തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ പി.എ, സെക്ഷൻ ഓഫീസർ എന്നിവരെ സ്ഥലം മാറ്റാൻ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ഉത്തരവ് നൽകി. ഡോ.അനിൽകുമാർ സസ്പെൻഷനിലായ ശേഷം രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന ഡോ. മിനി കാപ്പൻ ഒപ്പിട്ട് നൽകിയ സർട്ടിഫിക്കറ്റുകളിൽ സീൽ പതിക്കാൻ ഇവർ വിസമ്മതിച്ചിരുന്നു. ഇതുകാരണം നിരവധി വിദ്യാർത്ഥികൾക്ക് ഉപരിപഠനം നഷ്ടപ്പെട്ടതായി പരാതിയുണ്ടായി. ഇതേ തുടർന്നാണ് സ്റ്റാഫ് അംഗങ്ങളെ മാറ്റിയത്.
വൈസ് ചാൻസലറുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടും സർട്ടിഫിക്കറ്റുകളിൽ ഇവർ സീൽ പതിക്കാൻ തയ്യാറായിരുന്നില്ല. സിൻഡിക്കേറ്റ് അംഗങ്ങളുടെ നിർദ്ദേശമുണ്ട് എന്നായിരുന്നു കാരണം പറഞ്ഞിരുന്നത്. വിദ്യാർത്ഥികളുടെ പഠനാവസരം നഷ്ടമാക്കിയവരെ സസ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്നും തത്കാലം സ്ഥലം മാറ്റുന്നതേയുള്ളൂ എന്നുമുള്ള നിലപാടിലാണ് വൈസ് ചാൻസലർ. രജിസ്ട്രാറുടെ സീൽ സർവകലാശാലയുടേതാണെന്നും അത് തിരികെ നൽകണമെന്നും രേഖാമൂലം നിർദ്ദേശിച്ചിട്ടും ജീവനക്കാർ തയ്യാറായിരുന്നില്ല. അതേസമയം, ജീവനക്കാരുടെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ചും ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും സി.പി.എം നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനിലെ അംഗങ്ങൾ വൈസ് ചാൻസലറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |