തിരുവനന്തപുരം: 1995ൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ശിവഗിരിയിൽ പൊലീസിനെ അയച്ച സംഭവം തനിക്ക് ഏറ്റവും ദുഃഖവും വേദനയുമുണ്ടാക്കിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. യു.ഡി.എഫ് കാലത്തെ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിനാണ് ആന്റണി പത്രസമ്മേളനത്തിൽ മറുപടി പറഞ്ഞത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് അവസാനമായി താൻ വാർത്താസമ്മേളനം നടത്തിയത്. ഇപ്പോൾ ഇതുപോലൊന്ന് നടത്തേണ്ടിവരുമെന്ന് കരുതിയില്ല. മുഖ്യമന്ത്രി യുടെ പരാമർശങ്ങൾ അത്രയ്ക്ക് വിഷമിപ്പിച്ചു. അതിനെതിരെ പറയാൻ നിയമസഭയിൽ ആരുമുണ്ടായില്ല. 21വർഷം മുൻപ് കേരള രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിയതാണെന്നും ആന്റണി പറഞ്ഞു.
ശിവഗിരിയിലും മുത്തങ്ങയിലുമുണ്ടായത് തന്റെ കാലത്തെ പൊലീസ് അതിക്രമങ്ങളാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുത്തങ്ങയിൽ ഒരു പൊലീസുകാരനും ആദിവാസിയും മരിച്ചു.രണ്ടിലും സന്തോഷമുണ്ടായില്ല.പൊലീസ് വീഴ്ത്തുന്ന ചോരയെ ന്യായീകരിക്കുന്ന സമീപനമല്ല.ശിവഗിരി സംഭവത്തെക്കുറിച്ച് ജസ്റ്റിസ് ബാലകൃഷ്ണൻ നമ്പ്യാരെ കമ്മിഷനാക്കി, പിന്നീട് വന്ന മുഖ്യമന്ത്രി ഇ.കെ.നായനാർ ജുഡീഷ്യൽ അന്വേഷണം നടത്തിയിരുന്നു.ആ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നു.മുത്തങ്ങ സംഭവത്തിൽ കേന്ദ്രത്തിലെ വാജ്പേയ് സർക്കാർ സി.ബി.ഐ.അന്വേഷണം നടത്തിയിരുന്നു.രണ്ടു റിപ്പോർട്ടും സംസ്ഥാന സർക്കാരിന്റെ കൈവശമുണ്ട്.അത് പരസ്യപ്പെടുത്തണം.അതിൽ ആരെയാണ് കുറ്റപ്പെടുത്തുന്നതെന്ന് വെളിപ്പെടട്ടെ.സത്യം ജനങ്ങൾ അറിയട്ടെ.
നടപടി ഹൈക്കോടതി വിധി പ്രകാരം
1995ൽ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കാനായിരുന്നു ശിവഗിരിയിൽ പൊലീസ് ആക്ഷൻ. മത്സരമുണ്ടാകുമ്പോൾ തോറ്റ വിഭാഗക്കാർ ജയിച്ച വിഭാഗക്കാർക്ക് അധികാരം കൈമാറുന്ന, ശിവഗിരിയിൽ കാലാകാലങ്ങളായി നടന്നു വന്ന രീതി1995ൽ മാത്രം നടന്നില്ല. തോറ്റ വിഭാഗക്കാർ പറഞ്ഞ ന്യായം സ്വാമി പ്രകാശാനന്ദയ്ക്കും കൂട്ടർക്കും ഭരണം കൈമാറിയാൽ മതാതീത ആത്മീതയുടെ കേന്ദ്രമായ ശിവഗിരി കാവിവത്കരിക്കപ്പെടുമെന്നതായിരുന്നു. പ്രകാശാനന്ദയും കൂട്ടരും ആദ്യം കീഴ്ക്കോടതിയെ സമീപിച്ചു. കീഴ്ക്കോടതി ജയിച്ചവർക്ക് അനുകൂലമായി വിധിയെഴുതി. ഇത് സംഘർഷത്തിന് സാധ്യതയുണ്ടാക്കി. പ്രകാശാനന്ദയ്ക്കും കൂട്ടർക്കും അധികാരം കൈമാറിയേ പറ്റൂവെന്ന കർശന നിർദേശം തുടർന്ന് ഹൈക്കോടതി നൽകി. വിധി നടപ്പിലാക്കാൻ പൊലീസിന് സംരക്ഷണവും ആവശ്യപ്പെട്ടു.
പല തവണ അപ്പീൽ പോയെങ്കിലും, എന്ത് വില കൊടുത്തും പൊലീസിന്റെ അധികാരം ഉപയോഗിച്ച് അവിടെ ഇടപെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അവിടെ പൊലീസിനെ എതിർത്ത് ഒത്തുകൂടിയവർ ആരൊക്കെയാണെന്ന് പറയുന്നില്ല. ഇതൊന്നും സർക്കാർ പെട്ടെന്നു നടപ്പാക്കിയതല്ല.താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്. തന്റെ അഭ്യർഥന മാനിച്ചാണ് ചേർത്തല സ്കൂളിന്റെ പേര് ശ്രീനാരായണ ഹൈസ്കൂളെന്ന് അന്നത്തെ മന്ത്രി പി.ജെ.ജോസഫ് മാറ്റിയത്.
ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താനാണ്. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴി കേട്ടു. മുത്തങ്ങ ദേശീയ വന്യജീവി സങ്കേതമാണ്. അവിടെ കുടിൽ കെട്ടിയപ്പോൾ എല്ലാ പാർട്ടികളും മാധ്യമങ്ങളും അവരെ ഇറക്കി വിടണമെന്നാവശ്യപ്പെട്ടു. പിന്നീട് നിലപാട് മാറി.3 ദിവസം കേന്ദ്രം കത്ത് നൽകി. അവരുടെ താക്കീതിന് ശേഷമാണ് നടപടിയെടുത്തത്- ആന്റണി പറഞ്ഞു.
മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്
'ശിവഗിരിയിൽ സന്യാസിമാരുടെ തല അടിച്ചു പൊളിച്ചതും, മുത്തങ്ങയിൽ ആദിവാസികളെ കൊലപ്പെടുത്തിയതും ആരുടെ ഭരണ കാലത്താണെന്ന് ഓർക്കണം."
ഇത് അവസാനത്തെ വാർത്താസമ്മേളനമല്ല: എ.കെ.ആന്റണി
ഇത് തന്റെ അവസാനത്തെ വാർത്താസമ്മേളനമല്ലെന്നും,ഇനിയും വരുമെന്നും എ.കെ.ആന്റണി. ഏറെക്കാലം കൂടി വാർത്താലേഖകരെ കാണാനെത്തിയ ആന്റണിയെ മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ കൊണ്ട് പൊതിഞ്ഞു.മാറാട് കലാപം മുതൽ അയ്യപ്പ സംഗമവും രാഹുൽ മാങ്കൂട്ടത്തിൽ വിവാദവും വരെ. ഒന്നിനും പിടി കൊടുക്കാതെ രാഷ്ട്രീയമെയ് വഴക്കത്തോടെ ഒഴിഞ്ഞുമാറിയ ആന്റണി,താൻ ജീവിച്ചിരുന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വാർത്താലേഖകരെ കാണുമെന്നും എല്ലാം തുറന്ന് പറയുമെന്നും ഉറപ്പ് നൽകി.ഇപ്പോൾ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചിട്ടുമില്ല,സജീവവുമല്ല.അങ്ങനെയുള്ള സ്ഥിതിയാണ്.തന്റെ ഇമേജിന് വേണ്ടിയല്ല വാർത്താ സമ്മേളനം നടത്തുന്നത്. മറ്റു വിവാദ വിഷയങ്ങളിലേയ്ക്ക് താനില്ല.
എല്ലാ പൊലീസ് നടപടികളിലും ദുഃഖമുണ്ട്. ജീവിതത്തിൽ ശരിയും തെറ്റുകളുമുണ്ടായിട്ടുണ്ട്. കണക്കെടുക്കേണ്ട സമയമാണ്. ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു. താൻ ഗ്രൂപ്പ് രാഷ്ടീയം ഉപേഷിച്ചിട്ട് കാൽ നൂറ്റാണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്റണി വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |