ഭുവനേശ്വർ: ആൺ സുഹൃത്തിനൊപ്പം പോയ പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഒഡിഷയിലെ പുരിയിൽ കഴിഞ്ഞ ശനിയാഴ്‌ചയാണ് സംഭവമുണ്ടായത്. ആൺസുഹൃത്തിന്റെ കൺമുന്നിൽവച്ചാണ് കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി പുരി ജില്ലയിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് പെൺകുട്ടി പരാതി നൽകിയത്. സുഹൃത്തും താനും ക്ഷേത്രത്തിൽ പോയിരുന്നു. അതിനുശേഷം ബീച്ചിൽ നിന്ന് 500 മീറ്റർ അകലെയുള്ള കാസുവാരിന വനത്തിലേക്ക് പോയി, അവിടെവച്ചാണ് കൂട്ടബലാത്സംഗത്തിനിരയായതെന്നാണ് പരാതിയിൽ പറയുന്നത്.
അതിജീവിതയേയും സുഹൃത്തിനെയും പിന്തുടർന്നെത്തിയ സംഘം ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ തങ്ങളുടെ ഫോണിൽ പകർത്തി. പണം നൽകിയാൽ വീഡിയോ ഡിലീറ്റ് ചെയ്യാമെന്നും ഇല്ലെങ്കിൽ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. പണം നൽകാൻ തയ്യാറാകാതെ വന്നതോടെയാണ് ആൺ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ട ശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
ജൂൺ 15ന് ഗഞ്ചം ജില്ലയിലെ ഗോപാൽപൂർ ബീച്ചിലും സമാനമായ സംഭവം ഉണ്ടായിരുന്നു. പ്ലസ്ടു വിദ്യാർത്ഥിനിയാണ് അന്ന് കൂട്ടബലാത്സംഗത്തിനിരയായത്. കൂടെയുണ്ടായിരുന്ന ആൺസുഹൃത്തിനെ പ്രതികൾ ആക്രമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഭുവനേശ്വറിലെ ലോഡ്ജിൽവച്ച് ഒരു പെൺകുട്ടി പീഡനത്തിനിരയായിരുന്നു. സംഗീത പരിപാടിയെക്കുറിച്ച് സംസാരിക്കാനെന്ന് പറഞ്ഞ് ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |