളകാൻ. വീട്ടിലും റോഡിലും നിന്ന് പൊലീസ് ജീപ്പിലേക്കു വലിച്ചിട്ട് നേരേ സ്റ്റേഷനിലെ ഇടി മുറികളിലെത്തിക്കും. സ്റ്റേഷനിൽ സിസി ടിവി ഉണ്ടെങ്കിലും അതിന്റെ ദൃഷ്ടിയിൽപ്പെടാത്തതായിരിക്കും കൂടുതൽ ഇടി മുറികളും. അവിടെ എത്തിച്ചു കഴിഞ്ഞാലുടനെ തുടങ്ങും മൂന്നാംമുറ.
അടിയന്തരാവസ്ഥക്കാലത്ത് രാജനിൽ പ്രയോഗിച്ചതു പോലുള്ള ഉരുട്ടൽ ചികിത്സ ഇപ്പോഴും ചില സ്റ്റേഷനുകളിൽ തുടരുന്നുണ്ടത്രെ. പാദങ്ങളിൽ ചൂരൽകൊണ്ട് അടിച്ചതിനു ശേഷം നിലത്ത് വെള്ളമൊഴിച്ച് അതിനു പുറത്ത് ചാടിക്കുകയാണ് മറ്റൊരു ക്രൂര വിനോദം. ചെവിക്കല്ലുകൾ അടിച്ചു തകർത്തതിന് മൂന്നു ജില്ലകളിൽ കേസുള്ള
ഏമാനാണ് നിലവിലെ ആലപ്പുഴ ഡിവൈ.എസ്.പി മധു ബാബു എന്നാണ് മുൻ എസ്.പിയും ഇപ്പോൾ തൃശൂർ ഡി.ഐ.ജിയുമായ ഹരിശങ്കറിന്റെ അന്വേഷണ റിപ്പോർട്ട്. സ്ഥിരം മർദ്ദകവീരനായ ഈ ഉദ്യോഗസ്ഥനെ ക്രമ സമാധാന ചുമതലയിൽ നിന്ന് മാറ്റിനിറുത്തണമെന്നായിരുന്നു ശുപാർശ.
അധികാര ദുർവിനിയോഗം നടത്തിയതിനും പൊലീസിന്റെ സൽപ്പേരിന് കളങ്കം വരുത്തിയതിനും ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന ശുപാർശ സർക്കാരിനു ലഭിച്ചത് 2016-ൽ. ഒമ്പതു വർഷം പിന്നിട്ടു. പക്ഷേ, ഇദ്ദേഹം അതേ ചുമതലയിൽ നിർബാധം വിലസുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ പൊലീസ് അതിക്രമങ്ങൾക്കെതിരെ ഉറഞ്ഞുതുള്ളിയ പിണറായി വിജയൻ ഇപ്പോൾ പൊലീസിന്റെ നരനായാട്ട് കണ്ടില്ലെന്നു നടിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം. കാടന്മാരായ ഈ പൊലീസ് ഉദ്യോഗസ്ഥരെ നോക്കിവച്ചിട്ടുണ്ടെന്നും, അവർ ഇനി അധികനാൾ കാക്കിയിട്ട് നടക്കില്ലെന്നും സതീശൻ അവരെ ഓർമ്മപ്പെടുത്തുന്നു.
'എന്റെ ഗർഭം ഇങ്ങനെയല്ല" എന്നാണ് ഒരു സിനിമയിൽ ജഗതിയുടെ കഥാപാത്രം പറയുന്നത്. 'ഈ പൊലീസ് നമ്മുടെ പൊലീസല്ല" എന്നാണ് ആലപ്പുഴയിൽ സമാപിച്ച സി.പി.ഐ സംസ്ഥാന സമ്മേളത്തിലെ പ്രതിനിധി ചർച്ചയിൽ ഉയർന്ന വിർശനം. പൊലീസിന്റെ മൂന്നാംമുറയുടെ കഥകൾ നിത്യേന പരമ്പരയായി പുറത്തു വരുന്നതാണ് സ്വന്തം പൊലീസിനെ തള്ളിപ്പറയാൻ ഭരണ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയുടെ നേതാക്കളെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. തുടർച്ചയായി മൂന്നാംഭരണം ലഭിക്കുമെന്ന ആത്മവിശ്വാസമാണ് സി.പി.എം നേതാക്കൾ പുറമെയെങ്കിലും പ്രകടിപ്പിക്കുന്നത്. പക്ഷേ, ഇടതു മുന്നണിക്ക് മൂന്നാമതും ഭരണം ലഭിക്കുന്നില്ലെങ്കിൽ അതിനു കാരണം പൊലീസ് ഭരണം മാത്രമായിരിക്കുമെന്നാണ് സി.പി.ഐ പ്രതിനിധികളുടെ മുന്നറിയിപ്പ്.
'കസ്റ്റഡി മർദ്ദനവും ഇടിമുറികളും ഇടതു നയമല്ല. മുഖ്യമന്ത്രിയുടെ പൊലീസ് നയം നമ്മുടെ നയമല്ല. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും താത്പര്യം സംരക്ഷിക്കുന്നവരും, ക്രിമിനൽ ബന്ധമുള്ളവരും പൊലീസിൽ ഐ.പി.എസ് തലം മുതൽ താഴേത്തട്ട് വരെയുണ്ട്. പൊലീസ് സ്റ്റേഷനുകളിൽ ആർ.എസ്.എസ് ഘടകങ്ങളുണ്ട്. പൊലീസിനെ നിയന്ത്രിച്ചില്ലെങ്കിൽ കേരളത്തിൽ നേപ്പാൾ ആവർത്തിക്കും" എന്നുവരെ ഉയർന്നു, വിമർശനങ്ങൾ.
റവന്യു മന്ത്രി കെ. രാജൻ വിളിച്ചാൽ ഫോണെടുക്കാത്ത എ.ഡി.ജി.പിയെയും, ഭക്ഷ്യമന്ത്രി ജി.ആർ. അനിലിനോട് അപമര്യാദയായി പെരുമാറിയ ഇൻസ്പെക്ടറെയും നിലയ്ക്കു നിറുത്താൻ ആഭ്യന്തര വകുപ്പിന് കഴിഞ്ഞില്ലെന്നാണ് വിമർശനം. പക്ഷേ, പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ സി.പി.ഐ സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുമോ എന്നാണ് സി.പി.ഐക്കാരുടെ തന്നെ ഉത്കണ്ഠ. ഇതൊക്ക പത്രങ്ങളിലും ചാനലുകളിലും വന്നതുകൊണ്ടായോ?മുഖ്യമന്ത്രിയെയും മറ്റ് സി.പി.എം
നേതാക്കളെയും ഇതൊക്കെ ആര് പറഞ്ഞു ബോദ്ധ്യപ്പെടുത്തും? പൂച്ചയ്ക്കാര് മണി കെട്ടും?
ആലപ്പുഴയിൽ നടന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി സഖാവ് സി.പി.ഐ എന്ന വാക്കു പോലും ഉച്ചരിച്ചില്ലെന്നാണ് പാർട്ടി നേതാക്കളുടെ പരിഭവം. കഴിഞ്ഞ നാലര പതിറ്റാണ്ടായി വല്യേട്ടന്റെ ആട്ടും തുപ്പും സഹിച്ച് കൂടെ കഴിയുന്നവരല്ലേ? ഒന്നും വേണ്ട; കമ്മ്യൂണിസ്റ്റ് പാർട്ടി എന്നെങ്കിലും പറഞ്ഞിരുന്നെങ്കിൽ അവർ ഇത്ര വേദനിക്കില്ലായിരുന്നു.1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഇരുപക്ഷത്തെയും നേതാക്കൾക്കെതിരെയായിരുന്നു പരസ്പരം കൂടുതൽ ആക്രമണം.
'എമ്മെനും തൊമ്മനും കമ്മ്യൂണിസ്റ്റാണോ" എന്നായിരുന്നു അന്ന് സി.പി.എം സഖാക്കളുടെ ചോദ്യം. അതിനു ശേഷം ആലുവാപ്പുഴയിലൂടെ ധാരാളം വെള്ളം ഒഴുകിപ്പോയി. 1980 മുതൽ ആറ് ഇടതു സർക്കാരുകളിൽ രണ്ട് പാർട്ടികളും പങ്കാളികളായി. എന്നിട്ടും സി.പി.ഐയെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയായി അംഗീകരിക്കാൻ പോലും വല്യേട്ടന് മനസ് വരുന്നില്ലേ എന്നാണ് അവരുടെ ചോദ്യം.
ഭസ്മാസുരന് വരം കൊടുത്തതു പോലെയായി കോൺഗ്രസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവസ്ഥ. യു.ഡി.എഫിന് ഭരണം ലഭിച്ചാൽ മുഖ്യമന്ത്രിയാകാൻ പാർട്ടിയിൽ കരുക്കൾ നീക്കുന്നതായി പറയുന്ന വി.ഡി. സതീശൻ, യൂത്തന്മാരായ ഷാഫി പറമ്പിലിനെയും രാഹുൽ മാങ്കൂട്ടത്തലിനെയും പാൽ കൊടുത്തു വളർത്തിയത്
സ്വാഭാവികം. ഷാഫി പറമ്പിൽ വടകര എം.പിയായപ്പോൾ ഒഴിഞ്ഞ പാലക്കാട് നിയമസഭാ സീറ്റിലെ ഉപതിരഞ്ഞെടുപ്പിൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയായതിനു പിന്നിൽ സതീശന്റെയും ഷാഫിയുടെയും കടുംപിടിത്തമായിരുന്നു. കെ. മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന തൃശൂർ ഡി.സി.സിയുടെ ആവശ്യവും തള്ളി.
യൂത്ത് കോൺഗ്രസിൽ പന പോലെ വളർന്ന രാഹുൽ, സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട ഏടാകൂടങ്ങളിൽ കുരുക്കിലാവുമെന്ന് ആരു കണ്ടു? രാഹുലിന്റെ 'ക്രിമിനൽ കഥകൾ" കൂടുതൽ പുറത്തുവന്നതോടെ പാർട്ടിയിലെ സസ്പെൻഷൻ മാത്രം പോരാ, എം.എൽ.എ സ്ഥാനവും ഒഴിയണമെന്ന വാശിയിലായി ധാർമ്മികരോഷം പൂണ്ട വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവർ. വി.ഡി. സതീശനായിരുന്നു അതിൽ കൂടുതൽ വാശി. പാർട്ടിയിലെ രാഹുൽ ബ്രിഗേഡ് സൈബർ പോരാളികളുടെ പൈശാചികമായ ആക്രമണം ഭയന്ന് വനിതാ നേതാക്കൾ ഉൾപ്പെടെ തടിയൂരി. പക്ഷേ, സതീശൻ കട്ടയ്ക്ക് തന്നെ
നിന്നു.
രാഹുലിന്റെ കൂടുതൽ ലീലാവിലാസങ്ങൾ അറിഞ്ഞതിനാലാണത്രെ, രാഹുലുമായി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാനാവില്ലെന്ന നിലപാടിലാണ് അദ്ദേഹം. ഉപതിരഞ്ഞെടുപ്പ് പാർട്ടിക്ക് തിരിച്ചടിയാവുമെന്നു കണ്ട നേതൃത്വം, രാഹുൽ എം.എൽ.എ സ്ഥാനം ഒഴിയേണ്ടെന്ന നിലപാടിലെത്തി. പക്ഷേ, സതീശൻ വിടുന്ന മട്ടില്ല. അതോടെ, സതീശനു നേരേയായി രാഹുൽ ബ്രിഗേഡിന്റെ സൈബർ ആക്രമണം. പാൽ കൊടുത്ത കൈയ്ക്കു തന്നെ കടിച്ചു. സതീശൻ മുഖ്യമന്ത്രിക്കസേര കൊതിച്ചു നടക്കേണ്ടതില്ല എന്നു വരെയായി പരിഹാസം.
മുഖ്യമന്ത്രിയാകാൻ ഉടുപ്പു തുന്നി കാത്തിരിക്കുന്ന, പാർട്ടിയിലെ ചില നേതാക്കൾ ഉള്ളിലെ ആഹ്ളാദം പുറത്തു കാട്ടാതെ മൗനത്തിൽ. ഫലത്തിൽ, പദ്മവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിന്റെ ദുരവസ്ഥ. പക്ഷേ, പാർട്ടിയിലെ സൈബർ പോരാളികളുടെ കൂരമ്പുകൾകൊണ്ടൊന്നും തന്നെ പോറൽ പോലും ഏല്പിക്കാനാവില്ലെന്നും
ഏത് പദ്മവ്യൂഹവും ഭേദിക്കുമെന്നുമാണ് സതീശന്റ ആത്മവിശ്വാസം.
നുറുങ്ങ്:
□ ആഗോള അയ്യപ്പ സംഗമത്തിനു പിന്നാലെ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാൻ പിണറായി
സർക്കാർ.
■ തിരഞ്ഞെടുപ്പുകളാണ് വരുന്നത്. അയ്യപ്പൻ തുണച്ചാലും അത് മതിയാവില്ലല്ലോ!
(വിദുരരുടെ ഫോൺ: 99461 08221)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |