തൃശൂർ: കുന്നംകുളം സ്റ്റേഷനിൽ കസ്റ്റഡി മർദ്ദനത്തിന് ഇരയാവുകയും അതിനെതിരെ നിയമപോരാട്ടം നടത്തി വിജയിക്കുകയും ചെയ്ത യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിന് ഇന്ന് മാംഗല്യം. സർക്കാരിനും പൊലീസിനും എതിരെ ജനവികാരം ഇപ്പോഴും അലയടിക്കുന്ന പശ്ചാത്തലത്തിൽ വിവാഹച്ചടങ്ങിലെ പ്രമുഖരുടെ സാന്നിദ്ധ്യം സമരവേദി പോലെ ശ്രദ്ധയാകർഷിക്കും. കെ.പി.സി.സി മുൻ പ്രസിഡന്റുമാരായ വി.എം.സുധീരൻ, കെ.മുരളീധരൻ, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി തുടങ്ങിയവരും മറ്റ് എം.പിമാരും വിവാഹത്തിനെത്തുമെന്ന് വി.എസ്.സുജിത്ത് കേരളകൗമുദിയോട് പറഞ്ഞു.
കാണിപ്പയ്യൂർ വലിയപറമ്പിൽ വീട്ടിൽ സുരേഷിന്റെയും ഭാര്യ ഷീബയുടെയും മകനായ സുജിത്ത് ചൂണ്ടൽ പുതുശ്ശേരി കളരിക്കൽ വീട്ടിൽ സത്യന്റെയും ആശയുടെയും മകൾ തൃഷ്ണയെയാണ് വിവാഹം ചെയ്യുന്നത്. ഇന്ന് രാവിലെ ഏഴിനും 7.45നും മദ്ധ്യേ ഗുരുവായൂർ ക്ഷേത്രത്തിലെ താലികെട്ട് ചടങ്ങിന് ശേഷം ചൊവ്വന്നൂർ കമ്മ്യൂണിറ്റി ഹാളിലെ വിവാഹ സത്കാരച്ചടങ്ങിലാകും പ്രമുഖർ പങ്കെടുക്കുക. വിവാഹത്തിന് മുൻപേ സുജിത്തിനെ സന്ദർശിക്കാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഒരു പവന്റെ സ്വർണമോതിരവും ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് രണ്ടുപവൻ വരുന്ന സ്വർണമാലയും സമ്മാനിച്ചിരുന്നു.
നാളെ നിയമസഭയിൽ
അടിയന്തര പ്രമേയം
നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങുന്നതിനാൽ എം.എൽ.എമാർ ആരുമെത്തില്ലെന്ന് അറിയിച്ചതായും സുജിത്ത് പറഞ്ഞു. അതേസമയം ഡി.സി.സി പ്രസിഡന്റും മറ്റ് കോൺഗ്രസ് നേതാക്കളും പങ്കെടുക്കും. ഇന്ന് അനുശോചന പ്രമേയത്തിന് ശേഷം നിയമസഭ പിരിയുന്നതിനാൽ സുജിത്തിന് മർദ്ദനമേറ്റതുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയം നാളെ സഭയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിയൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |