തിരുവനന്തപുരം: ദിവസം നാലു മണിക്കൂർ വരെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി സ്കൂൾ വിദ്യാർത്ഥികൾ. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സാഹിത്യോത്സവം അക്ഷരക്കൂട്ടിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.വാസുകിയുമായി നടന്ന സംവാദത്തിലാണ് കുട്ടികളുടെ തുറന്നുപറച്ചിൽ. അച്ഛനും അമ്മയും ഫോൺ തരാത്തതിനാൽ കുറച്ച് സമയമേ നോക്കാറുള്ളൂ എന്നായി ചിലർ.
ടെക്‌നോളജിയുടെ വളർച്ച നല്ലതാണോ ചീത്തയാണോ എന്ന വാസുകിയുടെ ചോദ്യത്തിന് എല്ലാത്തിനും ടെക്നോളജിയെ ആശ്രയിക്കുന്നത് ചിന്താശേഷിയും ഓർമ്മശക്തിയും ഏകാഗ്രതയും നഷ്ടപ്പെടുത്തുമെന്ന് ചിലരുടെ മറുപടി. ടെക്നോളജിയുടെ ഗുണദോഷങ്ങൾ തീരുമാനിക്കുന്നത് ഉപയോഗിക്കുന്നവരാണെന്നായിരുന്നു മറുഭാഗത്തിന്റെ വാദം.
ഡിജിറ്റൽ എക്സ്‌പോഷർ വന്നശേഷം ഇമോഷണൽ ഇന്റലിജൻസ് കുറയുന്നതായി വാസുകി അഭിപ്രായപ്പെട്ടു.തങ്ങളുടെ തലമുറ കൂട്ടുകാർക്കൊപ്പം കളിക്കാനായി മൂന്ന് കിലോമീറ്റർ അപ്പുറം വരെ സൈക്കിളിൽ പോയിരുന്നു. ഇപ്പോൾ സ്കൂളിൽ നിന്നെത്തിയാൽ കൂട്ടുകാർക്കൊപ്പം കളിക്കുന്ന എത്ര കുട്ടികളുണ്ട്. കുട്ടികളെ പുറത്തേക്കയയ്ക്കാൻ മാതാപിതാക്കൾ ഭയപ്പെടുന്ന തരത്തിലേക്ക് സാമൂഹ്യസ്ഥിതിയും മാറി.
ആണുങ്ങൾ കുടുംബചുമതലയും പെണ്ണുങ്ങൾ സമൂഹത്തിന്റെ ചുമതലയും കൂടുതലായി ഏറ്റെടുക്കണം. ആൺകുട്ടികൾ അടുക്കളയിൽ അമ്മയെ സഹായിക്കണമെന്നും വാസുകി കുട്ടികളെ ഓർമ്മിപ്പിച്ചു.
സാഹിത്യോത്സവത്തിന്റെ ആദ്യദിനത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ ഡോ.പി.കെ രാജശേഖരൻ, കവി പി.രാമൻ, കെ.വി മോഹൻകുമാർ, സലിൻ മാങ്കുഴി, എസ്.ആർ.ലാൽ, എം.എം.സജീന്ദ്രൻ, പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി രാഹുൽ.ആർ, കെ.ജി.സൂരജ്, സുജ സൂസൻ ജോർജ്, എം.എം സചീന്ദ്രൻ, കനിമോൾ, ഉമ തൃദീപ്, ഡോ.ബീന, രേഖ ആർ.താങ്കൾ, കേന്ദ്രസാഹിത്യ അക്കാഡമി അംഗം വി.എസ്. ബിന്ദു, പി.എം. നാരായണൻ തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |