ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ മസൂദ് അസറിന്റെ കുടുംബം ചിന്നിച്ചിതറിയെന്ന ജെയ്‌ഷെ മുഹമ്മദ് കമാൻഡറിന്റെ തുറന്നുപറച്ചിലിനോട് പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇത് ഇന്ത്യൻ സായുധസേനയുടെ ധീരതയും കരുത്തും തെളിയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കാൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും ഹൈദരാബാദിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. 'പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ കരുത്താർജ്ജിക്കുകയാണ്. എന്തെങ്കിലും തരത്തിലുള്ള ഭീകരപ്രവർത്തനങ്ങളുണ്ടായാൽ ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കും.പാകിസ്ഥാനുമായുള്ള വെടിനിറുത്തൽ കരാറിൽ മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായിട്ടില്ല. ചിലരുടെ ഇടപെടൽ കാരണമാണ് വെടിനിറുത്തലുണ്ടായതെന്ന് ചിലർ പറയുന്നു. ഭീകരവാദത്തിനെതിരായ നമ്മുടെ നടപടികൾ ആരുടെയും ഇടപെടലിന്റെ ഫലമല്ല"- അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനിടെ മൗലാന മസൂദ് അസറിന്റെ കുടുംബം ചിന്നിച്ചിതറിയതായി ജെയ്ഷെ മുഹമ്മദ് കമാൻഡർ ഇല്യാസ് കശ്മീരി സമ്മതിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തോക്കുധാരികളായ നിരവധി ഗാർഡുകൾക്കിടയിൽ നിന്ന് ഇയാൾ സംസാരിക്കുന്ന വീഡിയോയാണ് വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |