കോന്നി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യ കൺമണി പിറന്നു, ലക്ഷ്യമോൾ. പുതിയ ആശുപത്രികളിൽ ആദ്യം പിറക്കുന്ന കുഞ്ഞുങ്ങൾ ചരിത്രമാകാറുണ്ട്. അങ്ങനെ ലക്ഷ്യമോൾ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയുടെ ചരിത്രമായി. പത്തനംതിട്ട ദേവികൃപയിൽ സിന്ദൂരി-വിഷ്ണു ദമ്പതികൾക്കാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിന് ലക്ഷ്യമോൾ എന്നു പേരിട്ടതിലും പ്രത്യേകതയുണ്ട്. ആശുപത്രിയിൽ അന്താരാഷ്ട്ര തലത്തിലെ ലക്ഷ്യ നിലവാരത്തിലുള്ള ഗൈനക്ക് വിഭാഗവും ശസ്ത്രക്രിയ സൗകര്യങ്ങളുമാണുള്ളത്. അതുകൊണ്ട് ഇവിടെ ആദ്യം പിറന്ന കുഞ്ഞിന് ലക്ഷ്യ എന്നു പേരു നൽകട്ടെയെന്ന് പ്രിൻസിപ്പാൾ ഡോ. ആർ.എസ്. നിഷ കുട്ടിയുടെ മാതാപിതാക്കളോട് ചോദിച്ചു. അവർ സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് മാതാപിതാക്കൾക്കും കുഞ്ഞിനും ആശംസകൾ നേർന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലേയും കോന്നി മെഡിക്കൽ കോളേജിലെയും മുഴുവൻ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.
സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ലേബർ റൂമിൽ സജ്ജമാക്കിയിരിക്കുന്നത്. ലക്ഷ്യ നിലവാരത്തിൽ മൂന്നരക്കോടി രൂപ ചെലവഴിച്ച് രണ്ടായിരത്തി എണ്ണൂറോളം ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന ലേബർ റൂമിൽ ഒ.പി, അൾട്രാ സൗണ്ട് സ്‌കാനിംഗ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, മൈനർ ഓപ്പറേഷൻ തിയേറ്റർ, സെപ്റ്റിക്ക് മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, രണ്ട് എൽ.ഡി.ആർ സ്യൂട്ടുകൾ, പ്രസവത്തിനായി എത്തുന്നവരുടെ ആദ്യ, രണ്ടാം, മൂന്നാം ഘട്ട ചികിത്സയ്ക്കുള്ള സൗകര്യം, റിക്കവറി റൂമുകൾ, വാർഡുകൾ, ഡെമോ റൂം, എച്ച്.ഡി.യു, ഐ.സി.യു, ഐസൊലേഷൻ യൂണിറ്റുകൾ എന്നിവയുണ്ട്.
പത്തനംതിട്ട ജനറൽ ആശുപത്രിയിലായിരുന്നു സിന്ദൂരിയെ കാണിച്ചിരുന്നത്. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗൈനക്ക് അടക്കമുള്ള പ്രധാന ശസ്ത്രക്രിയ വിഭാഗങ്ങൾ കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടർന്നുള്ള പരിശോധനകൾ അവിടെ നടത്തി. കഴിഞ്ഞ ദിവസം ഡോക്ടറെ കാണാനെത്തിയ സിന്ദൂരിക്ക് അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റു ചെയ്യുകയായിരുന്നു. സിസേറിയനിലൂടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
പ്രതീക്ഷകളുടെ മലയേറി
ആതുര ശുശ്രൂഷരംഗത്ത് മലയോര ജനതയുടെ പ്രതീക്ഷകളെ വാനോളം ഉയർത്തിക്കൊണ്ടാണ് കോന്നി മെഡിക്കൽ കോളേജ് 2020-ൽ പ്രവർത്തനം ആരംഭിച്ചത്. കോളേജിന്റെ തുടർ വികസനത്തിന് കിഫ്ബിയിൽ നിന്ന് അനുവദിച്ച 352 കോടിയുടെ നിർമ്മാണ പ്രവർത്തികൾ മൂന്നുവർഷം മുമ്പാണ് ആരംഭിച്ചത്. പുത്തൻ നാഴികക്കല്ലായി അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 2023 ഏപ്രിൽ മാസം നിർവഹിച്ചിരുന്നു. മൂന്നരക്കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂം ഓപ്പറേഷൻ തിയേറ്ററിന്റെയും ഇരുപത്തിയേഴ് ലക്ഷം രൂപാ മുടക്കി എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് ഫാർമസിയുടെയും ഉദ്ഘാടനം ഇക്കഴിഞ്ഞ ജൂലായിൽ മന്ത്രി വീണാ ജോർജാണ് നിർവഹിച്ചത്.
കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കൽ കോളേജുകളിൽ ഒന്നായി കോന്നിയെ മാറ്റി തീർക്കുവാനുള്ള അടിസ്‌ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയും വിദ്യാഭ്യാസവും ഗവേഷണവും ഉറപ്പാക്കാൻ കഴിയുന്ന കേന്ദ്രമായി കോന്നി മെഡിക്കൽ കോളജിനെ മാറ്റി തീർക്കാനുള്ള പരിശ്രമങ്ങൾ തുടരുകയാണ്.
ആരോഗ്യ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷ്യനിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച ലേബർ റൂമിൽ ഓ.പി, അൾട്രാ സൗണ്ട് റൂം, ട്രയാജ് ഏരിയ, ഗൈനക് മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, സെപ്റ്റിക് മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, മൈനർ ഓപ്പറേഷൻ തിയേറ്റർ, എൽ.ഡി.ആർ സ്യൂട്ട്, ആന്റി നേറ്റൽ-പോസ്‌റ്റുനേറ്റൽ വാർഡുകൾ, ലേബർറൂം ഫെസിലിറ്റികൾ, എച്ച്.ഡി.യു, ഐ.സി.യുകൾ എന്നിവ പ്രവർത്തന സജ്ജമാവുകയാണ്.
പുതിയ ആരോഗ്യസംസ്കാരം വേണം
ചെറിയ പിഴവുകൾക്കു പോലും വലിയ പഴി കേൾക്കേണ്ടി വരുന്നവരാണ് ആരോഗ്യ വകുപ്പ്. പുതിയ കാലത്ത് ആരോഗ്യ രംഗം വലിയ വെല്ലുവിളികളാണ് നേരിടുന്നത്. പുതിയ രോഗങ്ങളെ പിടിച്ചു കെട്ടാൻ സദാ ജാഗരൂകരാകണം. അടിസ്ഥാന സൗകര്യ വികസനവും പരിശോധനയിലെ ആധുനിക സാങ്കേതിക വിദ്യയും വേഗത്തിൽ ലഭ്യമാക്കുകയാണ് പ്രധാനം. അക്കാര്യത്തിൽ കേരളം മുന്നിലാണ്. രാജ്യാന്തര നിലവാരത്തിലെ ചികിത്സാരീതികൾ ലഭ്യമാക്കുന്നതിൽ നാം വളരെയേറെ മുന്നേറിയിട്ടുണ്ട്. എന്നിരുന്നാലും പരിഹരിക്കപ്പെടേണ്ടതായ വിഷയങ്ങൾ ഈ മേഖലയിൽ നിലനിൽക്കുന്നു. ഡോക്ടർമാരുടെ രോഗികളോടുള്ള പെരുമാറ്റം പ്രധാനമാണ്. ശസ്ത്രക്രിയകളിൽ വരുന്ന പിഴവും ഉപകരണ ക്ഷാമവും ആക്ഷേപങ്ങൾ കേൾപ്പിക്കുന്നു.
ചില വിദേശ രാജ്യങ്ങളിൽ ഡോക്ടർമാർ ഗർഭിണികളെ വീട്ടിലെത്തി പരിശോധിക്കുന്നുണ്ട്. അയൽ രാജ്യമായ ചൈന തന്നെ ഉദാഹരണം. മരുന്നുകൾ കുറച്ച് പോഷകാംശമുള്ളതും മരുന്നുകൾക്ക് പകരമുള്ള ധാതുലവണങ്ങൾ അടങ്ങിയതുമായ ഭക്ഷണ രീതികളാണ് അവിടെ അവലംബിക്കുന്നത്. മറ്റ് അസുഖങ്ങൾ ഉള്ളവരെ വീട്ടിലെത്തി ചികിത്സിക്കുന്ന പുതിയ സമ്പ്രദായമാണ് ഇനി ആധുനിക ലോകത്തെ കാത്തിരിക്കുന്നത്. ആശുപത്രികളിലെ തിരക്കു കുറയ്ക്കുന്നതിന് ഇത് സഹായിക്കും. അത്തരം പുതിയ ആരോഗ്യ സംസ്കാരം നമ്മുടെ നാട്ടിലും ഉയർന്നു വരേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |