വാഷിംഗ്ടൺ: വെനിസ്വേലയിൽ നിന്ന് മയക്കുമരുന്ന് കടത്തുന്നെന്ന് ആരോപിച്ച് ബോട്ട് തകർത്ത് അമേരിക്കൻ സൈന്യം. ബോട്ടിലുണ്ടായിരുന്ന മൂന്നുപേർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര ജലാശയങ്ങളിലൂടെ നിയമവിരുദ്ധമായി മയക്കുമരുന്ന് കടത്തിക്കൊണ്ടുപോകുന്നതിനിടയിലാണ് അമേരിക്ക ആക്രമണം നടത്തിയതെന്നും ദേശീയ സുരക്ഷ, വിദേശനയം അടക്കമുള്ളവയ്‌ക്ക് ഇത്തരം പ്രവൃത്തികൾ ഭീഷണിയുയർത്തുന്നതായും ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കപ്പലിൽ മയക്കുമരുന്ന് ഉണ്ടായിരുന്നു എന്നതിന് യു എസിന്റെ പക്കൽ എന്ത് തെളിവാണുള്ളതെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനും ട്രംപ് മറുപടി നൽകി. 'ഞങ്ങളുടെ പക്കൽ തെളിവുണ്ട്. സമുദ്രത്തിൽ ചിതറിക്കിടക്കുന്ന ചരക്കുകൾ എന്താണെന്ന് നോക്കൂ. കൊക്കെയ്ൻ അടക്കമുള്ളവ നിറച്ച ബാഗുകൾ കാണാൻ കഴിയും.'-' ട്രംപ് പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെനിസ്വേലയിൽ നിന്ന് അമേരിക്ക ലക്ഷ്യമാക്കി നീങ്ങിയ മയക്കുമരുന്ന് സംഘത്തിന്റെ സ്പീഡ് ബോട്ട് തകർത്തതായി ദിസങ്ങൾക്ക് മുമ്പ് ട്രംപ് അറിയിച്ചിരുന്നു. അമേരിക്കയുടെ ആക്രമണത്തിൽ പതിനൊന്നുപേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. ആ സംഭവം കഴിഞ്ഞ് ഏകദേശം രണ്ടാഴ്ചയാകുമ്പോഴാണ് വീണ്ടും കപ്പലിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.
ട്രംപ് ആക്രമണത്തെ ന്യായീകരിക്കുമ്പോഴും സെനറ്റർമാരായ ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കൻ അംഗങ്ങളും സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. യു എസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |