തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങളെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചീറ്റിപ്പോയെന്ന് പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിന്റെയും കേരളത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലെ അതിക്രമങ്ങളുടെയും നേർസാക്ഷ്യമാണ് പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ചത്. പൊലീസ് അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത് മുഖ്യമന്ത്രി തന്നെയാണ്.
പയ്യന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചെടിച്ചെട്ടിയും ഹെൽമെറ്റുംകൊണ്ടടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചപ്പോൾ അതിനെ രക്ഷാപ്രവർത്തനമെന്നല്ലേമുഖ്യമന്ത്രി വിശേഷിപ്പിച്ചതെന്നും സണ്ണി ജോസഫ് ചോദിച്ചു. ഇതോടൊപ്പം ആരോഗ്യ വകുപ്പിനെതിരെയും അദ്ദേഹം വിമർശനങ്ങൾ ഉന്നയിച്ചു. ചികിത്സാ പിഴവിന്റെ നീണ്ട നിരയാണ് ഇക്കാലയളവിൽ പുറത്തുവന്നത്. പകർച്ച വ്യാധികൾ പടരുമ്പോഴും അതിനെ പ്രതിരോധിക്കാൻ സർക്കാരിന് കഴിയുന്നില്ല. വസ്തുതകൾ ഇതായിരിക്കെ സർക്കാർ ജനദ്രോഹ നടപടികളെ അന്ധമായി ന്യായീകരിക്കുകയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |