കണ്ണൂർ: സെൻട്രൽ ജയിലിൽ ലഹരി വസ്‌തുക്കളെത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. അത്താഴക്കുന്ന് സ്വദേശി മജീഫിനെയാണ് കണ്ണൂർ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ജയിലിലേയ്ക്ക് മൊബൈൽ ഫോണും ബീഡിയും എറിഞ്ഞുകൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി അക്ഷയ് കഴിഞ്ഞമാസം അറസ്റ്റിലായിരുന്നു. അന്ന് അക്ഷയ്‌ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടവരിൽ ഒരാളാണ് മജീഫ്.
ജയിൽ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി മതിലിന് മുകളിലൂടെ മൊബെെൽ ഫോൺ എറിഞ്ഞ് നൽകാൻ ശ്രമിച്ചതിനാണ് അക്ഷയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഓഗസ്റ്റ് 24-ാം തീയതി മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. മൂന്നുപേർ ജയിൽ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇത് ഉദ്യോഗസ്ഥർ കണ്ടത്. ജയിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഇവരെ പിടികൂടാൻ നിർദേശം നൽകുകയും ചെയ്‌തു.
നിരോധിത പുകയില ഉൽപ്പന്നങ്ങളും ഒരു മൊബൈൽ ഫോണും വലിച്ചെറിയുന്നതാണ് ഉദ്യോഗസ്ഥർ കണ്ടത്. പൊലീസുകാരെ കണ്ടതോടെ മൂന്നുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ഓടുന്നതിനിടെ അക്ഷയ് നിലത്ത് വീഴുകയായിരുന്നു. ജയിലിലെ രാഷ്‌ട്രീയ തടവുകാർക്ക് വേണ്ടിയാണ് പുകയില ഉൽപ്പന്നങ്ങളും മൊബൈലും കൊണ്ടുവന്നതെന്നാണ് അക്ഷയ് നൽകിയ മൊഴി. മതിലിനകത്തുനിന്ന് സിഗ്നൽ കിട്ടിയാൽ പുറത്തുനിന്ന് എറിഞ്ഞുകൊടുക്കും. ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞുകൊടുത്താൽ 1000 രൂപ കിട്ടുമെന്നും അക്ഷയ് മൊഴി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |