ലണ്ടൻ : ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടനിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമറിന്റെയും കൂടിക്കാഴ്ചക്കിടെ റഷ്യക്കുവേണ്ടി ചാരപ്പണി ചെയ്തെന്ന് ആരോപിച്ച് മൂന്നുപേർ അറസ്റ്റിൽ. റഷ്യയുമായി ബന്ധമുളള വിദേശ ഇന്റലിജൻസ് സർവീസിനെ സഹായിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. വിദേശ രാജ്യങ്ങളുടെ ഭീഷണികൾക്കെതിരെയുളള ദേശീയ സുരക്ഷ നിയമത്തിനുകീഴിലാണ് അറസ്റ്റെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടു പുരുഷൻമാരും ഒരു സ്ത്രീയുമാണ് പൊലീസിന്റെ പിടിയിൽ ആയത്.
മോസ്കോയുടെ രഹസ്യാന്വോഷണ ശൃംഖലകൾക്കായി പ്രവർത്തിച്ചതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും ഇവർ പ്രതികളാണ്. വിദേശ ശക്തികൾക്കായി പ്രവർത്തിക്കുന്നവരുടെ എണ്ണം (പ്രോക്സികൾ) നിരന്തരം വർദ്ധിക്കുന്നതായി ഭീകരവിരുദ്ധ യൂണിറ്റ് തലവനായ കമാൻഡർ ഡൊമിനിക് മർഫി പറഞ്ഞു. ഇത്തരം പ്രവൃത്തിയിൽ ഏർപ്പെടുന്നവർ കടുത്ത പ്രത്യാഘാതങ്ങൾ നേരിടണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നേരെത്തയും റഷ്യയുമായി ബന്ധപ്പെട്ട് ഇത്തരം സംഭവങ്ങൾ ഉയർന്നു വന്നിരുന്നു. യുക്രെയിനുമായി ബന്ധമുളള വെയർ ഹൗസിൽ തീപിടിത്തമുണ്ടാക്കാൻ റഷ്യയിലെ വാഗ്നർ ഗ്രൂപ്പ് റിക്രൂട്ട് ചെയ്ത രണ്ട് ബ്രിട്ടീഷ് പൗരൻമാർ സമീപകാലത്ത് അറസ്റ്റിലായിരുന്നു. ഇവർ ഇപ്പോൾ ജയിലിലാണ്. യൂറോപ്പിലുടനീളം ചാരപ്രവർത്തനങ്ങൾക്കും അട്ടിമറി ദൗത്യങ്ങൾക്കും റഷ്യ പിന്തുണ നൽകുന്നുണ്ടെന്ന് ബ്രിട്ടൺ വളരെക്കാലമായി ആരോപിക്കുന്നുണ്ട്. ഈ വർഷം ജൂലായിൽ ലണ്ടനിൽ യുക്രെയിനുമായി ബന്ധമുള്ള ബിസിനസ് സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്നുപേരെ ശിക്ഷിച്ചിരുന്നു. മാർച്ചിലും റഷ്യക്ക് വേണ്ടി ചാരവൃത്തി ചെയ്ത ഒരുസംഘം ബൾഗേറിയക്കാരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |