തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഉയർന്നുവരുന്ന വൈദ്യുതി ആവശ്യകതയും സുരക്ഷാ വെല്ലുവിളികളും നേരിടുന്നതിനായുള്ള നയരൂപീകരണം ലക്ഷ്യമിട്ട് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ കീഴിലുള്ള ഇവി ആക്സിലറേറ്റർ സെൽ, ഡബ്ല്യുആർഐ ഇന്ത്യയുമായി ചേർന്ന് ശിൽപ്പശാല സംഘടിപ്പിച്ചു.
കെ.എസ്.ഇ.ബി. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മിൻഹാജ് ആലം ഐഎഎസ് പ്രാരംഭ പ്രഭാഷണം നടത്തി. ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐഎഎസ്, അനെർട്ട് ഇ മൊബിലിറ്റി ഹെഡ് മനോഹരൻ ജെ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വിനോദ് ജി, തുടങ്ങിയവർ സംസാരിച്ചു.വൈദ്യുതി, ഗതാഗത മേഖലകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, റെഗുലേറ്ററി ഏജൻസികൾ, നവ പുനരുപയോഗ ഊർജ്ജ സ്ഥാപനങ്ങളുടെയും വ്യവസായങ്ങളുടെയും പ്രതിനിധികൾ, ഗതാഗതഗ്രിഡ് മാനേജ്‌മെന്റ് വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു.
Charging Kerala Forward – Resilient Grids for the EV Era: Managing Energy Transition and Safety in Kerala’ എന്ന ശീർഷകത്തിലുള്ള വർക്ക്‌ഷോപ്പിൽ, വൈദ്യുത വാഹനങ്ങളുടെ ചാർജിംഗിനായുള്ള സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങളുടെയും, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങളുടെയും ആവശ്യകത വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, മോട്ടോർ വാഹന വകുപ്പ്, കെ എസ് ആർ ടി സി, കെഎസ്ഇബി എന്നിവയിൽ നിന്നുള്ള വിദഗ്ദ്ധർ പങ്കെടുത്ത ചർച്ചയിൽ വ്യക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ ചാർജിംഗ് സ്റ്റേഷനുകൾ അതിവേഗം വർധിക്കുന്നത് അപകടങ്ങൾക്ക് കാരണമാകാമെന്നും ഇത് കേരളത്തിന്റെ വൈദ്യുത വാഹന വളർച്ചയെ മന്ദഗതിയിലാക്കുമെന്നും മുന്നറിയിപ്പ് നൽകി.
പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെ വൈദ്യുത വാഹനങ്ങളുടെ ഉപയോഗവുമായി ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മിൻഹാജ് അലി ഐ എ എസ് ചൂണ്ടിക്കാട്ടി. പകൽ സമയങ്ങളിൽ താങ്ങാനാവുന്നതും സുസ്ഥിരവുമായ ചാർജിംഗ് സാധ്യമാക്കാൻ സോളാർ ഊർജ്ജം പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2025 ഓഗസ്റ്റ് വരെ 2.8 ലക്ഷം വൈദ്യുത വാഹനങ്ങൾ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ, അതിവേഗം വളരുന്ന വൈദ്യുത വാഹന മേഖലയുടെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന് (കെഎസ്ഇബി) ഒരു പ്രധാന പങ്കുണ്ട്. കേരളം അതിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യത്തിന് കീഴിൽ സമഗ്രമായി വൈദ്യുത വാഹനങ്ങൾക്കായി ആസൂത്രണം ചെയ്യേണ്ടതുണ്ട് എന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |