തിരുവനന്തപുരം: നഗരത്തിന്റെ ഹൃദയഭാഗമായ തമ്പാനൂരിൽ ഒരു വർഷത്തിലേറെയായി ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു.തമ്പാനൂർ ന്യൂ തിയേറ്ററിന് പിറകുവശം ഡോൺബോസ്കോ റോഡിൽ എ.എം.യു.എസ് ഹോസ്റ്റലിന് സമീപം ഈസ്റ്റ് തമ്പാനൂർ റസിഡന്റ്സ് അസോസിയേഷനിലെ 304, 305 നമ്പർ വീടിനു മുന്നിലാണ് ഈ പ്രശ്നം. ഒരു വർഷത്തിനിടെ മൂന്ന് നാല് പ്രാവശ്യം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ശാശ്വതമായ പരിഹാരമുണ്ടായില്ല. ടയർ കെട്ടിയോ പ്ലാസ്റ്റിക് കവർ മൂടിയോ താത്കാലിക പരിഹാരം കാണും. എന്നാൽ അത് രണ്ടോ മൂന്നോ ദിവസം മാത്രമേ പിടിച്ചു നിൽക്കാറുള്ളൂ. പിന്നെയും പൈപ്പ് പൊട്ടി വെള്ളം ഒഴുകിത്തുടങ്ങും.
നിരവധി കാൽനടയാത്രക്കാരാണ് ഇതുവഴി പോകുന്നത്. പൈപ്പ് പൊട്ടിയൊഴുകുന്നതിനാൽ ഇവരും ദുരിതത്തിലാണ്.കൂടാതെ, അഞ്ച് മാസം മുൻപ് ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി റോഡിൽ കുഴിച്ച പൈപ്പിടൽ പ്രവർത്തനങ്ങൾ കൂടി നിലച്ചതോടെ അതിലും വെള്ളം കെട്ടിനിൽക്കുകയാണ്.
പ്രദേശത്തെ പൊട്ടിയ പൈപ്പിന്റെ പ്രശ്നം പരിഹരിച്ചതാണ്. അവസാനമായി ഞങ്ങൾക്ക് പരാതി ലഭിച്ചത് ജൂലായ് 8നും ജൂലായ് 10നും ഇടയ്ക്കാണ്.അന്നുതന്നെ പൈപ്പ് ശരിയാക്കി.അതിന് ശേഷമുള്ള ചോർച്ചയെക്കുറിച്ച് ഞങ്ങൾക്ക് വീണ്ടും വിവരം ലഭിച്ചിട്ടില്ല.
വാട്ടർ അതോറിട്ടി അധികൃതർ
സിറ്റിയുടെ നഗരഭാഗത്ത് താമസിച്ചിട്ടും ഞങ്ങൾ ദുരിതത്തിലാണ്.എന്റെ വീട്ടിൽ ഞാനും ഭർത്താവും മാത്രമാണ്. ഭർത്താവ് അഞ്ച് സർജറികൾ കഴിഞ്ഞ വ്യക്തിയാണ്. അദ്ദേഹത്തെ ഡോക്ടർ ദിവസേന രണ്ടുനേരം നടക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും റോഡിൽ മുഴുവൻ വെള്ളവും ചെളിയും കാരണം നടക്കാൻ പറ്റുന്നില്ല.പലതവണ പരാതി നൽകിയിട്ടും പരിഹാരമൊന്നും ഉണ്ടായിട്ടില്ല.വാട്ടർ അതോറിട്ടിയെ വിളിച്ചാൽ പൈപ്പ് ദ്രവിച്ചു പോയെന്നാണ് പറയുന്നത്.
ഉഷാ ആനന്ദ്,പ്രദേശവാസിയും എഴുത്തുകാരിയും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |