തിരുവനന്തപുരം: 33 വർഷങ്ങൾക്ക് ശേഷം വേദിയിൽ ചിലങ്കകെട്ടി 56കാരിയായ നൃത്താദ്ധ്യാപിക സുജ. ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന നൃത്താർച്ചനയിലാണ് കല്ല്യാണത്തെ തുടർന്നുണ്ടായ വലിയ ഇടവേളയ്ക്ക് ശേഷമുള്ള ഈ മടങ്ങിവരവ്.
നൃത്താർച്ചനയിൽ മരുമക്കളായ രോഷ്നി, ശ്രുതി, ചെറുമകൾ ശ്രീരത്ന എന്നിവരും ചുവടുവച്ചത് ഇരട്ടി മധുരമായി. വേദിയിൽ സുജ മോഹിനിയാട്ടം അവതരിപ്പിച്ചപ്പോൾ മരുമക്കൾ അവതരിപ്പിച്ചത് ഭരതനാട്യമാണ്. സുജ നയിക്കുന്ന ഭരതാഞ്ജലി നൃത്തവിദ്യാലയത്തിലെ കുട്ടികൾക്കൊപ്പം ചെറുമകൾ 3 വയസുകാരി ശ്രീരത്നയും വേദിയിലെത്തി. സുജ തന്നെയാണ് എല്ലാവരുടെയും ഗുരു. മരുമക്കൾക്ക് ചുവടുകളുടെ ബാലപാഠങ്ങൾ മുതൽ പറഞ്ഞുനൽകി ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തി. 5 വയസുമുതൽ നൃത്തം അഭ്യസിച്ചുതുടങ്ങിയതാണ് സുജ. പല ഗുരുക്കന്മാർക്ക് കീഴിലായി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങി നൃത്തയിനങ്ങൾ അഭ്യസിച്ചു. പഠനകാലയളവിൽ സംസ്ഥാന തലത്തിൽ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. മുട്ടട സ്വദേശിയായ സുജ 25 വർഷമായി വീട്ടിൽ നൃത്തവിദ്യാലയം നടത്തിവരുന്നു.ഭർത്താവ് ഡി.കൃഷ്ണകുമാർ സഹകരണ വകുപ്പിലെ റിട്ടയേർഡ് അഡീഷണൽ രജിസ്ട്രാറാണ്. മക്കൾ: ഹരികൃഷ്ണൻ,വിഷ്ണു കൃഷ്ണൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |