തിരുവനന്തപുരം : വെളിച്ചെണ്ണയുൾപ്പെടെ സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിയമസഭയിൽ പി.എസ്. സുപാൽ എം.എൽ.എക്ക് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 339രൂപയിൽ നിന്ന് 319ആയും ശബരി നോൺ സബ്സിഡി 389 രൂപയിൽ നിന്ന് 359 രൂപയായും കേര വെളിച്ചെണ്ണയുടെ വില 429 രൂപയിൽ നിന്നും 419രൂപയായും കുറയ്ക്കും. തുവര പരിപ്പിന്റെ വില കിലോഗ്രാമിന് 93രൂപയിൽ നിന്ന് 88 രൂപയായും ചെറുപയറിന്റെ വില 90 രൂപയിൽ നിന്ന് 85 രൂപയായും കുറയ്ക്കും. പുതുക്കിയ നിരക്കുകൾ സെപ്തംബർ 22മുതൽ പ്രാബല്യത്തിൽ വരും.
ഓണക്കാലത്ത് അരിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുവേണ്ടി ഓരോ റേഷൻകാർഡിനും20കിലോഗ്രാം അരി25രൂപ വിലയ്ക്ക് നൽകിയിരുന്നു. ഇത് തുടർന്നും സപ്ലൈകോ വിൽപനശാലകൾ വഴി നൽകുന്നതാണെന്നും മന്ത്രി ഉറപ്പുനൽകി.
ഓണക്കാലത്ത് ഫലപ്രദമായി വിപണിയിൽ ഇടപെട്ട് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താനും വിലക്കയറ്റം നിയന്ത്രിക്കാനും സർക്കാരിന് കഴിഞ്ഞു. സപ്ലൈകോയുടെ ചരിത്രത്തിലെ എക്കാലത്തേയും പ്രതിദിന വില്പന റെക്കോഡ് മറികടന്നു.56.73ലക്ഷം കാർഡുടമകൾ സാധനങ്ങൾ കൈപ്പറ്റി.386കോടി രൂപയുടെ ആകെ വിറ്റുവരവ് ഉണ്ടായതിൽ180കോടി രൂപയുടെ സബ്സിഡി വില്പനയിൽ നിന്നാണെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |