പത്തനംതിട്ട: ശനിയാഴ്‌ച പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പന്തളം കൊട്ടാരം പ്രതിനിധികൾ പങ്കെടുക്കില്ല. പന്തളം കൊട്ടാരം നിർവാഹകസംഘം പുറത്തിറക്കിയ പത്രക്കുറിപ്പിൽ കുടുംബാംഗങ്ങളുടെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി കാരണമാണ് പങ്കെടുക്കാത്തത് എന്ന് പറയുന്നു. അശുദ്ധി 27ന് മാത്രമേ കഴിയുകയുള്ളൂ. അതുവരെ ഇത്തരം ചടങ്ങുകളിൽ നിന്നെല്ലാം കൊട്ടാരം വിട്ടുനിൽക്കും എന്ന് നിർവാഹകസംഘം സെക്രട്ടറി എം.ആർ.എസ് വർമ്മ പത്രക്കുറിപ്പിൽ അറിയിച്ചു. അശുദ്ധിയുള്ളതിനാൽ ആചാരപ്രകാരം നിലയ്‌ക്കലിന് അപ്പുറം പോകാൻ കൊട്ടാരം അംഗങ്ങൾക്ക് സാദ്ധ്യമല്ല.
അശുദ്ധി കാരണമാണ് പങ്കെടുക്കാത്തതെങ്കിലും 2018ൽ ശബരിമല പ്രക്ഷോഭ കാലത്തെടുത്ത കേസുകൾ പിൻവലിക്കണം എന്ന കൊട്ടാരത്തിന്റെ ആവശ്യം പരിഗണിക്കാത്തതിലുള്ള അതൃപ്‌തിയും പത്രക്കുറിപ്പിൽ ഉണ്ട്. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പന്തളം കൊട്ടാരം സന്ദർശിച്ച വേളയിൽ നിർവാഹകസംഘം ഭാരവാഹികൾ ഇക്കാര്യം പ്രധാനമായും ആവശ്യപ്പെട്ടിരുന്നു. ഇത് വേണ്ടപ്പെട്ട അധികാരികളുമായി ആലോചിച്ച് വേണ്ട നടപടികളെടുക്കും എന്നാണ് പ്രസിഡന്റ് അന്ന് അറിയിച്ചിരുന്നത്. കേസുകൾ ഉടൻ പിൻവലിക്കില്ലെന്ന് മാദ്ധ്യമങ്ങൾ വഴി അറിയിച്ചതും സുപ്രീംകോടതി കേസുകളിൽ മുൻനിലപാട് ആവർത്തിച്ചു കൊണ്ടുള്ള സർക്കാർ തീരുമാനം പ്രതിഷേധാത്മകവും ഭക്തജനങ്ങൾക്ക് വേദനാജനകവുമാണെന്ന് കൊട്ടാരം നിലപാട് വ്യക്തമാക്കി.
സർക്കാരും ദേവസ്വംബോർഡും ക്ഷേത്രാചാരങ്ങളിൽ മാറ്റം വരുത്താതെ വിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും സംരക്ഷിച്ച് മാത്രമേ മുന്നോട്ട്പോകാവൂ എന്നും കൊട്ടാരം ആവശ്യപ്പെടുന്നുണ്ട്. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനെ സംബന്ധിച്ച് വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മയുമായി സംസാരിച്ചപ്പോൾ ശബരിമലയിൽ ഭക്തജനങ്ങൾക്ക് ഉപകാരപ്രദമായ വികസനങ്ങൾ വരുന്നതിന് കൊട്ടാരം എതിരല്ലെന്ന് അദ്ദേഹം അറിയിച്ചതായും പത്രക്കുറിപ്പിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |