തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ എസ്.ഐ.ഇ.ടി കനകക്കുന്നിൽ സംഘടിപ്പിച്ച കുട്ടികളുടെ സാഹിത്യോത്സവം 'അക്ഷരക്കൂട്ട് ' വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കാഴ്ചപരിമിതരായ ലക്ഷ്മി പ്രസൂണും ഫൈഹയും മന്ത്രിക്കൊപ്പം ചേർന്ന് തിരിതെളിച്ചു. കോഴിക്കോട് ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്‌കൂൾ പത്താംക്ലാസ് വിദ്യാർത്ഥി ലക്ഷ്മിയും കോഴിക്കോട് താമരശ്ശേരി കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി എസിലെ ഫൈഹയും ജന്മനാ കാഴ്ചപരിമിതരാണ്. സംസ്ഥാന സർക്കാരിന്റെ 2023 ലെ ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവായ ലക്ഷ്മിയുടെ ഓലക്കൊടി, ഫൈഹയുടെ ബാല്യത്തിൻ മൊട്ടുകൾ എന്നീ കവിതാസമാഹാരങ്ങൾ സാഹിത്യോത്സവത്തിലുണ്ട്.
കുട്ടികളുടെ തിരഞ്ഞെടുത്ത 200 രചനകൾ
സൗജന്യമായി പ്രസിദ്ധീകരിക്കും മന്ത്രി
കുട്ടികളുടെ തിരഞ്ഞെടുത്ത 200 പുസ്തകങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും സൗജന്യമായി പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അക്ഷരക്കൂട്ട് എല്ലാ വർഷവും സംഘടിപ്പിക്കും. അടുത്തവർഷം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളെയും ക്ഷണിക്കും. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് വായനയ്ക്ക് ഈ വർഷം മുതൽ പത്തുമാർക്ക് ഗ്രേസ് മാർക്കായി നൽകുമെന്നും മന്ത്രി പറഞ്ഞു.
താമരക്കുളം വി.വി.എച്ച്.എസ്.എസ് അഞ്ചാംക്ലാസ് വിദ്യാർത്ഥിനി ഭവികാ ലക്ഷ്മി സ്വാഗതം പറഞ്ഞു. കാസർകോട് ചീമേനി ജി.എച്ച്.എസ് വിദ്യാർത്ഥി ദേവാനന്ദ് അദ്ധ്യക്ഷനായി.
എഴുത്തുകാരായ പ്രഭാവർമ, ജോർജ് ഓണക്കൂർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ്, സ്റ്റേറ്റ് റിസോഴ്സ് സെന്റർ ഡയറക്ടർ പി. പ്രമോദ്,എസ്.സി.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ്, സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലീന എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |