തിരുവനന്തപുരം: ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ടന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. 2016 - 2021-ലെ സര്‍ക്കാരും നിലവിലുള്ള സര്‍ക്കാരും ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
2022-23 സാമ്പത്തിക വര്‍ഷം മുതല്‍ 2024-25 സാമ്പത്തിക വര്‍ഷം വരെ ആകെ 18,39,73,611/- രൂപ വിവിധ ഇനങ്ങളിലായി റിലീസ് ചെയ്യണമെന്നാണ് സര്‍ക്കാരിനോട് ശബരിമല മാസ്റ്റര്‍പ്ലാന്‍ ഉന്നതാധികാരസമിതി ആവശ്യപ്പെട്ടിരുന്നത്. അതില്‍ ആകെ 15,69,19,689/- രൂപ ടി കാലയളവില്‍ റിലീസ് ചെയ്ത് നല്‍കിയിട്ടുണ്ട്.
ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലിന്‍റെ ലേ ഔട്ട് പ്ലാനിന് 2020-ല്‍ തന്നെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ മൂലം ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തികള്‍ എല്ലാം തന്നെ വേഗത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി സന്നിധാനത്തിന്‍റെയും പമ്പ & ട്രെക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.
ശബരിമല സന്നിധാനത്തിന്റെ വികസനത്തിനായി 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 600.47 കോടി രൂപയും 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും 2034-2039 വരെയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ശബരിമല സന്നിധാനത്തിന്റെ വികസനത്തിനായി ലേ ഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്.
ലേ ഔട്ട് പ്ലാന്‍ പ്രകാരം പമ്പയുടെ വികസനത്തിനായി 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 184.75 കോടി രൂപയും, 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉള്‍പ്പെടെ ആകെ 207.48 കോടി രൂപയും ട്രെക്ക് റൂട്ടിന്‍റെ വികസനത്തിനായി 2022-2025 വരെയുള്ള ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും 2024-2026 വരെയുള്ള രണ്ടാം ഘട്ടത്തിന് 15.09 കോടി രൂപയും ഉള്‍പ്പെടെ ആകെ 47.97 കോടി രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്. സന്നിധാനം, പമ്പ, ട്രെക്ക് റൂട്ട് എന്നിവയുടെ വികസനത്തിനായി ലേ ഔട്ട് പ്ലാനുകള്‍ പ്രകാരം ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 1033.62 കോടി രൂപയാണ്.
കൂടാതെ ബജറ്റിന് ഉപരിയായി ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്കായി കഴക്കൂട്ടം, ചെങ്ങന്നൂര്‍, ചിറങ്ങര, എരുമേലി, നിലക്കല്‍, മണിയങ്കോട് എന്നിവിടങ്ങളില്‍ കിഫ്ബി (KIIFB) സഹായത്തോടെ 116.41 കോടി രൂപ ചിലവഴിച്ചു ഇടത്താവളങ്ങളുടെ നിര്‍മാണവും നടത്തിയിട്ടുണ്ടന്ന് എം.എല്‍.എ മാരായ പി. അനില്‍കുമാര്‍, എല്‍ദോസ് പി. കുന്നപ്പിള്ളില്‍, സി.ആര്‍. മഹേഷ് എന്നിവരുടെ നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് ഉത്തരമായി മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |