SignIn
Kerala Kaumudi Online
Wednesday, 17 September 2025 4.43 AM IST

വികസനത്തിന്റെ ഗുജറാത്ത് മോഡൽ, മോദി പരീക്ഷിച്ചതും പ്രയോഗിച്ചതും

Increase Font Size Decrease Font Size Print Page
sd

ദീർഘകാലം സേവനമനുഷ്ഠിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ ചുരുക്കം ചിലരേ സംസ്ഥാന മുഖ്യമന്ത്രിമാരായിരുന്നിട്ടുള്ളൂ. പ്രായോഗിക ഫെഡറലിസത്തിൽ പരിചയക്കുറവുള്ള 'ദേശീയ" നേതാക്കളായിരുന്നു മിക്കവരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിൽ നിന്ന് വേറിട്ടുനിൽക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ്. 2014-ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ഏറ്റെടുത്തപ്പോൾ ഗുജറാത്തിലെ ഒരു ദശാബ്ദക്കാലത്തെ സംസ്ഥാന ഭരണത്തിലൂടെ മൂർച്ച കൂട്ടിയ ഒരു കർമ്മ ദർശനവും അദ്ദേഹം കൂടെ കൊണ്ടുപോന്നു എന്ന് പറയേണ്ടിയിരിക്കുന്നു.

പദ്ധതികൾ അന്തിമമായി പരാജയപ്പെടുകയോ വിജയിക്കുകയോ ചെയ്യുന്നതിന്റെ അടിസ്ഥാന കാരണമെന്തെന്ന് സംസ്ഥാന ഭരണത്തിന് ചുക്കാൻ പിടിച്ച കാലഘട്ടത്തിൽ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. കേവലം നയരൂപീകരണമല്ല, നിർവഹണമാണ് ഭരണപരമായ വിജയത്തിന്റെ കാതലായി നിലകൊള്ളുന്നതെന്ന സമീപനം സ്വീകരിച്ച ആദ്യ പ്രധാനമന്ത്രിയായി അദ്ദേഹം മാറി. വൈദ്യുതി വിതരണം മുതൽ ബാങ്കിംഗ് വരെ, ക്ഷേമം മുതൽ അടിസ്ഥാന സൗകര്യങ്ങൾ വരെയുള്ള കാര്യങ്ങളിൽ രാഷ്ട്രം പൗരന്മാരെ എങ്ങനെ സേവിക്കുന്നു എന്നതിനെ ഈ തത്ത്വചിന്ത കാലാന്തരത്തിൽ പുനർനിർവചിച്ചു.

നയത്തിൽ നിന്ന്

നിർവഹണം വരെ

നിർവഹണമായിരിക്കണം നയരൂപീകരണത്തിനുള്ള കേന്ദ്രീകൃത മാർഗദർശനമെന്ന മോദിയുടെ ബോദ്ധ്യം വൈദ്യുതി മേഖലയോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിൽ വ്യക്തമാണ്. ഗുജറാത്തിലെ ഗ്രാമങ്ങളിലെമ്പാടും വൈദ്യുതി വിതരണ പോസ്റ്റുകളും വൈദ്യുതി ലൈനുകളും കാണാമായിരുന്നെങ്കിലും വൈദ്യുതി ലഭ്യമല്ലെന്ന സത്യം അദ്ദേഹം നിരീക്ഷിച്ചു. അതിനുള്ള പരിഹാരമായിരുന്നു ജ്യോതിഗ്രാം യോജന. പ്രധാനമന്ത്രിയായപ്പോൾ, ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാം ജ്യോതി യോജന എന്ന പേരിൽ ഈ ആശയത്തെ വിപുലീകരിക്കുകയും 18,374 ഗ്രാമങ്ങൾക്ക് ശാശ്വതമായി വൈദ്യുതി ഉറപ്പാക്കുകയും ചെയ്തു. 2023 ആയപ്പോഴേയ്ക്കും, വൈദ്യുതി ലഭ്യത രാജ്യത്തെ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ (MSME) നട്ടെല്ലായി മാറി. ഇതിലൂടെ 11 കോടിയിലധികം പേർക്ക് തൊഴിൽ ലഭിക്കുക മാത്രമല്ല,​ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന് 29 ശതമാനത്തോളം സംഭാവന നൽകുകയും ചെയ്യുന്നു.

ബാങ്കിംഗിലും ഇതേ തത്വങ്ങൾ വിജയകരമായി നടപ്പാക്കി. ഗ്രാമീണ കുടുംബങ്ങൾക്കെല്ലാം കടലാസിൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നെങ്കിലും പ്രായോഗികമായി അവ നിഷ്ക്രിയമായിരുന്നു. 'ജൻധൻ" ഇതിനെ മാറ്റിമറിച്ചു. ആധാറും മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടുകളുമായി സംയോജിപ്പിക്കുന്നതിലൂടെ, ദുർബലമായിരുന്ന ഒരു സംവിധാനത്തെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന്റെ ഉറച്ച അടിത്തറയാക്കി മാറ്റി. ഇതിലൂടെ ആനുകൂല്യങ്ങൾ ഇടനിലക്കാരില്ലാതെ പൗരന്മാരിലേക്ക് എത്തിച്ചേരുകയും ചോർച്ച തടയുകയും ചെയ്തു.

ഭവനനിർമ്മാണ രംഗമായിരുന്നു മറ്റൊരു ശ്രദ്ധേയ മേഖല. 'പ്രധാനമന്ത്രി ആവാസ് യോജന"യുടെ കീഴിലുള്ള ധനസഹായം വിവിധ നിർമ്മാണ ഘട്ടങ്ങളുമായി ബന്ധിപ്പിച്ചു. അവ നിരീക്ഷിക്കാൻ ജിയോ ടാഗിംഗ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും,​ മികച്ച രൂപകല്പന നിർബന്ധിതമാക്കുകയും ചെയ്തു. പണി തീരാത്ത കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുകയെന്ന മുൻ സർക്കാരുകളുടെ പ്രവണത തിരുത്തിക്കൊണ്ട്, ആദ്യമായി ഗുണഭോക്താക്കൾക്ക് പണി പൂർത്തിയായതും താമസയോഗ്യവുമായ വീടുകൾ ലഭിക്കുമെന്നായി.

ഫെഡറലിസത്തിന്റെ

തത്വശാസ്ത്രം

സമഗ്ര പുരോഗതി കേന്ദ്ര- സംസ്ഥാന സഹകരണത്തെ എത്രത്തോളം ആശ്രയിച്ചിരിക്കുന്നുവെന്ന് ഗുജറാത്തിലെ ഭരണകാലഘട്ടം നരേന്ദ്രമോദിയെ ബോദ്ധ്യപ്പെടുത്തി. ദേശീയ തലത്തിൽ സാരഥ്യമേറ്റെടുത്തപ്പോൾ, സഹകരണത്തിന്റെയും മത്സരാധിഷ്ഠിത ഫെഡറലിസത്തിന്റെയും തത്വശാസ്ത്രമായി ഈ ബോദ്ധ്യം പരിണമിച്ചു.

പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ചരക്ക് സേവന നികുതി പരിഷ്‌കാരം, സംസ്ഥാനങ്ങളുമായുള്ള സമവായത്തിലൂടെ പാസാക്കി. ജി.എസ്.ടി കൗൺസിൽ സാമ്പത്തിക കൂടിയാലോചനകളെ സ്ഥാപനവത്കരിക്കുകയും ഒരു ഏകീകൃത ദേശീയ വിപണി സൃഷ്ടിക്കുകയും ചെയ്തു.

ഇതിനു പുറമെ, സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതം വർദ്ധിപ്പിച്ചു. ഇത് സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യവും മുൻഗണനകൾ രൂപപ്പെടുത്തുന്നതിൽ സ്വയം നിർണയാധികാരവും നൽകി. ഒപ്പം, ബിസിനസ് സുഗമമാക്കുന്നതിലും പ്രതിഫലദായകമായ പരിഷ്‌കാരങ്ങളിലും സംസ്ഥാനങ്ങളെ റാങ്ക് ചെയ്തുകൊണ്ട് മത്സരാധിഷ്ഠിത ഫെഡറലിസത്തെ പ്രോത്സാഹിപ്പിച്ചു. അടിസ്ഥാന സൗകര്യ മേഖലയിൽ, ഗുജറാത്തിൽ നടപ്പാക്കിയ ബിസാഗ് മാപ്പിംഗ് (BISAG mapping) പരീക്ഷണത്തെ ദേശീയതലത്തിൽ പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയായി പരിവർത്തനം ചെയ്തു. 16 മന്ത്രാലയങ്ങളും എല്ലാ സംസ്ഥാനങ്ങളും ഇപ്പോൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ 1400 പദ്ധതികൾ ആസൂത്രണം ചെയ്യുന്നു.

പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം, ക്ഷേമ പദ്ധതികൾ എല്ലാക്കാലത്തും അവയുടെ സ്വീകർത്താക്കളെ ശാക്തീകരിക്കുന്നതിനുള്ള ഉത്പാദനക്ഷമതയുള്ള നിക്ഷേപങ്ങളായിരുന്നു. ഗുജറാത്തിൽ നടപ്പാക്കിയ,​ പെൺകുട്ടികളുടെ സ്കൂൾ പ്രവേശനത്തിനുള്ള തീവ്ര യജ്ഞമായ 'കന്യ കേളവാണി", 2001-ൽ 57.8 ശതമാനമായിരുന്ന സ്ത്രീ സാക്ഷരത പത്തുവർഷംകൊണ്ട് 70.7 ശതമാനമായി ഉയർത്താൻ സഹായകമായി. ദേശീയതലത്തിൽ, ഇത് 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ" പദ്ധതിയായി വിവർത്തനം ചെയ്യപ്പെട്ടു.

മാതൃ ആരോഗ്യത്തിനും ഗുജറാത്തിൽ സമാന പരിഗണന നൽകിയിരുന്നു. 'ചിരഞ്ജീവി യോജന"യിലൂടെ ആരോഗ്യ സ്ഥാപനങ്ങളിലെ പ്രസവങ്ങൾക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കി. അതുവഴി മാതൃ,​ ശിശു മരണനിരക്ക് കുറഞ്ഞു. ഇതിന്റെ ചുവടുപിടിച്ച് കേന്ദ്രത്തിൽ 'മാതൃ വന്ദന യോജന" നടപ്പാക്കിയപ്പോൾ പ്രസവാനുകൂല്യങ്ങളും പോഷകാഹാര ആനുകൂലങ്ങളും കൂട്ടിച്ചേർത്തു. പദ്ധതി ഇതിനകം മൂന്നു കോടിയിലധികം വനിതകളെ പിന്തുണച്ചു.

മാനസിക പരിവർത്തനം

ഒരുപക്ഷേ, ഗുജറാത്ത് മാതൃകയുടെ ഏറ്റവും സൂക്ഷ്മമായ സ്വാധീനം മാനസികാവസ്ഥയിലുണ്ടായ പരിവർത്തനമാണ്. സുസ്ഥിരമായ ഇടപെടലുകൾ എങ്ങനെ ധാരണകളെ മാറ്റിമറിക്കുമെന്നും, നിക്ഷേപകരുടെ ദൃഷ്ടിയിൽ ഒരു സംസ്ഥാനത്തെ വിശ്വസനീയ കേന്ദ്രമാക്കി മാറ്റുമെന്നും, ഉദ്യോഗസ്ഥ വൃന്ദത്തെ ബിസിനസ് സൗഹൃദമാക്കുമെന്നും 'വൈബ്രന്റ് ഗുജറാത്ത്" ഉച്ചകോടികൾ കാണിച്ചുതന്നു. ഈ അനുഭവമാണ് 'മേക്ക് ഇൻ ഇന്ത്യ" പദ്ധതിയെ രൂപപ്പെടുത്തിയത്. 2014-നും 2024-നും മദ്ധ്യേ 83 ലക്ഷം കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകർഷിക്കപ്പെട്ടു.

'എല്ലാവർക്കുമൊപ്പം,​ എല്ലാവരുടെയും വികസനം,​ എല്ലാവരുടെയും വിശ്വാസം,​ എല്ലാവരുടെയും പ്രയത്നം" (സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്) എന്നത് കേവലം വാചകക്കസർത്തല്ല. ദൈനംദിന യാഥാർത്ഥ്യങ്ങളിൽ അതിന്റെ മുദ്ര ദൃശ്യമാണ്. രാജ്യത്തിന്റെ സമസ്ത കോണുകളിലെയും ജീവിതങ്ങളെ സ്പർശിച്ചുകൊണ്ട് ഭരണനിർവഹണത്തെ അവസാന വ്യക്തിയിലേക്കു വരെ എത്തിച്ച ഇന്ത്യൻ മാതൃകയാണിത്.

2047 ഓടെ വികസിത ഭാരതമാകുക എന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കുമ്പോൾ, അത് ഒരു പ്രധാനമന്ത്രി ഭരണനിർവഹണത്തെ പുനർനിർവചിച്ചതിന്റെ പരിണിതഫലമായി വിലയിരുത്തപ്പെടും. ഭരണനിർവഹണത്തെ കാര്യക്ഷത കൈവരിക്കാനുള്ള പരീക്ഷണങ്ങളാക്കി മാറ്റുന്നതിലൂടെ, അദ്ദേഹം ഇന്ത്യയുടെ വിപുലമായ ഭരണ സംവിധാനങ്ങളെ കേവല വാഗ്ദാനങ്ങളിൽ നിന്ന് പ്രയോഗികതയിലേക്ക് ഉയർത്തി. ആദ്യം ഗുജറാത്തിൽ പരീക്ഷിച്ചതും പിന്നീട് ദേശീയതലത്തിലേക്ക് വ്യാപിപ്പിച്ചതുമായ ആ സവിശേഷ മുദ്ര നരേന്ദ്ര മോദിയുടെ മാത്രം പൈതൃകമാണ്.

(അഭിപ്രായങ്ങൾ വ്യക്തിപരം.)

TAGS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.