മലപ്പുറം: മലയാളം സർവകലാശാല വിവാദത്തിൽ യു.ഡി.എഫ് ഭരണകാലത്ത് ഭൂമിയ്ക്ക് വില നിശ്ചയിച്ചതുമായി ബന്ധ
പ്പെട്ട രേഖകൾ പുറത്തുവിട്ട് കെ.ടി.ജലീൽ എം.എൽ.എ. 2016 ഫെബ്രുവരി 22ന് ജില്ലാ കളക്ടർ ഒപ്പിട്ട വിലനിർണയ സാക്ഷ്യപത്രമാണ് ജലീൽ പുറത്തുവിട്ടത്.
താൻ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് മലയാളം സർവകലാശാലയ്ക്കുള്ള ഭൂമിയുടെ വില നിശ്ചയിച്ചതെന്ന ജലീലിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് പി.കെ.അബ്ദുറബ്ബ് ഫേസ് ബുക്കിൽ കുറിച്ചിരുന്നു. ഇതിന് മറുപടിയായാണ് ജലീൽ രേഖ പുറത്തുവിട്ടത്.
'റബ്ബേ റബ്ബേ രേഖയിതാ, ഭൂമി വാങ്ങിയ രേഖയിതാ, പച്ചക്കള്ളം പറയരുതേ, സാക്ഷാൽ "റബ്ബ്" പൊറുക്കൂലാ' എന്ന കുറിപ്പോടെയാണ് രേഖ ജലീൽ ഫേസ്‌ബുക്കിൽ പങ്കുവച്ചത്.
ഏറ്റെടുക്കേണ്ട ഭൂമിക്ക് യു.ഡി.എഫ് സർക്കാർ ഉയർന്ന വില നിശ്ചയിച്ചത് പറമ്പുകച്ചവടക്കാരുടെയും ലീഗ് നേതാക്കളുടെയും താത്‌പര്യത്തിന് വഴങ്ങിയാണോയെന്ന് സംശയിക്കണം. ഭൂമി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെങ്കിൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ മന്ത്രിമാരായ പി.കെ.അബ്ദുറബ്ബിനോടും കുഞ്ഞാലിക്കുട്ടിയോടുമാണ് ചോദിക്കേണ്ടതെന്നും ജലീൽ മാദ്ധ്യങ്ങളോട് പറഞ്ഞു. മലയാള സർവകലാശാല ഭൂമിയിലെ അഴിമതി ആരോപണം എന്തുകൊണ്ടാണ് മുസ്‌ലിം ലീഗ് ഏറ്റെടുക്കാത്തത്. തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ ഇതുവരെ ഒരന്വേഷണവും ആവശ്യപ്പെട്ടിട്ടില്ല. കത്വ -ഉന്നാവോ ഫണ്ട് സമാഹരണത്തിലൂടെയാണ് ഫിറോസ് പണം സമ്പാദിച്ചത്. ഇതിന്റെ കണക്ക് ഇതുവരെ കമ്മിറ്റിയിൽ പോലും പറഞ്ഞിട്ടില്ല. ദോത്തി ചലഞ്ചിന്റെ ബില്ല് ഇതുവരെ കാണിച്ചിട്ടില്ല. 2,72,000 ദോത്തി വാങ്ങി അഞ്ചരക്കോടിയിലധികം രൂപ തട്ടി. ഇതിൽ നിന്നു ശ്രദ്ധ തിരിക്കാനാണ് അഞ്ചാറു കൊല്ലം മുമ്പു നടന്ന കാര്യവുമായി വരുന്നതെന്നും ജലീൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |