ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ വോട്ട് മോഷണത്തിന് കൂട്ടുനിന്നെന്ന ഗുരുതര ആരോപണമുയർത്തി രാഹുൽ ഗാന്ധി വീണ്ടുമെത്തി. കേന്ദ്രീകൃത സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള വോട്ടുകൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും പറഞ്ഞു. അജ്ഞാത ഫോണുകളിൽ നിന്ന് മറ്റൊരു വ്യക്തിയുടെ പേരിൽ ലോഗിൻ ചെയ്താണ് നീക്കം ചെയ്യാനോ ഉൾപ്പെടുത്താനോ ആവശ്യപ്പെടുന്നത്.
കർണാടകയിലെ അലന്ദ്, മഹാരാഷ്‌ട്രയിലെ രജൂര അസംബ്ളി മണ്ഡലങ്ങളിലെ വോട്ട് മോഷണ ശ്രമം പുറത്തുവിട്ടായിരുന്നു എ.ഐ.സി.സി ആസ്ഥാനത്തെ വാർത്താസമ്മേളനം. സാധൂകരിക്കാൻ രണ്ടു വ്യക്തികളെയും വേദിയിലെത്തിച്ചു.
ഒ.ടി.പി അയച്ച ഉപകരണത്തിന്റെ ഡെസ്റ്റിനേഷൻ ഐ.പി ഉൾപ്പെടെ വിവരങ്ങൾ തേടി കമ്മിഷന് കർണാടക സി.ഐ.ഡി 18 കത്തയച്ചിട്ടും ഫലമുണ്ടായില്ല. വിവരങ്ങൾ ഒരാഴ്ചയ്ക്കകം നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. കോൺഗ്രസിന് വോട്ടുചെയ്യുന്ന പിന്നാക്ക, ദളിത് വോട്ടാണ് നീക്കാൻ ശ്രമം നടക്കുന്നത്. ഗ്യാനേഷ്‌കുമാറിന് എല്ലാം അറിയാം. ജനാധിപത്യത്തിന്റെ കൊലയാളികളെ സംരക്ഷിക്കുന്നെന്നും ആരോപിച്ചു.
കമ്മിഷനുള്ളിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും 'ഹൈഡ്രജൻ ബോംബ്" ഉടൻ പൊട്ടിക്കുമെന്നും അവകാശപ്പെട്ടു. ആരോപണം തിര. കമ്മിഷൻ തള്ളി. അമിത് ഷാ ഉൾപ്പെടെ ബി.ജെ.പി നേതാക്കൾ രാഹുലിനെതിരെ രംഗത്ത് വന്നു.
അലന്ദിൽ 6,018 വോട്ട്
നീക്കാൻ ശ്രമം
1. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അലന്ദിലെ 6,018 വോട്ടുകൾ നീക്കാനാണ് ശ്രമിച്ചത്. (കോൺഗ്രസിന്റെ ബി.ആർ പാട്ടീലാണ് ജയിച്ചത്).
2. അജ്ഞാത മൊബൈലിലേക്ക് ഒ.ടി.പി ലഭിക്കുന്ന വിധത്തിൽ സോഫ്‌റ്റ്‌വെയറുകളുടെ സഹായത്തോടെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ അപേക്ഷകൾ സമർപ്പിക്കുകയായിരുന്നു. വോട്ട് നഷ്‌ടമായ 83കാരി ഗോദബായി പ്രതികരിക്കുന്ന വീഡിയോയാണ് രാഹുൽ പുറത്തുവിട്ടത്.
3. സുര്യകാന്തിന്റെ ഫോണിൽ കടന്നുകയറി 12 പേരുകൾ റദ്ദാക്കാനുള്ള സന്ദേശം പോയി. കോൾ സെന്റർ കേന്ദ്രകരിച്ച് ശ്രമം നടന്നത് പുലർച്ചെ നാലിനാണ്. ബൂത്ത് ലെവൽ ഓഫീസർ പറഞ്ഞാണ് അറിഞ്ഞതെന്ന് സൂര്യകാന്ത് വെളിപ്പെടുത്തി. ബൂത്ത്ലെവൽ ഓഫീസറും സന്നിഹിതനായിരുന്നു.
രജൂരയിൽ ,6850
വോട്ട് ചേർക്കാൻ
രജൂരയിൽ 6,850 വോട്ടുകൾ ചേർക്കാനാണ് ശ്രമിച്ചത്. വ്യാജ മേൽവിലാസത്തിൽ വ്യാജ പേരുകൾ ഉൾപ്പെടുത്താനായിരുന്നു നീക്കം.
അലന്ദിൽ 5,994 അപേക്ഷ
തള്ളിയെന്ന് കമ്മിഷൻ
അലന്ദ് മണ്ഡലത്തിലെ വോട്ടർ പട്ടിക ക്രമക്കേടിൽ 2023 ഫെബ്രുവരിയിൽ തന്നെ നടപടിയെടുത്തെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണ കുറിപ്പിറക്കി. 6,018 പേരെ ഒഴിവാക്കാൻ മൊബൈൽ ആപ്പ് വഴിയാണ് അപേക്ഷ ലഭിച്ചത്. 24 അപേക്ഷകൾ സ്വീകരിച്ചു. 5,994 എണ്ണം തള്ളി. അലന്ദ് പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു. കർണാടക ചീഫ് ഇലക്‌ടറൽ ഓഫീസറും സംസ്ഥാന സൈബർ വിഭാഗവും സഹകരിച്ചാണ് നീങ്ങിയത്. ഇനിയും എന്തു സഹായത്തിനും തയ്യാറെന്നും കമ്മിഷൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |