തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങൾ പെരുപ്പിച്ചു കാട്ടുന്നത് യു.ഡി.എഫ് നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനാണെന്ന് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ ഇടതുമുന്നണി ഒറ്റക്കെട്ടായി നിലകൊള്ളണം. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടെന്നത് വാസ്തവമാണ്.
വർഷങ്ങൾ പഴക്കമുള്ള കേസുകൾ ഇപ്പോൾ പൊലീസിനെതിരെ ഉയർത്തി കൊണ്ടുവരുന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയാണ്. പൊലീസ് കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത്. ഇതിനിടെ ചെറിയ ചില വിഷയങ്ങൾ ഉണ്ടായിട്ടുണ്ട്. ചില ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് പെരുപ്പിച്ച് കാട്ടപ്പെടുന്നത്.
സംസ്ഥാനത്താകെ ലോക്കപ്പ് മർദ്ദനമെന്ന് പറയുന്നത് തീർത്തും അവാസ്തവമാണ്. ലോക്കപ്പ് മർദ്ദനങ്ങൾ അനുവദിക്കില്ലെന്നതാണ് സർക്കാർ നിലപാട്. ഒമ്പതു വർഷത്തിനിടെ കുറ്റം ചെയ്ത നിരവധി പൊലീസ് ഉദ്യോഗസ്ഥർ സേനയ്ക്ക് പുറത്തായി. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചില മാദ്ധ്യമങ്ങളുടെ ഒത്താശയോടെയാണ് യു.ഡി.എഫ് സർക്കാർ വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നത്.
ഓണക്കാലത്ത് നല്ല നിലയിൽ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാരിനായി. സാധാരണക്കാർക്ക് ആനുകൂല്യങ്ങൾ എത്തിക്കാനായി. ഇതെല്ലാം സർക്കാരിന് മേൽക്കൈ നേടിതന്നുവെന്ന ബോദ്ധ്യത്തിലാണ് പ്രതിപക്ഷം തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത്. ഓണക്കാലത്ത് സിവിൽ സപ്ളൈസും കൺസ്യൂമർ ഫെഡും നടത്തിയ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു. യോഗത്തിൽ മുക്കാൽ മണിക്കൂറോളം മുഖ്യമന്ത്രി സംസാരിച്ചു. നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രത്യക്ഷ പ്രതിഷേധങ്ങൾ വേണ്ടെന്ന നിലപാടിലാണ് ഇടതുമുന്നണി.
സർക്കാർ പ്രവർത്തനം
ചർച്ച ചെയ്യും
സർക്കാരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അടുത്തമാസം ചേരുന്ന ഇടതുമുന്നണി യോഗം വിശദമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി. മന്ത്രിമാർ അവരുടെ വകുപ്പുകളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിശദീകരിക്കും.
വകുപ്പുകൾ അടിയന്തരമായി പൂർത്തിയാക്കേണ്ട പദ്ധതികൾ സംബന്ധിച്ച് കുറിപ്പ് തയ്യാറാക്കണം. പ്രത്യേകിച്ച് ലൈഫ് പദ്ധതികൾ പോലുള്ളവ. ജാഗ്രതയോടെ മുന്നോട്ടു പോയാൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടാനാവും
'ആരോഗ്യ വകുപ്പ്
ശ്രദ്ധിക്കണം'
ചില വകുപ്പുകളുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള വിവാദങ്ങൾ സർക്കാരിന്റെ യശസിനെ ചെറിയതോതിൽ ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി. ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധയോടെ മുന്നോട്ടു പോകണം.
രാഹുലിന് കോൺഗ്രസ്
സംരക്ഷണം:
ടി.പി.രാമകൃഷ്‌ണൻ
തിരുവനന്തപുരം: കോൺഗ്രസിന്റെ സംരക്ഷണവും പിന്തുണയുമുള്ളതിനാലാണ് രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ എത്താനായതെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്‌ണൻ. അതിക്രമത്തിനിരയായ യുവതികൾ അനുഭവിച്ച മാനസിക പ്രയാസം അറിയുമായിരുന്നെങ്കിൽ കോൺഗ്രസ് രാഹുലിന് അനുകൂലമായ സമീപനം സ്വീകരിക്കില്ലായിരുന്നു.ഏതോകാലത്തെ പൊലീസ് അക്രമം ഇപ്പോൾ ഉയർത്തിക്കൊണ്ടുവരുന്നതിനു പിന്നിൽ മറ്റു ലക്ഷ്യങ്ങളാണ്. തെറ്റുചെയ്യുന്നവരെ സംരക്ഷിക്കുകയല്ല എൽ.ഡി.എഫ് സർക്കാരിന്റെ നയം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ട്.വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ പേരിൽ യഥാർത്ഥ വോട്ടർമാരെ ഒഴിവാക്കാൻ അനുവദിക്കില്ല. ഖത്തറിനുനേരെയുള്ള ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് 23ന് ജില്ലാ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് സായാഹ്ന ധർണ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |