ആരാധനാമൂർത്തിയിൽ ആത്മാവിന്റെ വിലയനമാണ് പൂർണഭക്തി. ആ ഭക്തിയിൽ ആനന്ദവും ആത്മസായുജ്യവുമല്ലാതെ മറ്റൊന്നുമില്ല. മനസുകൊണ്ട് ദേവനിൽ ലയിച്ചുകഴിഞ്ഞാൽ പ്രപഞ്ചം ഉൾക്കൊള്ളുന്നതത്രയും ഈശ്വരാംശംതന്നെയെന്ന അദ്വൈത സങ്കല്പത്തിന്റെ പൊരുളായി. ഈ ഈശ്വര- ഭക്ത വിലയനം അക്ഷരാർത്ഥത്തിൽ അനുഭവവേദ്യമാകുന്ന, തേടിച്ചെല്ലുന്ന തീർത്ഥാടകരിൽ ഓരോരുത്തരും ഈശ്വരൻ തന്നെയാകുന്ന സവിശേഷത, ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലല്ലാതെ ലോകത്ത് മറ്റൊരിടത്തുമില്ല. പ്രാർത്ഥനയിലും പരസ്പര സംബോധനയിലും 'അയ്യപ്പാ" എന്നൊരു വിളിയല്ലാതെ ശാസ്താവിന്റെ പൂങ്കാവനത്തിൽ മറ്റൊന്നില്ലല്ലോ. അവിടമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലും, സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയും നാളെ ആഗോള അയ്യപ്പ സംഗമത്തിന് വേദിയാകുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് എടുത്ത തീരുമാനമാണ്, തടസവാദങ്ങൾക്കും തർക്കങ്ങൾക്കും കോടതി വ്യവഹാരങ്ങൾക്കും ശേഷം നാളെ പമ്പാതീരത്ത് ഒരുക്കിയ പ്രത്യേക പന്തലുകളിൽ സാക്ഷാത്കരിക്കപ്പെടുന്നത്. അയ്യപ്പ സംഗമത്തിന് ആദ്യം രജിസ്റ്റർ ചെയ്ത 3000 പേരും, കൂടുതൽ തവണ വെർച്വൽ ക്യൂ വഴി ദർശനം നടത്തിയ 250 പേരും ഉൾപ്പെടെ ആകെ 3250 പേരാണ് പ്രതിനിധികളായി പങ്കെടുക്കുന്നത്. രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ എണ്ണം അധികൃതർ വെളിപ്പെടുത്താതിരിക്കുന്നത്, പമ്പയിൽ നടക്കുന്ന സംഗമത്തിൽ ഏതു പ്രായക്കാരായ സ്ത്രീകൾക്കും പങ്കെടുക്കാൻ അനുവാദമുണ്ടെന്നിരിക്കെ, അതിന്റെ പേരിൽ പുതിയൊരു വിവാദം വേണ്ടെന്നു വിചാരിച്ചാകാം. എന്തായാലും പതിനാറ് രാജ്യങ്ങളിൽ നിന്നുള്ള 500 പ്രതിനിധികൾ സംഗത്തിനുണ്ടാകും. ഒരു ഭക്തസംഗമം എന്നതല്ല, അയ്യപ്പ ഭക്തർക്ക് സൗകര്യപ്രദമായ തീർത്ഥാടനത്തിനും സുഗമദർശനത്തിനും കൂടുതൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട ആശയസ്വീകാരത്തിനുള്ള ആദ്യവേദി എന്ന നിലയിലാണ് ആഗോള അയ്യപ്പ സംഗമം ശ്രദ്ധേയവും മാതൃകാപരവുമാകുന്നത്.
2018-ലെ പ്രളയത്തിൽ ഒലിച്ചുപോയ രാമമൂർത്തി മണ്ഡപത്തിന്റെ സ്ഥാനത്താണ് മുപ്പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ, അയ്യപ്പസംഗമത്തിന്റെ മുഖ്യവേദി. ഇതിനു പുറമേ, സാകേതം ഓഡിറ്റോററിയം, ഹിൽടോപ്പിൽ ഒരുക്കിയിട്ടുള്ള പന്തൽ എന്നിവിടങ്ങളിലായാണ് അയ്യപ്പ സംഗമം. പ്രതിനിധികൾക്കുള്ള താമസം, ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെല്ലാം രണ്ടുദിവസം മുമ്പുതന്നെ പൂർത്തിയായിക്കഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രത്തിൽ ആദ്യമായി നടക്കുന്ന ഭക്തസംഗമമായതുകൊണ്ടുതന്നെ, ക്രമീകരണങ്ങളിൽ ചെറിയ പിഴവുപോലും വന്നുപെടാതെ ജാഗ്രത പുലർത്താൻ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെയും ദേവസ്വം അധികൃതരുടെയും ജില്ലാ കളക്ടറുടെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും സമർപ്പിത ശ്രദ്ധ ഇതുമായി ബന്ധപ്പെട്ട് തുടക്കംതൊട്ടേയുണ്ട്.
സംസ്ഥാന സർക്കാരിന്റെ സഹായത്തോടെയാണ് പരിപാടി എന്നതുകൊണ്ടും രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്ക് ഇടയുള്ളതുകൊണ്ടും അത്തരം ജാഗ്രതയും ഭരണപക്ഷം പുലർത്തുന്നത് അഭിനന്ദനാർഹമാണ്. ശബരിമല അറിയപ്പെടുന്നത് ഹൈന്ദവ തീർത്ഥാടന കേന്ദ്രമായല്ല, മതമൈത്രിയുടെ പവിത്രഭൂമിയായാണ്. അയ്യപ്പ സംഗമം തടസപ്പെടുത്താൻ പല മട്ടിലുള്ള ശ്രമങ്ങളും തുടക്കംതൊട്ടേ ഉണ്ടായിരുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ ഉൾപ്പെടെ ഉന്നയിച്ച് സുപ്രീംകോടതിയിൽപ്പോലും ഹർജികളെത്തി. പക്ഷേ, ഹൈക്കോടതി നിർദ്ദേശങ്ങൾ അനുസരിച്ചും ഉപാധികൾ പാലിച്ചും അയ്യപ്പസംഗമം നടക്കട്ടെ എന്ന നിലപാടാണ് ഏറ്റവും ഒടുവിൽ സുപ്രീം കോടതി സ്വീകരിച്ചത്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സജീവമായുള്ള വിവാദങ്ങളെ ആഗോള അയ്യപ്പ സംഗമവുമായി കൂട്ടിക്കെട്ടേണ്ടതില്ല. സംസ്ഥാനത്ത് ലോകമെങ്ങും നിന്ന് തീർത്ഥാടകർ എത്തുന്ന, ഏറ്റവും അധികം വരുമാനമുള്ള ക്ഷേത്രവുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങളിൽ ഭക്തരെക്കൂടി പങ്കാളികളാക്കാനുള്ള അപൂർവദൗത്യമായിത്തന്നെ അയ്യപ്പസംഗമത്തെ കാണണം. തീർത്ഥാടന കേന്ദ്രങ്ങളുടെ വികസന പ്രക്രിയയിൽ അയ്യപ്പസംഗമം പുതിയൊരു മാതൃകയാവുക തന്നെ ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |