
ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്‌ഫോടനത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഎൻജെപി ആശുപത്രിയിലെത്തിയ മോദി സ്‌ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു. ഭൂട്ടാൻ സന്ദർശനത്തിന് ശേഷം ഇന്ന് ഉച്ചയ്‌ക്ക് ഡൽഹി വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നേരെ ആശുപത്രിയിലെത്തുകയായിരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഡോക്‌ടർമാരും ആശുപത്രി അധികൃതരും രോഗികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചു.
സ്‌ഫോടനത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആക്രമണത്തെ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഗൂഢാലോചനക്കാരെ വെറുതേവിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂട്ടാനിൽ പൊതുപരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, എൻഐഎ അഡീഷണൽ ഡയറക്‌ടർ ജനറൽ വിജയ് സാക്കറെയുടെ നേതൃത്വത്തിലെ 10 അംഗ സംഘമാണ് ചെങ്കോട്ട സ്‌ഫോടനത്തിൽ അന്വേഷണം നടത്തുക. പൊലീസിൽ നിന്നും എൻഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. വിജയ് സാക്കറെയ്‌ക്ക് പുറമേ ഒരു ഐജി, രണ്ട് ഡിഐജിമാർ,മൂന്ന് എസ്‌പിമാർ, ഡിഎസ്‌പിമാർ എന്നിവരടങ്ങുന്നതാണ് സംഘം.
ചെങ്കോട്ടയ്‌ക്ക് സമീപം കാറിൽ സ്‌ഫോടനം നടത്തിയ ഡോ. ഉമർ നബി ആണ് വൈറ്റ്‌കോളർ ഭീകരസംഘ തലവൻ എന്നാണ് അന്വേഷണ സംഘത്തിന് മനസിലായത്. ഇയാളടങ്ങുന്ന സംഘത്തിന് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദുമായുള്ള ബന്ധവും തെളിഞ്ഞു. സ്‌ഫോടന സമയത്തെ കൂടുതൽ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. സ്ഫോടനം നടന്നയുടൻ സിഗ്നലിലെ ക്യാമറ പ്രവർത്തനരഹിതമായി.
സ്‌ഫോടനത്തിന് മുൻപുള്ള ദിവസങ്ങളിലും ഡോ. ഉമർ നബി ഇവിടെ വന്നിരുന്നു എന്ന് തെളിഞ്ഞു. ഈ ദിവസങ്ങളിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച വിവിധ ദൃശ്യങ്ങളിൽ സ്‌ഫോടനത്തിനുപയോഗിച്ച കാറിന്റെ സാന്നിദ്ധ്യം ഉണ്ട്. ഫരീദാബാദിലും ഡൽഹിയിലും വലിയ ആക്രമണത്തിനാണ് വൈറ്റ്‌കോളർ ഭീകരസംഘം പദ്ധതിയിട്ടത്. 3200 കിലോ സ്‌ഫോടക വസ്‌തുക്കളാണ് ഭീകരർക്ക് ലഭിച്ചത്. ഇതുവരെ 2900 കിലോ സ്‌ഫോടക വസ്‌തുക്കളാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |