ടോക്യോ ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കാൻ കഴിയാതെപോയ മലയാളി താരം ശ്രീശങ്കർ സംസാരിക്കുന്നു
തിരുവനന്തപുരം : പരിക്കും ശസ്ത്രക്രിയയും വിശ്രമമവും കഴിഞ്ഞ് വെറും 42 ദിവസം മുമ്പുമാത്രം മത്സരങ്ങളിൽ പങ്കെടുത്തുതുടങ്ങിയ തന്റെ ഏറ്റവും വലിയ ലക്ഷ്യം ടോക്യോ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക എന്നതായിരുന്നുവെന്നും യോഗ്യതാ റൗണ്ടിൽ നിന്ന് ഫൈനലിലേക്ക് എത്താൻ കഴിയാത്തതിൽ വലിയ നിരാശയില്ലെന്നും മലയാളി ലോംഗ്ജമ്പ് താരം ശ്രീശങ്കർ. ടോക്യോയിൽ യോഗ്യതാ റൗണ്ടിനിറങ്ങിയ ശ്രീശങ്കർ 7.78 മീറ്റർ ചാടി 25-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
'' വാം അപ്പിനായി ട്രാക്കിലെത്തിയപ്പോൾ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങളൊക്കെ അടുത്തുവന്ന് പരിക്കിൽ നിന്ന് ഇത്രയും വേഗത്തിൽ തിരിച്ചുവരാനായതിൽ അഭിനന്ദിച്ചു. അവരൊക്കെ ഒരു വർഷമായി ലോക ചാമ്പ്യൻഷിപ്പ് ലക്ഷ്യമിട്ട് പരിശീലനവും മത്സരങ്ങളുമായി തയ്യാറെടുത്തപ്പോൾ കഴിഞ്ഞ 42 ദിവസത്തിനിടയിൽ അഞ്ച് മീറ്റുകളിൽ മാത്രമാണ് ഞാൻ പങ്കെടുത്തത്. ടോക്യോയിൽ മത്സരിക്കാൻ ഇറങ്ങുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അത് സാധിച്ചു. ഫൈനലിൽ എത്താത്തതിലോ എട്ടു മീറ്റർ ചാടാനാകാത്തതിലോ നിരാശയില്ല. ഇവിടെ പങ്കെടുക്കാൻ കഴിഞ്ഞത് ഇനിയും മുേോാുപോകാനുള്ള ഉൗർജം നിറയ്ക്കുന്നു."" - ശ്രീശങ്കറിന്റെ വാക്കുകൾ.
കഴിഞ്ഞ വർഷം പാരീസ് ഒളിമ്പിക്സിന് മുമ്പാണ് ശ്രീശങ്കറിന് പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റത്. ഇതോടെ പാരീസ് ഒളിമ്പിക്സും താരത്തിന് നഷ്ടമായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന ശങ്കു ആറുമാസം മുമ്പാണ് ചെറുതായി ചാടിത്തുടങ്ങിയത്. പരിക്കിന്റെ ഭീകരതവച്ചുനോക്കുമ്പോൾ ജമ്പിംഗ് പിറ്റിലേക്കുള്ള തിരിച്ചുവരവ്തന്നെ ദുഷ്കരമായിരുന്നു.കാര്യവട്ടം സായ് എൽ.എൻ.സി.പി.ഇയിൽ പിതാവും കോച്ചുമായ മുരളിക്കൊപ്പം പതിയെപ്പതിയെ പരിശീലനം പുനരാരംഭിച്ച ശങ്കു ലോക ചാമ്പ്യൻഷിപ്പ് ബിബ് ധരിക്കണമെന്ന ലക്ഷ്യം മനസിൽ സൂക്ഷിച്ച് അതിനായി ശ്രമം നടത്തി. കഴിഞ്ഞ ജൂണിൽ സ്പൈക്ക് ധരിച്ച് പരിശീലനം പുനരാരംഭിച്ച ശങ്കു ജൂലായ്‌യിൽ പൂനെയിൽ നടന്ന ഇന്ത്യൻ ഓപ്പണിൽ 8.05 മീറ്റർ ചാടി സ്വർണം നേടിയാണ് പിറ്റിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് പോർച്ചുഗലിലും കസാഖിസ്ഥാനിലും നടന്ന ഇൻവിറ്റേഷണൽ മീറ്റുകളിൽ സ്വർണം നേടി. ആഗസ്റ്റിൽ ഭുവനേശ്വറിൽ പൂനെയിൽ നടന്ന ഇന്ത്യൻ ഓപ്പണിൽ സീസണിലെ മികച്ച സമയമായ 8.13 മീറ്ററും ചാടി ലോക റാങ്കിംഗ് മികവിൽ ടോക്യോയിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു.
ടോക്യോയിൽ 8.15 മീറ്റർ ആയിരുന്നു ഫൈനലിലേക്കുള്ള യോഗ്യതാമാർക്ക്. ശ്രീശങ്കർ 7.78 മീറ്റർ ചാടി 25-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് എ,ഗ്രൂപ്പ് ബി മത്സരങ്ങളിൽ നിന്ന് 12 പേർക്കായിരുന്നു ഫൈനൽ പ്രവേശനം. യോഗ്യതാ മാർക്ക് കടന്നവരില്ലെങ്കിൽ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയവരെ ഫൈനലിൽ പ്രവേശിപ്പിക്കും. നാലുപേർക്ക് മാത്രമാണ് യോഗ്യതാ മാർക്ക് കടന്ന് ഫൈനലിലെത്താനായത്. എട്ടുപേരെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഫൈനലിലേക്ക് പ്രവേശിപ്പിച്ചു. 7.98 മീറ്റർ ചാടിയവർ വരെ ഫൈനലിലേക്ക് എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |