വിഴിഞ്ഞം: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ചു.വീട്ടിലേക്ക് തീ പടർന്നെങ്കിലും ഫയർഫോഴ്സെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി.ബുധനാഴ്ച രാത്രി 12.30 ഓടെ പുഞ്ചക്കരി വാർഡ് പേരകം ജംഗ്ഷൻ ടി.സി 57/2261 രെഞ്ചു വിഹാറിലെ വാടക വീട്ടിലായിരുന്നു സംഭവം.
പിണങ്ങി മാറി കഴിഞ്ഞിരുന്ന ഭർത്താവ്,ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലെത്തി നടത്തിയ വഴക്കിനൊടുവിലാണ് വാഹനങ്ങൾക്ക് തീയിട്ടതെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.
ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശരണ്യയുടെ പരാതിയെ തുടർന്ന് ഭർത്താവ് തിരുവല്ലം സ്വദേശി ശങ്കറിനെ(35) അറസ്റ്റ് ചെയ്‌തതായി തിരുവല്ലം എസ്.എച്ച്.ഒ ജെ.പ്രദീപ് പറഞ്ഞു.ശങ്കർ വീടിന് തീയിട്ടതായി ശരണ്യയാണ് പൊലീസിനെ അറിയിക്കുന്നത്.തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.
പേപ്പർ ബുക്ക്ലൈറ്റുകൾ വാഹനത്തിന് സമീപം കൂട്ടിയിട്ടാണ് ഇയാൾ തീ കത്തിച്ചതെന്ന് ഫയർഫോഴ്സ് പറഞ്ഞു.ജീപ്പും കാറുമാണ് കത്തിനശിച്ചത്. അടുത്തുണ്ടായിരുന്ന സ്കൂട്ടറിലും സൈക്കിളിലും ചെറുതായി തീ പടർന്നെങ്കിലും ഫയർഫോഴ്സ് കെടുത്തി.വീടിന്റെ ഹാളിലെ ബുക്ക് ഷെൽഫിലേക്കും തീ പടർന്ന് ഫർണിച്ചറുകളും വസ്ത്രങ്ങളും കത്തി. ഏകദേശം10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് പറഞ്ഞു. തീ ആളിക്കത്തി വാഹനങ്ങൾ പൊട്ടിത്തെറിക്കുന്ന അവസ്ഥയിലായിരുന്നെന്നും,ഒരു മണിക്കൂറിലേറെ ശ്രമഫലമായാണ് തീയണച്ചതെന്നും വിഴിഞ്ഞം ഫയർഫോഴ്സ് പറഞ്ഞു.സ്‌റ്റേഷൻ ഓഫീസർ പ്രമോദിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാജേഷ്,ജിനേഷ്,സന്തോഷ് കുമാർ,രാജേഷ്, സനൽ,രതീഷ്,ഹോംഗാർഡ് സുനിൽ എന്നിവർ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ തിരുവല്ലം പൊലീസ് പിടികൂടി.ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രതിയെ ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നടപടികൾ പൂർത്തിയാക്കി ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |