കോൺക്ളേവ് എന്ന വാക്കും ഇടതുമുന്നണി സർക്കാരുമായി അഭേദ്യ ബന്ധമാണിപ്പോൾ. പോപ്പ് ഗ്രിഗറി പത്താമൻ 1274ൽ കണ്ടെത്തിയ ഈ വാക്ക് ഏറ്റവും കൂടുതൽ ഉപയോഗിച്ചതിനുള്ള ക്രെഡിറ്റ് ഇടതുമുന്നണി സർക്കാരിനായിരിക്കും. എന്തിനും ഏതിനും കോൺക്ളേവ് നടത്തുന്ന പിണറായി സർക്കാരിന് പ്രതിപക്ഷത്തിന്റെ ഒരു ശുപാർശ ഇന്നലെ നിയമസഭയിലുണ്ടായി. വിലക്കയറ്റ വിരുദ്ധ അന്താരാഷ്ട്ര കോൺക്ളേവ് നടത്തിക്കൂടേ സർ?
അടിയന്തരപ്രമേയങ്ങൾ ചർച്ചയ്ക്കെടുത്ത് പ്രതിപക്ഷത്തെ ഞെട്ടിക്കുന്നതാണ് സർക്കാരിന്റെ പുതിയ തന്ത്രം.
ഇന്നലെ വിലക്കയറ്റമാണ് അടിയന്തരചർച്ചയ്ക്കായി പ്രതിപക്ഷം കൊണ്ടുവന്നത്.രണ്ടുമണിക്കൂർ ചർച്ചയാകാമെന്ന് സ്പീക്കർ പറഞ്ഞപ്പോൾ പ്രതിപക്ഷം ഞെട്ടി.
വിഷമം പ്രതിപക്ഷ നേതാവ് മറച്ചുവെച്ചില്ല."ഞങ്ങളുടെ രണ്ട് അംഗങ്ങൾ സഭാകവാടത്തിൽ സത്യഗ്രഹമിരിപ്പുണ്ട്.തീർക്കാൻ ആരും ഒന്നുംചെയ്തില്ല".
കുന്നംകുളത്തെ പൊലീസ് മർദ്ദന വിവാദത്തിലെ പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സുനീഷ് കുമാറും അഷ്റഫും കവാടത്തിൽ സത്യഗ്രഹം തുടങ്ങിയിട്ട് മൂന്ന് ദിവസമായി.
വിലക്കയറ്റം സർക്കാരും അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ് ചർച്ചയ്ക്കുളള അനുമതിയെന്ന് വിഷയം അവതരിപ്പിച്ച വിഷ്ണുനാഥ് നിരീക്ഷിച്ചു. പത്തുരൂപയുടെ പപ്പടം കാച്ചാൻ 400രൂപയുടെ വെളിച്ചെണ്ണ വാങ്ങേണ്ട ഗതികേട്. പരിഹാരവും നിർദേശിച്ചു. അന്താരാഷ്ട്ര വിലക്കയറ്റ വിരുദ്ധ കോൺക്ളേവ് നടത്തുക. ഫ്ളാഗ് എൻഡിൽ കോൺക്ളേവ് നടത്തിയിട്ടെന്താണെന്നായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സംശയം.വിലക്കയറ്റത്തിന് കാരണം കേരളത്തിലെ കൂലിക്കൂടുതലാണെന്നാണ് വി.ജോയി കണ്ടെത്തിയത്. സ്വർണവില കത്തിക്കയറി പോകുന്നത് പ്രതിപക്ഷം കാണാത്തതെന്തേയെന്നാണ് യു.പ്രതിഭയുടെ പരാതി. വിലക്കയറ്റം സർക്കാരിന്റെ പിടിപ്പുകേടല്ലെന്നും എണ്ണവിലയും സ്വർണ്ണവിലയും കൂടിയിട്ടും അത് വാങ്ങികൂട്ടുന്ന മലയാളിയുടെ കുഴപ്പമാണെന്നും മന്ത്രി ജി.ആർ.അനിൽ.ചർച്ചയ്ക്കെടുത്ത 16 പ്രമേയങ്ങളിൽ നാലും വിഷ്ണുനാഥിന്റേതാണെന്ന് സ്പീക്കർ അഭിനന്ദിച്ചു.
സഭയിൽ ഇന്നലെ നിറഞ്ഞുനിന്നത് വർക്കല അംഗം വി.ജോയിയാണ്. വനംനിയമ ബിൽ,വിലക്കയറ്റ ചർച്ചകളിൽ സംസാരിച്ച ജോയി പ്രതിപക്ഷത്തെ നോവിക്കാൻ മറന്നില്ല.എ.കെ.ആന്റണിക്ക് ശിവഗിരിയുടെ പാപത്തിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്ന് പറഞ്ഞത് വി.ഡി.സതീശനെയും തിരുവഞ്ചൂർ രാധാകൃഷ്ണനെമെല്ലാം ചൊടിപ്പിച്ചു. ഇത് ശരിയല്ല വിഷയത്തിൽ ഒതുങ്ങിനിൽക്കണമെന്നായി സതീശൻ. വനം നിയമം വിഷയമായപ്പോൾ മാങ്കൂട്ടത്തിന്റെ ചാട്ടത്തെക്കുറിച്ചാണ് വി.ജോയി കൂടുതലും പറഞ്ഞത്.കാട്ടിലെ മാങ്കൂട്ടം പാവങ്ങളാണ്. നാട്ടിലെ മാങ്കൂട്ടങ്ങളാകട്ടെ അപകടകാരികളും. പ്രതിപക്ഷത്തിനും നടത്താം ഒരു ഗൈനക്കോളജി കോൺക്ളേവ്.
മൈക്ക് കിട്ടിയില്ലെങ്കിൽ ക്രമപ്രശ്നമുണ്ടെന്ന് പറഞ്ഞ് കൈപൊക്കുന്നവർക്ക് സ്പീക്കറുടെതാക്കീത്.പോയന്റ് ഓഫ് ഓർഡറുണ്ടെങ്കിൽ ഒരു പോയിന്റെങ്കിലും പറയണം.വെറുതെ പ്രസംഗിക്കരുത്. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടയിൽ എഴുന്നേറ്റ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിക്കും കിട്ടി സ്പീക്കറുടെ താക്കീത് -ഇവിടെ ഒരാൾ ഇരിക്കുന്നുണ്ടെന്ന് ഓർക്കണം."
#പിന്നാമ്പുറത്ത്
"സ്പൂണും നാരങ്ങയും" കളിയിൽ ജയിച്ചവർ തോറ്റവരെ കളിയാക്കരുത് എന്ന നിയമാവലി അവതരിപ്പിച്ച മൂന്നാം ക്ളാസുകാരൻ അഹാനെ ഇന്നലെ നിയമസഭാ മന്ദിരത്തിലേക്ക് വിളിച്ചുവരുത്തി സ്പീക്കർ ആദരിച്ചു.ഇത് ആരെയൊക്കെ ഉന്നംവച്ചാണെന്നാണ് സഭയിലെഅടക്കിപ്പിടിച്ച സംസാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |