മൊഹാലി: ഓസ്ട്രേലിയക്കെതിരായ വനിതാ ഏകദിന പരമ്പരയിലെ നിർണായകമായ രണ്ടാം മത്സരത്തിൽ 102 റൺസിന്റെ തകർപ്പൻജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ സ്‌മൃതി മന്ഥനയുടെ സെഞ്ച്വറിയുടെ പിൻബലത്തിൽ 49.5 ഓവറിൽ 292 റൺസെടുത്ത് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ
ഓസ്ട്രേലിയ 40.5 ഓവറിൽ 190 റൺസിന് ഓൾഔട്ടായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്കായി സെഞ്ച്വറിയുമായി കളം നിറഞ്ഞ സ്മൃതി91 പന്തിൽ 14 ഫോറും 4 സിക്സും ഉൾപ്പെടെ 117 റൺസെടുത്തു. ദീപ്‌തിശർമ്മ (40), റിച്ച ഘോഷ് (29), പ്രതിക റാവൽ (25), സ്‌നേഹ റാണ (24) എന്നിവരും തിളങ്ങി. ഓസീസിനായി ഡാർസി ബ്രൺ 3 വിക്കറ്റ് വീഴ്‌ത്തി. മറുപടിക്കിറങ്ങിയ ഓസീസ് ബാറ്റർമാരിൽ അന്നബെൽ സതർലാൻഡ് (45),എല്ലിസ് പെറി (44) എന്നിവർക്ക് മാത്രമേ പിടിച്ചു നിൽക്കാനായുള്ലൂ. ക്രാന്തി ഗൗഡ് മൂന്നും ദീപ്‌തി ശർമ്മ രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.
വരുൺ ഒന്നാമൻ
ദുബായ്: ഐ.സി.സി ട്വന്റി-20 റാങ്കിംഗിൽ ഒന്നാമനായി വരുൺ ചക്രവർത്തി. ട്വന്റി-20യിൽ ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാംസ്ഥാനത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് വരുൺ. ജസ്പ്രീത് ബുംറയും രവി ബിഷ്ണോയിയുമാണ് നേരത്തേ ഒന്നാം റാങ്കിലെത്തിയ ഇന്ത്യൻ ബൗളർമാർ. ബാറ്റർമാരിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
പൊരുതി ജയിച്ച്
റയൽ
മാഡ്രിഡ്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിലെ പുതിയ സീസണിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ റയൽ മാഡ്രിഡ് മാഴ്‌സെലിക്കെതിരെ 2-1ന് പൊരുതി ജയിച്ചു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് എംബാപ്പെ നേടിയ രണ്ട് പെനാൽറ്റഇ ഗോളുകളുടെ മികവിൽ റയൽ ജയമുറപ്പിച്ചത്.തിമോത്തി വേയാണ് മാഴ്‌സെലിക്ക് തുടക്കത്തിൽ ലീഡ് നൽകിയത്. 72-ാം മിനിട്ടിൽ ഡാനി കാർവഹാൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പത്തുപേരുമായാണ് റയൽ മത്സരം പൂർത്തിയാക്കിയത്. തൊണ്ണൂറുകളുടെ ആദ്യം ചാമ്പ്യൻസ് ലീഗ് റീബ്രാൻഡ് ചെയ്ത ശേഷം 200 വിജയ നേടുന്ന ആദ്യ ടീമെന്ന നേട്ടവും റയൽ സ്വന്തമാക്കി.മറ്റ് മത്സരങ്ങളിൽ ആഴ്‌സനൽ 2-0ത്തിന് അത്‌ലറ്റിക്ക് ക്ലബിനെയും ടോട്ടനം 1-0ത്തിന് വിയ്യാറയലിനെയും തോൽപ്പിച്ചു.ആവേശകരമായ മത്സരത്തിൽ യുവന്റസും ബൊറൂഷ്യ ഡോർട്ട്മുണ്ടും 4 ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |