തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിൽ ഭിന്നസ്വരം. രാഹുലിനെ പ്രതിപക്ഷ ബ്ളോക്കിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്ക് കത്തു നൽകിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കടുത്ത നിലപാടിലാണ്. രാഹുൽ യു.ഡി.എഫിന്റെ ഭാഗമല്ലെന്നാണ് അദ്ദേഹം ഇന്നലെ വ്യക്തമാക്കിയത്. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തത്. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും സതീശൻ പറഞ്ഞു.
എന്നാൽ രാഹുലിനെ പിന്തുണയ്ക്കുന്ന വിധത്തിലായിരുന്നു കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എം.എൽ.എയുടെ പ്രതികരണം. ഇതിന് സമാനമായ ആരോപണം കേട്ട പലരും ഭരണപക്ഷത്തുണ്ടെന്നും, ആ സ്ഥിതിക്ക് രാഹുലിന് നിയമസഭയിൽ വരുന്നതിന് തടസമില്ലെന്നുമാണ് നിലപാട്. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും ഇതേ
നിലപാടിലാണ് . കോൺഗ്രസിലെ പഴയ എ വിഭാഗക്കാരാണ് രാഹുലിന് വേണ്ടി ശക്തമായി നിലകൊള്ളുന്നത്. ഷാഫിപറമ്പിൽ എം.പി, പി.സി വിഷ്ണുനാഥ് എം.എൽ.എ എന്നിവരും മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം ഹസനുമാണ് രാഹുലിനെ അനുകൂലിച്ച് പരസ്യമായി രംഗത്ത് വന്നിരുന്നത്. മുതിർന്ന പല നേതാക്കളും രാഹുൽ വിഷയത്തിൽ പരസ്യമായ അഭിപ്രായ പ്രകടനത്തിന് തയ്യാറായിട്ടില്ലെങ്കിലും രാഹുൽ സഭയിൽ വരുന്നതിനെ അനുകൂലിക്കുന്നവരാണ്. സതീശൻ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ഇന്ന് കെ.പി.സി.സി
നേതൃയോഗം
ഇന്ന് രാവിലെ 10 ന് കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം ഇന്ദിരാഭവനിൽ ചേരും.. രാഹുൽ വിഷയവും ചർച്ചയാവും. എന്നാൽ നിയമസഭയിൽ വരുന്നത് സംബന്ധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കുകയും കൂടുതൽ ശബ്ദരേഖകൾ പുറത്തു വരുകയും ചെയ്ത ശേഷം പൊതു പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന രാഹുൽ ,അടൂരിലെ വീട്ടിലാണുള്ളത്. രാഹുലിനെ സഭയിലെത്തിക്കാൻ വിഷ്ണുനാഥും ഷാഫി പറമ്പിലുമടക്കം ശ്രമിക്കുന്നുണ്ട്. രാഹുലിന് സഭയിൽ വരുന്നതിന് തടമില്ലെന്നാണ് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞത്.
രാഹുൽ മാങ്കൂട്ടത്തിലിന്
സഭയിൽ പ്രത്യേക
ബ്ളോക്ക് : സ്പീക്കർ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് നിയമസഭയിൽ പ്രത്യേക ബ്ളോക്ക് അനുവദിക്കുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷ ബ്ളോക്കിൽ നിന്ന് രാഹുലിനെ മാറ്റിയിരുത്തണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ ബ്ളോക്കിന് പിറകിലായി പ്രത്യേക ബ്ളോക്ക് അനുവദിക്കുന്നത്..നിയമസഭയിൽ വരുന്നതിന് രാഹുലിന് തടസമൊന്നുമില്ല. എന്നാൽ സഭ നിറുത്തി വച്ചുള്ള ചർച്ചകളിലും അദ്ദേഹത്തിന് അവസരം നൽകില്ല. സഭയിൽ വരുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് പത്രവാർത്തകളിലൂടെയാണ് അറിഞ്ഞത്. രാഹുൽ അവധി അപേക്ഷയൊന്നും നൽകിയിട്ടില്ല.
പൊലീസ് അതിക്രമങ്ങളെ ആരും ന്യായീകരിക്കുന്നില്ല. എന്തെങ്കിലും അക്രമമൂണ്ടായാൽ പൊലീസ് അവിടെ ആക്ട് ചെയ്യും. പൊലീസാണ് അക്രമം നടത്തുന്നതെങ്കിൽ അവിടെ സർക്കാർ ആക്ട് ചെയ്യും. പൊലീസ് അതിക്രമങ്ങളിൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് താൻ മനസിലാക്കുന്നത്. താനും പൊലീസ് മർദ്ദനമൊക്കെ ഏറ്റിട്ടുള്ളതാണ്. അതുമായി ബന്ധപ്പെട്ട് ഇപ്പോഴും ചികിത്സ നടത്തുന്നുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |