ഉറക്കമെഴുന്നേറ്റ ശേഷം ചായ കുടിച്ചുകൊണ്ടായിരിക്കും നമ്മൾ മലയാളികളുടെ ഒരു ദിവസം തുടങ്ങുക. ചായയ്ക്കൊപ്പം പലരും ഇഷ്ട വിഭവങ്ങളും കഴിക്കാറുണ്ട്. അതിൽ മലയാളികൾക്ക് ഏറെ പ്രിയങ്കരമായ ഭക്ഷണമാണ് പൊറോട്ട. എന്നാൽ ചില ഭക്ഷണത്തോടൊപ്പം ചൂട് ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്. നമ്മൾ മലയാളികളുടെ കാര്യമെടുത്താൽ കൂടുതലും പൊറോട്ടയെ ഇത്തരത്തിൽ ചായയ്ക്കൊപ്പം കഴിക്കുന്ന പ്രവണത സമീപ കാലത്ത് വർദ്ധിച്ചു വരുന്നതായിട്ടാണ് കാണുന്നത്.
രാവിലെ വെറും വയറ്റിൽ ചായകുടിക്കരുതെന്നാണ് ഉത്തർപ്രദേശിലെ മിർസാപൂർ മെഡിക്കൽ കോളേജിലെ ഡയറ്റീഷ്യൻ ഡോ. ജ്യോതി സിംഗ് പറയുന്നത്. രാത്രി ഉറക്കത്തിന് ശേഷം നമ്മുടെ ആമാശയം ശൂന്യമായിരിക്കും. ഈ സമയത്ത് ചായ കുടിക്കുന്നത് അസിഡിറ്റി വർദ്ധിപ്പിക്കുകയും ദഹന പ്രക്രിയ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുമെന്ന് ജ്യോതി സിംഗ് പറയുന്നു. പ്രത്യേകിച്ച് പൊറോട്ടയുടെ കൂടെ ചായ കുടിക്കുന്നതും ഒഴിവാക്കണമെന്നാണ് അവർ പറയുന്നത്. ഭക്ഷണത്തിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പോ ശേഷമോ ചായ കുടിക്കുന്നതാണ് നല്ലതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. പഞ്ചസാര അടങ്ങിയ ചായയ്‌ക്കൊപ്പം പൊറോട്ട കഴിക്കുന്നത് കലോറി വർദ്ധിപ്പിക്കാൻ കാരണമാകുന്നു. കാലക്രമേണ ഇത് ശരീരഭാരം കൂട്ടുകയും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.
ചായയ്ക്ക് പരകരം നാരങ്ങാവെള്ളം തേങ്ങാവെള്ളം എന്നിവയാണ് രാവിലെ ഉറക്കമുണർന്നാൽ കുടിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്. അതിനു ശേഷം 20 മിനിട്ടുകൾ കഴിഞ്ഞ് ചായ കുടിക്കാം. ദിവസത്തിൽ ഒന്നോ രണ്ടോ തവണ മിതമായ അളവിൽ ചായ കുടിക്കുന്നത് ഗുണം ചെയ്യുമെന്നും ഡോക്ടർമാർ ഉപദേശിക്കുന്നുണ്ട്. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ബ്ലാക്ക് കോഫി, ഇഞ്ചി, തുളസി എന്നിവ ചേർത്ത ബ്ലാക്ക് ടീ തുടങ്ങിയവ നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും ഗുണം ചെയ്യുമെന്നും ഡോക്ടർമാർ പറയുന്നു.
അതേസമയം വൈകുന്നേരം അഞ്ചു മണിക്ക് ശേഷമുള്ള ചായയും കാപ്പിയും കുടിക്കുന്നത് ആരോഗ്യത്തിന് യാതൊരു ഗുണവും ചെയ്യില്ലെന്നും ഉറക്കത്തെ അത് ബാധിക്കുമെന്നും വിദഗ്ധർ ചൂണ്ടികാണിക്കുന്നു. ശരിക്കുംപറഞ്ഞാൽ ചായ ദോഷകരമായ ഒരു ഹോട്ട് ഡ്രിങ്ക് അല്ല. ശരിയായ സമയത്ത് കുടിച്ചാൽ ശരീരത്തിന് ഉണർവും ഉന്മേഷവും നൽകാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |