കോട്ടയം: അമീബിക് മസ്‌തിഷ്‌ക ജ്വരത്തിനെതിരെ സുരക്ഷയും മുൻകരുതലും ഒരുക്കി ജില്ലാ ആരോഗ്യവകുപ്പ്. തിരുവനന്തപുരത്ത് നീന്തൽക്കുളത്തിൽ കളിച്ച കുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജില്ലയിലെ നീന്തൽക്കുളങ്ങൾ, പൂളുകൾ, കിണറുകൾ, പൊതുകുളങ്ങൾ ഉൾപ്പെടെയുള്ളവ നിരീക്ഷണ വലയത്തിലാക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങിയത്. ചെളിയുള്ള കുളങ്ങളിലും മറ്റും മുങ്ങിക്കുളിക്കുന്നവരിൽ മാത്രമേ രോഗം പകരൂ എന്നാണ് ആദ്യഘട്ടത്തിൽ കരുതിയിരുന്നത്. എന്നാൽ, തിരുവനന്തപുരം സംഭവത്തോടെ ആശങ്ക വർദ്ധിച്ചു.
ജില്ലയിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കരുതൽ കർശനമാക്കാനാണ് തീരുമാനം. കോഴിക്കോട്, മലപ്പുറം മേഖലകളിൽ ഒന്നിലേറെ പേരിൽ രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ ജില്ലയിലും ആരോഗ്യ വകുപ്പ് മുൻകരുതൽ സ്വീകരിച്ചിരുന്നു. അനുമതിയോടെയും അല്ലാതെയും പ്രവർത്തിക്കുന്ന നീന്തൽക്കുളങ്ങളും പൂളുകളുമൊക്കെ ജില്ലയിൽ നിരവധിയുണ്ട്.
ക്യാമ്പയിൻ
ജില്ലയിൽ രണ്ട് ദിവസങ്ങളിലായി ക്യാമ്പെയ്ൻ നടത്തിയിരുന്നു. പൊതുകുളങ്ങൾ, കിണറുകൾ, വിദ്യാലയങ്ങളിലെ ജലസ്രോതസുകൾ എന്നിവ ക്ലോറിനേറ്റ് ചെയ്തിരുന്നു. ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും നീന്തൽക്കുളങ്ങളിൽ ജലശുദ്ധീകരണം കൃത്യമായി നടത്തുന്നുണ്ടോയെന്ന് പരിശോധനയും നടത്തി.
പരിശോധന എല്ലായിടത്തും വേണം
വ്യായാമത്തിനായും മറ്റും നീന്തൽക്കുളങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം സമീപകാലത്ത് വർദ്ധിച്ചിരുന്നു. ഇതിനൊപ്പമാണ്,ഹോട്ടലുകളിലെയും റിസോർട്ടുകളിലെയം ഹോംസ്‌റ്റേകളിലെയും നീന്തൽക്കുളങ്ങളുടെയും പൂളുകളുടെയും പ്രവർത്തനം. പലയിടങ്ങളിലും ജലശുദ്ധീകരണ സംവിധാനം കാര്യക്ഷമല്ലെന്ന് നേരത്തെ തന്നെ പരാതിയുണ്ട്.
കുമരകത്തും വാഗമണ്ണിലുമൊക്കെ സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രധാന ഘടകമായി ഓപ്പറേറ്റർമാർ പറയുന്നത് സ്വകാര്യ പൂളുകളാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അനുമതിയോടെ പ്രവർത്തിക്കുന്നതിനേക്കാൾ പൂളുകൾ അനധികൃതമായി ഉണ്ടെന്നാണ് വിവരം. ഹോം സ്‌റ്റേകളോട് ചേർന്ന് കൃത്രിമ പൂളുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളും നിരവധിയുണ്ട്. ഇത്തരം എല്ലാം കേന്ദ്രങ്ങളും അന്വേഷണ പരിധിയിൽ വരുത്തണമെന്നാണ് ആവശ്യമുയരുന്നത്.
ആദ്യഘട്ടത്തിൽ ക്ലോറിനേഷൻ പൂർത്തിയാകാത്ത സ്ഥലങ്ങളിൽ നിലവിൽ നടന്നു വരികയാണ്. ഇതിനൊപ്പം ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്.
ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |